Hot, കേരളം, പുതിയ വാർത്തകൾ, ലേഖനം, ഹെല്‍ത്ത്

“ഹിജാമ തെറാപ്പിയെക്കുറിച്ച്‌ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുണ്ട്”‌, ഡോ:അബ്ദുൽ വഹാബിന്റെ മറുപടി പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

ഡോ:അബ്ദുൽ വഹാബ്‌ മെഡിസിന
ഡോ:അബ്ദുൽ വഹാബ്‌ മെഡിസിന

(www.k-onenews.in)

ഹിജാമ: വിമർശനങ്ങൾക്ക് മറുപടി

രാജ്യത്ത് മോഡേൺ മെഡിസിനു പുറമെ അംഗീകാരം ലഭിച്ചിട്ടുള്ള ചികിത്സകളാണ് യുനാനി, ആയുവ്വേദം, ഹോമിയോ, പ്രകൃതി ചികിത്സ, സിദ്ധ, സോവ റിഗ്പ എന്നിവ.
മോഡേൻ മെഡിസിനും മറ്റു ബദൽ ചികിത്സകളും തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തെത് എവിഡൻസ് ബേസ്ഡ് ആണ് അതായത് ശാസ്ത്രീയമാണ് എന്നതാണ്. എന്നാൽ ബദൽ ചികിത്സകൾ ഓരോന്നും അവ രൂപപ്പെട്ട കാലത്തെ സിദ്ധാന്തങ്ങളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിലാണ് ഫങ്ങ്ഷൻ ചെയ്യുന്നത്.
അതിനാൽ മേഡേൺ മെഡിസിന്റെ അളവുകോലു വെച്ച് ഇതര വൈദ്യശാസ്ത്ര മേഖലകളെ വിലയിരുത്തുന്നത് മണ്ടത്തരമാണ്.

എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്കനുസരിച്ച് അവയുടെ സാധ്യമായ മേഖലകൾ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
ഹിജാമയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ അബദ്ധം എന്താണെന്നു വെച്ചാൽ അത് ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകൊണ്ട് നോക്കുക മാത്രമല്ല, ഹിജാമയെ കുറിച്ച് ഇല്ലാത്ത വാദങ്ങൾ ഉണ്ടെന്നു വരുത്തി അതിനെ വിമർശിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും ഉപയോഗിച്ചത്.

ഹിജാമ = അശുദ്ധ രക്തം ഒഴുക്കൽ 😀

ഹിജാമ എന്നാൽ അശുദ്ധ രക്തം ഒഴുക്കിക്കളയുന്ന പരിപാടിയാണെന്ന വാദമുഖം സൃഷ്ടിച്ചെടുത്താണ് ദീർഘമായ വിമർശന പോസ്റ്റ് തയ്യാറാക്കായിരിക്കുന്നത്. ഹിജാമയെ കുറിച്ച് അങ്ങനെ ഏത് ആധികാരിക ഗ്രന്ഥത്തിലാണ് ഹേ നിങ്ങൾ വായിച്ചത്?

പാരസെറ്റമോൾ കുഷ്ഠത്തിന് മരുന്നാണെന്നു പറഞ്ഞ് ആരെങ്കിലും കച്ചവടം ചെയ്താൽ അലോപ്പതി വിരുദ്ധർ ഒന്നാകെ അലോപ്പതിയുടെ ചൂഷണം കണ്ടില്ലേ എന്നും പറഞ്ഞ് പാരസെറ്റമോളിന്റെ പ്രവർത്തന രീതികൾ വിശദീകരിച്ച് അത് ഒരു നിലക്കും കുഷ്ഠത്തിന് ഫലപ്രദമെല്ലെന്ന് സമർത്ഥിക്കുകയും ഇത്തരം തട്ടിപ്പുകൾ പ്രചരിപ്പിക്കുന്ന മോഡേൺ മെഡിസിൻ ശുദ്ധ തട്ടിപ്പാണെന്നും പറഞ്ഞാൽ എങ്ങനെയുണ്ടാകും?
ഇൻഫോ ക്ലിനിക്കിന്റെ ഹിജാമ യുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ ആദ്യഭാഗം വൻ തോൽവിയാകുന്നത് അവിടെയാണ്. ദുരന്തമാകുന്ന ശേഷിക്കുന്ന ഭാഗങ്ങളിലേക്കൊക്കെ വരുന്നുണ്ട്; ക്ഷമി.

എന്താണ് ഹിജാമ?

