Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ഗവ. പ്ലീഡര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ഡോ:ഹാദിയയുടെ ഭർത്താവ്‌ ഷെഫിൻ ജഹാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: (www.k-onenews.in)
ഡോ: ഹാദിയയ്‌ക്കെതിരെയുള്ള ഹേബിയസ് കോര്‍പസ് കേസില്‍ ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ പി.നാരായണന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
ഇന്നലെ വൈകീട്ട് മൂന്നോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി സമര്‍പ്പിച്ചത്.
കോടതി ഉത്തരവുപ്രകാരം അന്വേഷണം നടത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപോര്‍ട്ടും കേസ് സംബന്ധിച്ച മൂന്നു റിപോര്‍ട്ടുകളും പി നാരായണന്റെ മുമ്പിലുണ്ടായിട്ടും ഇവകളെ ബോധപൂര്‍വം അവിശ്വസിക്കുകയും തള്ളിക്കളയുകയുമായിരുന്നു. കേസില്‍ ഹരജിക്കാരന് വേണ്ടി ഹാജരായ സംഘപരിവാര്‍ അഭിഭാഷകന്റെ ആരോപണങ്ങളെയും ദുര്‍വാദങ്ങളെയും ശരിവയ്ക്കുകയും ഗൂഢാലോചന നടത്തി കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാനും ഗവ. പ്ലീഡര്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മൗലികാവകാശങ്ങളെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടുള്ള വിധിന്യായം പുറപ്പെടുപ്പിക്കപ്പെട്ട ദിവസം ചിരിച്ച മുഖത്തോടെ സ്ഥലകാല ബോധമില്ലാതെ ഓടിവന്ന് ആര്‍എസ്എസ് വക്കീലിന് ഹസ്തദാനം ചെയ്യുകയും തള്ള വിരല്‍ ഉയര്‍ത്തിക്കാട്ടി പി നാരായണന്‍ ആഹ്ലാദം പങ്കിടുന്നതും കോടതി വരാന്തയില്‍ തനിക്ക് കാണാന്‍ സാധിച്ചു. ഇക്കാര്യം ഹൈക്കോടതി വരാന്തയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കുന്ന റിപോര്‍ട്ടുകളും രേഖകളും ആധാരമാക്കുകയും അവലംബിക്കുകയും ചെയ്ത് സത്യം കോടതിയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ നിര്‍ലജ്ജം പക്ഷം ചേരുന്നത് ഭരണഘടന വിരുദ്ധവും ഉത്തരവാദിത്തങ്ങളില്‍ ബോധപൂര്‍വം വീഴ്ചവരുത്തലുമാണ്. ഇത്തരം ആളുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കരിനിഴല്‍ വീഴ്ത്തുകയും കോടതികളുടെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഒമാനില്‍ ജോലി ചെയ്തുവരവെ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യത്തിലൂടെയാണ് ഹാദിയയെ കഴിഞ്ഞ ഡിസംബറില്‍ ഇസ്്‌ലാമിക ശരീഅത്തും ഇന്ത്യന്‍ നിയമവുമനുസരിച്ച് വിവാഹം കഴിക്കുന്നത്. ഹാദിയയുടെ അച്ഛന്‍ 2016 ജനുവരിയില്‍ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ച ഹേബിയസ് കോര്‍പസ് റിട്ടില്‍ ഹാദിയയെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ച് ഹരജി തീര്‍പ്പാക്കിയിരുന്നു. പിന്നീട് ആഗസ്തില്‍ അച്ഛന്‍ രണ്ടാമതും ബോധിപ്പിച്ച ബേബിയസ് കോര്‍പസ് കേസില്‍ 35 ദിവസത്തെ ഹോസ്റ്റല്‍ തടവറയ്ക്ക് ശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹാദിയയെ സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെയും ഹാദയയുടെയും വിവാഹം നടന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വീണ്ടും കഴിഞ്ഞ ഡിസംബര്‍ 21ന് താനുമൊത്ത് ഹാദിയ ഹാജരായപ്പോള്‍ ഹൈക്കോടതി വിവാഹത്തില്‍ ദുരൂഹത ആരോപിക്കുകയും ഹാദിയയെ വീണ്ടും ഹോസ്റ്റലിലേക്ക് അയക്കുകയും വിവാഹത്തെക്കുറിച്ചും തന്നെക്കുറിച്ചും അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മോഹനചന്ദ്രനോട് നിര്‍ദേശിക്കുകയുമാണുണ്ടായതെന്ന് ഷഫിൻ വ്യക്തമാക്കുന്നു.

Previous ArticleNext Article