Hot, ദേശീയം, പുതിയ വാർത്തകൾ

ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത മദ്രാസ് ഐഐടി ഗവേഷണ വിദ്യാർത്ഥിക്ക് എബിവിപിയുടെ ക്രൂരമർദ്ദനം; ബീഫ് കഴിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം: നടപടിയെടുക്കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് പിണറായി

ചെന്നൈ: (www.k-onenews.in) മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിൽ പങ്കെടുത്തതിന് ഗവേഷണ വിദ്യാർത്ഥിക്ക് എബിവിപി വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ഐഐടിയിലെ പിഎച്ച്ഡി വിദ്യാർത്ഥി ആർ സൂരജിനാണ് മർദ്ദനമേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ സൂരജിനെ അടുത്തുള്ള കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മെസ്സിൽ ഉച്ചയൂണ് കഴിച്ചുകൊണ്ടിരിക്കെയാണ്ഒരു സംഘം എബിവിപി പ്രവർത്തകർ സൂരജിനെ ആക്രമിച്ചത്. ആക്രമണത്തിനു ശേഷം വധഭീഷണിയും മുഴക്കിയാണ് ഇവർ മടങ്ങിയത്.

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെതിരെ മദ്രാസ് ഐഐടിയില്‍ വീണ്ടും  ബീഫ് കഴിച്ചുകൊണ്ടാണ് നൂറുകണക്കിന് മലയാളികള്‍ അടക്കമുളള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബീഫ് ഫെസ്റ്റിനിടെ മലയാളിയായ സൂരജ് എന്ന എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് പിഎച്ച്ഡി വിദ്യാര്‍ത്ഥിക്കെതിരെ ആക്രമണമുണ്ടായതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു.

സൂരജിന് നേരിട്ട ആക്രമണത്തിനുമേല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഫ് കഴിച്ചുവെന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കഴിക്കുവാനുമുളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ച് തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് തന്നിട്ടുളള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞദിവസം രാത്രിയാണ് ഐഐടി ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനായ സൂരജ് സമരത്തില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തില്‍ ആകെ 50ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് ഉത്തരേന്ത്യക്കാരായ എബിവിപി പ്രവര്‍ത്തകരുടെ സംഘം സൂരജിനെ മര്‍ദിക്കുന്നത്. വലതുകണ്ണിന് ഗുരുതരമായി പരുക്കേറ്റ സുരജ് ആശുപത്രിയിലാണ്. ആക്രമികള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്യാംപസിലെ എബിവിപി നേതാവായ മനീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി.ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി സൂരജ് പറഞ്ഞു.

Previous ArticleNext Article