യുനാനി ചികിത്സയിലെ Regimenal therapy വിഭാഗത്തിൽപ്പെട്ട ഒരു ചികിത്സ എന്ന നിലയിലാണ് ഹിജാമയെക്കുറിച്ച് നിലവിലുള്ള അംഗീകരിക്കപ്പെട്ട വൈദ്യശാസ്ത്ര സിലബസ്സിൽ പഠിക്കാനുള്ളത്. അപ്രകാരം ഹിജാമ നിരവധി രോഗങ്ങളിൽ പ്രയോഗിക്കാവുന്ന ഒരു തെറാപ്പ്യൂട്ടിക് പ്രൊസീജറാണ്. യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ അൽഖാനൂൻ ഫിത്തിബ് (Cannon of Medicine by Avicenna) ൽ 37 തരം രോഗങ്ങൾക്ക് ഹിജാമ ഫലപ്രദമാണ് എന്ന് വിശദീകരിക്കുന്നുണ്ട്.

ഹിജാമ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?

യുനാനിയിലെ രോഗ ചികിത്സ തത്വങ്ങളിലൊന്നായ Estefrag & Imala എന്ന ആവശ്യത്തിനാണ് യുനാനിയിൽ ഹിജാമ ഉപയോഗിക്കുന്നത്. ഇത് യുനാനി പാത്തോളജിയിലൂടെ മാത്രം വിശദീകരിക്കാൻ കഴിയുന്ന ഒരു കാര്യമാണ് (യുനാനി ചികിത്സ യുനാനി സിദ്ധാന്തങ്ങൾ വച്ച് കൊണ്ടാണല്ലോ വിശദീകരിക്കേണ്ടത്).
യുനാനി വൈദ്യ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ (Terms) ക്ക് അവർ നൽകുന്ന വിശദീകരണം കേൾക്കാതെ ജനങ്ങളെ ഉദ്ധരിക്കാനിറിങ്ങുന്നവർക്ക് ഇന്ഫോക്ലിനിക്കിന് പറ്റിയ പോലെയുള്ള അബദ്ധങ്ങൾ ഇനിയും പറ്റാൻ സാധ്യതയുണ്ട്. അതാണ് താഴെ പറയുന്നത്.

അശുദ്ധ രക്തം?

അശുദ്ധ രക്തം കളയുകയല്ല ഹിജാമയുടെ പർപ്പസ് എന്ന് പറഞ്ഞു . അപ്പോൾ അശുദ്ധ രക്തത്തെ കുറിച്ച് യുനാനിയിൽ പരാമർശമില്ലേ?
ഉണ്ട്. ചതുർദോഷങ്ങളായ വാതം, പിത്തം, കഫം, രക്തം എന്നിവയുടെ kaifiyyath & kammiyath എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ രോഗത്തിന് കാരണമാകുന്നു എന്നാണ് യുനാനിയിലെ രോഗ നിദാന ശാസ്ത്രം എന്ന് പറയുന്നത്. ഇതിനെ ദോഷങ്ങൾ ദുഷിക്കുക എന്നാണ് പറയുക. അപ്രകാരം ‘യുനാനി വൈദ്യശാസ്ത്രമനുസരിച്ചുള്ള’ Quality & Quantity യിലുള്ള മാറ്റങ്ങൾ “യുനാനി വൈദ്യശാസ്ത്രം പറയുന്ന’ നാല് ദോഷങ്ങൾക്കുണ്ടാകുമ്പോളാണ് ‘യുനാനി വൈദ്യശാസ്ത്രം പറയുന്ന’ “അശുദ്ധി” ഉണ്ടാവുന്നതെന്ന്‌. അല്ലാതെ നിങ്ങൾ പറയുന്ന ഓക്സിജനേറ്റഡ് / ഡിഓക്സിജറ്റേഡ് അർത്ഥത്തിലല്ല യുനാനിയിലെ ശുദ്ധവും അശുദ്ധവും.
മിഷ്ടർ അലോപ്പതൻ,
നിങ്ങളുടെ അശുദ്ധിയല്ല ഞങ്ങളുടെ അശുദ്ധി!!. 😊

നൂറ്റാണ്ടുകളായി ഈ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് യുനാനി ഡോക്ടർമാർ രോഗിയെ പരിശോധിക്കുന്നതും രോഗം നിർണയിക്കുന്നതും ചികിത്സ നടത്തുന്നതും നിരവധി രോഗങ്ങൾക്ക് ശമനം നൽകാൻ കഴിയുന്നതും.

