Hot, കേരളം, ജില്ലാ വാര്‍ത്തകള്‍

ഡോ.ഹാദിയ കേസ്; ഹൈക്കോടതി മാര്‍ച്ചിനെതിരായ പോലീസ് അതിക്രമം പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: (www.k-onenews.in) ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിഷേധിക്കുവാനുള്ള ജനങ്ങളുടെ അവകാശം ജനാധിപത്യപരമാണ്. നീതി വിധിക്കേണ്ട കോടതികള്‍ പക്ഷപാതപരമാകുന്നത് ജനാധിപത്യത്തെയാണ് ദുര്‍ബലപ്പെടുത്തുക. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കാത്തതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ വിധിയാണ് ഹാദിയ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. നീതിയുക്തമല്ലാത്ത കോടതി വിധിയില്‍ പ്രതിഷേധിക്കുവാനുള്ള ജനാധിപത്യപരമായ അവകാശത്തെയാണ് ബലം പ്രയോഗിച്ച് പോലീസ് അടിച്ചൊതുക്കാന്‍ നോക്കിയത്.

നീതിനിഷേധത്തിനെതിരായ അവസരോചിത പ്രതിഷേധമാണ് മുസ്‌ലിം ഏകോപന സമിതി സംഘടിപ്പിച്ചിരുന്നത്. അസഹിഷ്ണുതയോടെ മാര്‍ച്ചിനെ സമീപിക്കുകയും ക്രൂരമായി നേരിടുകയുമാണ് പോലീസ് ചെയ്തത്. വിശുദ്ധ റമദാന്‍ മാസത്തില്‍ വൃതമെടുത്ത വിശ്വാസികളോടാണ് പോലീസ് അതിക്രമം കാണിച്ചിട്ടുള്ളത്. ആഭ്യന്തവകുപ്പ് ഇത് ഗൗരവത്തിലെടുക്കണം.

തെരുവിലിറങ്ങാനും പ്രതിഷേധിക്കുവാനുമുള്ള ജനാധിപത്യാവകാശങ്ങളെ അടിച്ചമര്‍ത്താനാണ് പോലീസിന്റെ ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അബ്ദുല്‍ സത്തര്‍ മുന്നറിയിപ്പ് നല്‍കി. മുസ്‌ലിം ഏകോപന സമിതി നടത്തുന്ന ജനാധിപത്യപരമായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് പുന്തുണ അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു..

Previous ArticleNext Article