Hot, കഥ, പുതിയ വാർത്തകൾ

“വിശുദ്ധ പശു” അൻപത് വർഷങ്ങൾക്ക് മുൻപ് കമലാസുരയ്യ എഴുതിയ കഥ വീണ്ടും വായിക്കപ്പെടുന്നു

(www.k-onenews.in) കാലത്തിനോടിപ്പമല്ല, കാലത്തിന് മുന്നേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാർ എന്ന് പറയാറുണ്ട്. ലോകപ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ (മാധവിക്കുട്ടി) കാര്യത്തിൽ അത് തീർത്തും ശെരിയായിരുന്നു. തന്റെ ചുറ്റുപാടുകളെക്കുറിച്ചും സഹജീവികളെക്കുറിച്ചും ഒരുപിടി നല്ല കഥകളും നോവലുകളും കവിതകളും എഴുതിയവരായിരുന്നു അവർ.

അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ചെറുകഥയാണ് “വിശുദ്ധ പശു”. ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ തീവ്ര വലതുപക്ഷ ശക്തികൾ അധികാരത്തിൽ വന്ന ശേഷമുള്ള സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പ്രസക്തമാവുകയാണ് ഈ കഥ. പശുക്കളുടെ പേരിൽ മനുഷ്യ ജീവനുകൾ ബാല കഴിക്കപ്പെടുന്ന ഈ കാലം 1968 ൽ കമലാസുരയ്യ മുൻകൂട്ടി കണ്ടു എന്നു വേണം പറയാൻ. ഓരോരുത്തരും വായിച്ചിരിക്കേണ്ട ആ കഥ:

വിശുദ്ധ പശു

ഒരു ദിവസം ഒരു കുട്ടി റോഡിന്‍റെവശത്തുള്ള കുപ്പത്തൊട്ടിയില്‍നിന്ന് പഴത്തൊലി പെറുക്കിതിന്നുമ്പോള്‍ ഒരുപശു അവന്‍റെയടുക്കല്‍വന്ന് ഒരുപഴത്തോല്‍ കടിച്ചുവലിച്ചു. കുട്ടിക്ക് സങ്കടംതോന്നി. അവന്‍ പശുവിനെതള്ളിനീക്കി. പശുഉറക്കെകരഞ്ഞുകൊണ്ട് റോഡില്‍ക്കൂടി ഓടി.

സന്യാസിമാര്‍ ഉടന്‍പ്രത്യക്ഷപ്പെട്ടു.

വിശുദ്ധമൃഗമായപശുവിനെ നീയാണോ ഉപദ്രവിച്ചത്? അവര്‍ കുട്ടിയോട് ചോദിച്ചു. ‘ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാന്‍ അതിനെ ഓടിച്ചതാണ്.’

നിന്‍റെ മതമേതാണ്? സന്യാസിമാര്‍ ചോദിച്ചു.

‘മതം? അതെന്താണ്?’ കുട്ടി ചോദിച്ചു.

‘നീ ഹിന്ദുവാണോ? നീ മുസ്ലീമാണോ? നീ ക്രിസ്ത്യാനിയാണോ? നീ അമ്പലത്തില്‍ പോവാറുണ്ടോ? പള്ളിയില്‍ പോവാറുണ്ടോ?’

‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു.

‘അപ്പോള്‍ നീ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നില്ലേ?’ അവര്‍ ചോദിച്ചു.

‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു. ‘എനിക്ക് കുപ്പായമില്ല. ട്രൌസറിന്‍റെ പിറകുവശം കീറിയിരിക്കുന്നു.’

സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു.

‘നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു.’ അവര്‍ പറഞ്ഞു.

‘നിങ്ങള്‍ ആ പശുവിന്‍റെ ഉടമസ്ഥരാണോ?’ കുട്ടി ചോദിച്ചു.
സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത്ഞ്ഞരിച്ച്‌, അവനെ കൊന്ന്, ആ കുപ്പത്തൊട്ടിയില്‍ ഇട്ടു.

സന്യാസിമാര്‍: ‘ഓം നമശ്ശിവായ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ.’

Previous ArticleNext Article