കഫം അയ്യേ!!

ഒരു ചികിത്സ രീതിയിലെ പ്രയോഗത്തിന് അവർ നൽകുന്ന അർത്ഥം നൽകാതെ വ്യാഖ്യാനിച്ച് വഷളാവുന്നതിന് വേറെ ഒരു ഉദാഹരണം കൂടി പറയാം.
‘കഫം’ എന്ന ദോഷം യുനാനി സിദ്ധാന്തമനുസരിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നതും ശരീരത്തിന്റെ പോഷണത്തിനും ഊർജോൽപ്പാദനത്തിനും ശരീര സൗന്ദര്യത്തിനും വഴക്കം നിലനിർത്തുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട Humours ൽ ഒന്നാണ്. എന്നാൽ കഫത്തിന് യുനാനി വൈദ്യശാസ്ത്രം നൽകുന്ന നിർവചനം പഠിക്കാതെ കഫം എന്ന് പറഞ്ഞാൽ ‘Sputum’ എന്ന് മനസ്സിലാക്കി അലോപ്പതിക്കാരൻ വിമർശിക്കാൻ ഇറങ്ങിയാൽ എങ്ങനെ ഉണ്ടാകും?
അയ്യേ ഇത്രയും വൃത്തികെട്ട സാധനം ആണോ പോഷണം നൽകുന്നു എന്ന് യുനാനിക്കാർ പറയുന്നത് എന്നും പറഞ്ഞ് ഇന്ഫോക്ലിനിക്കും തുറന്ന് പോസ്റ്റിടില്ലേ ഇവന്മാർ? 😤

ഹിജാമ ശാസ്ത്രീയമാണോ?

മറ്റേതൊരു മേഖലയേയും പൊലെ തന്നെ യുനാനി വൈദ്യശാസ്ത്രത്തിന്റെ മേഖലയിലും വിപുലമായ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം ശാസ്ത്രീയ പഠനങ്ങൾ ആധുനിക ലോകത്ത് ബദൽ ചികിത്സാ രീതികൾക്ക് സ്വീകാര്യത വർദ്ധിപ്പിക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്.
ഹിജാമയെ കുറിച്ചു നടന്ന പoനങ്ങ ങ്ങളിൽ ചിലതിന്റെ വിവരങ്ങളാണ് ചുവടെ.

1) Michalsen A, Bock S എന്നിവരുടെ നേതൃത്വത്തിൽ ജർമ്മനിയിൽ നടന്ന പഠനത്തിൽ carpal tunnel Syndrom നു ഹിജാമ ഫലപ്രദമാണെന്ന് കണ്ടെത്തുകയുണ്ടായി.

2) Dr Farhadi യുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഇറാനിൽ നടന്ന പഠനത്തിൽ Low Back Pain നു ഫലപ്രദമാണെന്ന് കണ്ടെത്തി.

3) 2006ൽ Lüdtke R1, Albrecht U, Stange R, Uehleke B. എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ Brachialgia paraesthetica nocturna എന്ന രോഗാവസ്ഥയിൽ ഹിജാമ ഫലപ്രദമായിക്കണ്ടു.

4) ഇറാനിൽ നടന്ന മറ്റൊരു പഠനത്തിൽ (2007) Low Density Lipid ന്റെ അളവു കുറക്കാൻ കൃത്യമായ ഇടവേളകളിൽ ഹിജാമ ചെയ്യുന്നത് ഫലപ്രദമാണ് എന്ന് കണ്ടെത്തുകയുണ്ടായി.

5) 2005 ൽ ഈജിപ്തിൽ Dr. S.M Ahmedന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന പഠനത്തിൽ റുമറ്റോയിഡ് ആർത്രൈറ്റിസിൽ നീരും വേദനയും കുറക്കാൻ ഹിജാമ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു.

6) 2013 ൽ ഇന്ത്യയിൽ നടന്ന Dr. Sheikh Nikhat ന്റെ പഠനം പ്രമേഹാനുബന്ധ രോഗങ്ങളിൽ ഹിജാമ യുടെ ഫലപ്രാപ്തി തെളിയിക്കുകയുണ്ടായി.

7) ബാംഗ്ലൂർ NIUM ൽ Dr Arshiya Sultana യും പഠനം ഹിജാമ Dysmenorrhoea ക്കു ഫലപ്രദമാണെന്ന് കണ്ടെത്തി .

8) ബാംഗ്ലൂർ nium ൽ തന്നെ 2013 ൽ Dr Muhammed Sheeraz ന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ
ഷിയാറ്റിക്ക വേദന കുറക്കാൻ ഹിജാമ സഹായിക്കുന്നുവെന്നു കണ്ടെത്തി.

ഇങ്ങനെ ഇനിയും RCT വഴിയും CCT വഴിയുമൊക്കെ തെളിയിക്കപ്പെടേണ്ട ഹിജാമയുടെ ഫലപ്രാപ്തി നിരവധിയാണ്.

ഹിജാമ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഹിജാമയെ കുറിച്ച് നടന്ന പഠനങ്ങളിൽ അത് നിരവധി രോഗാവസ്ഥയിൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും അത് എങ്ങനെയാണ് രോഗശമനം നൽകുന്നത് എന്ന് വിശദീകരിക്കാൻ കഴിയുമോ എന്നാണ് മറ്റൊരു ചോദ്യം. കഴിയും, യുനാനി ചികിത്സ രീതിയായ ഹിജാമയുടെ പ്രവർത്തനത്തെ കുറിച്ച് യുനാനി തത്വങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ കഴിയും.

ശരീര നിർമ്മാണത്തിലെ സുപ്രധാന ഘടകങ്ങളായ ചതുർദോഷങ്ങളുടെ ഗുണത്തിലും അളവിലും വരുന്ന മാറ്റങ്ങൾ രോഗങ്ങൾക്ക് കാരണമാവുന്നു എന്ന് പറഞ്ഞല്ലോ. അത് കറക്റ്റ് ചെയ്യുകയാണ് യുനാനിയുടെ ചികിത്സാ സമീപനം. അതിനായി നിരവധി സങ്കേതങ്ങൾ യുനാനിയിലുണ്ട്. ‘തദ്ബീർ’ അതിൽ പെട്ട ഒന്നാണ്. അതിന്റെ ഭാഗമാണ് ഹിജാമയിലൂടെയും സാധ്യമാകുന്ന Isthifragh & Imal ഇത് സാധ്യമാകുന്ന വേറെയും സങ്കേതങ്ങൾ യുനാനിയിലുണ്ട്. നുസജ്, ഇസ്ഹാൽ, ഖൈ, ഫസദ്‌, ഹമാം തുടങ്ങിയവ ഉദാഹരണം.

(ലെ ഇൻഫോ:
ഇനി ഇതിനെയൊക്കെ കൂടി വിമർശിച്ച് പോസ്റ്റിടാതെ എനിക്കൊരു സ്വസ്ഥത കിട്ടില്ലാാാാ Nedmudi J.peg) 😜

ഹിജാമയുടെ ശാസ്ത്രം

ഹിജാമയുടെ പ്രവർത്തന രീതി മുഴുവൻ വിശദീകരിക്കാൻ ശാസ്ത്രം വളർന്നിട്ടില്ലെങ്കിലും ചില അവസ്ഥകളിൽ ഹിജാമ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ കഴിയും. ഉദാഹരണത്തിന് ഹിജാമയുടെ വകഭേദമായ ഹിജാമ ബിലാ ശുർത്ത് മസ്കുലാർ ടെൻഷൻ കുറയ്ക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാം.

ഹിജാമയിലൂടെ സൃഷ്ടിക്കപ്പെടുന്ന Negative Suction pressure മൂലം interstitial space കളിലെ fluid ന്റെ collection വർധിപ്പിക്കുകയും ചർമ്മം വലിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ Capillaries ന് ചുറ്റുമുള്ള സമ്മർദ്ദം കുറയുകയും ചെയ്യുന്നു. ഇത് Capillaries ൽ നിന്നുള്ള filtration ന്റെ തോത് വർധിപ്പിക്കുകയും അത് Inflammatory mediators ന്റെ dilution കാരണമാവുകയും അങ്ങനെ പേശി സങ്കോചത്തിനും വേദനക്കും അയവ് വരികയും ചെയ്യും.

ഇതേ മെക്കാനിസം ഹിജാമ ബിശ്ശുർത്തിലും നടക്കുന്നു. അവിടെ localised fluids ന്റെ റിമൂവൽ മൂലം Interstitial HTN താഴുകയും അതുവഴി ഉയർന്ന Interstitial HTN ഉണ്ടാക്കുന്ന വേദനയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്ററുകളായ P Substance പോലുള്ളവയുടെ സാന്നിദ്ധ്യം കുറക്കുകയും വേദനക്ക് കുറവുണ്ടാകുകയും ചെയ്യുന്നു.

സങ്കീർണ്ണമായ യുനാനി തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രയോഗിക്കപ്പെടുന്ന ഹിജാമയുടെ പ്രവർത്തനം പൂർണ്ണമായും ശാസ്ത്രീയമായി വിശദീകരിക്കാൻ (മറ്റു ചികിത്സകളായ വമനം, നസ്യം, ശിരോധാര, വസ്തി തുടങ്ങിയവ ഒക്കെയും സാധ്യമാവാത്ത പോലെ തന്നെ) ശാസ്ത്രം വളർന്നിട്ടില്ല. വളരുന്നതിനനുസരിച്ച് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് ഭാവിയിൽ അത് കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ശാസ്ത്രീയമല്ലാത്തത് എങ്ങനെ പിന്തുടരും?

ശാസ്ത്രത്തിനപ്പുറം ഒരു ലോകമുണ്ട് എന്ന് അംഗീകരിക്കുന്ന വ്യവസ്തിഥിയാണ് നമ്മുടേത്. അത് കൊണ്ടാണ് ബദൽ വൈദ്യശാസ്ത്ര ശാഖകൾ ഇവിടെ നിലനിൽക്കുന്നതും ലക്ഷക്കണക്കിന് ആളുകൾ അതിന്റെ ഗുണഭോക്താക്കളാകുന്നതും.

നിങ്ങളൊരു കടുത്ത ശാസ്ത്ര വിശ്വാസിയും ശാസ്ത്രീയമല്ലാത്തത് ഒന്നും പിന്തുടരുകയില്ല എന്ന് തീരുമാനിച്ച വ്യക്തിയുമാണെങ്കിൽ നിങ്ങൾക്ക് മുമ്പിൽ അവസാനിക്കുന്നത് സാധ്യതകളുടെ ഒരു വലിയ ലോകമാണ്.

ബദൽ ചികിത്സകൾക്ക് അംഗീകാരമില്ലാത്ത രാജ്യങ്ങളിൽ നിന്ന് മോഡേൺ മെഡിസിൻ ചികിത്സ നടത്തിയിട്ടും പരാജയപ്പെട്ട രോഗികൾ ഇന്ത്യയിലേക്ക് വരുന്നതും ഇവിടെ ചികിത്സ തേടി സൗഖ്യമായി മടങ്ങുന്നതും അവർ ആ സാധ്യതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ്.

കപട ശാസ്ത്രമെന്ന് ആധുനികർ വിധിയെഴുതിയ ഹോമിയോ മെഡിസിന് ഇവിടെ സർക്കാർ തലത്തിൽ മെഡിക്കൽ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിൽ ഹോമിയോ വഴി വന്ധ്യതാ ചികിത്സ നടത്തി ജനിച്ച മുപ്പതോളം കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തത്. അവർ ആധുനിക ശാസ്ത്രം നടത്തി പരാജയപ്പെട്ടവരായിരുന്നു. ഇത് കാണുമ്പോൾ മി. ശാസ്ത്രന് അത്ഭുതം തോന്നാം. ഒരു കപട ശാസ്ത്രത്തിലെ വന്ധ്യതാ ചികിത്സ വിജയിക്കുകയോ?
എന്നാൽ ഒരു ഹോമിയോപ്പതിന് ഇതിൽ ഒരത്ഭുതവും ഇല്ല. മോഡേൺ മെഡിസിന് ഇനിയും വിശദീകരിക്കാൻ സാധിക്കാത്ത, അവരുടെ സ്വന്തം ഹോമിയോ സിദ്ധാന്തങ്ങൾ വച്ചാണ് അവർ ചികിത്സിച്ചത്.

ഹിജാമയുടെ അപകടങ്ങൾ?

ഹിജാമ കൊണ്ട് ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് പോസ്റ്റിൽ പറയുന്നുണ്ട്.അവക്കുള്ള മറുപടി അക്കമിട്ടു തന്നെ നിരത്താം.

1) ഗൗരവമുള്ള രോഗങ്ങളുമായി ചെല്ലുന്നവരെ വെറുതെ ഹിജാമ ചെയ്ത് വിടുകയല്ല ഡോക്ടർ ചെയ്യുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ച് ആവശ്യമെങ്കിൽ മറ്റു ചികിത്സകളുടെ ഭാഗമായി ഹിജാമയും നൽകും റഫർ ചെയ്യേണ്ടത് റഫർ ചെയ്യും.

2) ബ്ലീഡിംഗ് ഡിസോഡേഴ്സ് അടക്കമുള്ള ഹിജാമ ചെയ്യാൻ പാടില്ലാത്ത അവസ്ഥകൾ എന്താണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഞങ്ങളുടെ ഗുരുനാഥന്മാർ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങൾ കാവലപ്പെടാത്.

3) ഹിജാമ സെപ്റ്റിക് പ്രിക്കോഷനോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണെന്ന് പഠിപ്പിച്ചത് കൊണ്ട് ഞങ്ങൾ അങ്ങനെയേ ചെയ്യാറുള്ളൂ. അതിനാൽ മുറിവുകൾ പഴുക്കുകയോ സങ്കീർണമാവുകയോ ചെയ്യുന്ന അവസ്ഥകൾ ഉണ്ടാവാറില്ല.

4) നിങ്ങളായിട്ട് യുനാനി ഡോക്ടർമാർക്ക് അനാട്ടമി പഠിപ്പിക്കേണ്ട. പഠനകാലയളവിൽ ആദ്യത്തെ ഒന്നര വർഷം അനാട്ടമി തലകുത്തി നിന്ന് പഠിച്ചിട്ടുണ്ടേ. അതിനാൽ എവിടെ കുത്തണം കുത്തണ്ട എന്നൊക്കെ നന്നായി അറിയാം.

മൈക്കൽ ഫെൽ‌പ്സ് ഹിജാമ ചെയ്തോ?

മൈക്കൽ ഫെൽ‌പ്സ് ഹിജാമ ചെയ്തതിനെ കുറിച്ച് പരാമർശമുണ്ട് പോസ്റ്റിൽ. ഫെൽ‌പ്സ് ചെയ്തത് രക്തമെടുക്കുന്ന ഹിജമായല്ല. ഹിജാമയുടെ തന്നെ മറ്റൊരു വകഭേദമായ ഹിജാമ ബിലാ ശുർത്ത് ആണ്. അത് വെറും അനുഭവ സാക്ഷ്യമായി ഒക്കെ തള്ളി വിടുന്നുണ്ട് പോസ്റ്റിൽ. എന്നാൽ അത്ലറ്റുകൾ ഹിജാമ ചെയ്യുന്നത് മസ്‌കുലാർ സ്പാസവും വേദനയും കുറക്കാൻ വേണ്ടിയാണ്. അതേങ്ങനെയാണെന്ന് നേരത്തെ വിശദീകരിച്ചിട്ടുമുണ്ട്.
ഫെല്പ്സ് മാത്രമല്ല യൂറോപ്പിലേയും ഏഷ്യയിലെയുമൊക്കെ നിരവധി സ്പോർട്സ് താരങ്ങൾ ഹിജാമയുടെ ഗുണഭോക്താക്കളാണ്. അവിടെയുള്ള ഡോക്ടർമാർക്ക് അല്പം കുനുഷ്ട് കുറവാണേയ്. 😉

ഹിജാമക്ക് ഫലസിദ്ധി ഇല്ലേ?

പോസ്റ്റിൽ ഹിജാമക്ക് ഫലസിദ്ധി ഇല്ലെന്നുകൂടി അവകാശപ്പെടുന്നുണ്ട് Mr. ശാസ്ത്രൻ . അല്ലയോ മിസ്റ്റർ മഹാനുഭാവാ, താങ്കൾ ഹിജാമക്ക് ഫലസിദ്ധി ഇല്ലെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടോ?

ഹിജാമ ഇന്റിക്കേറ്റഡ് ആയിട്ടുള്ള ഏതൊക്കെ കണ്ടീഷനുകളിൽ നിങ്ങൾ പഠനം നടത്തിയാണ് അത് ഫലപ്രദമല്ലെന്ന് തെളിഞ്ഞത്?

പറയുമ്പോൾ എല്ലാം ശാസ്ത്രീയമാവണമല്ലോ, ഏത്….!

ഇന്ഫോക്ലിനിക് എന്ന പേരുമിട്ട് ഇങ്ങനെ തള്ളാനിരുന്നാൽ മോഡേൺ മെഡിസിനെ നിങ്ങളൊക്കെ കൂടെ തള്ളി തള്ളി ഏതെങ്കിലും പൊട്ടക്കിണറ്റിൽ കൊണ്ടോയി ചാടിക്കും. 😂

ഞങ്ങൾ വിമർശിക്കും, ചുളുവിൽ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യും.

അക്യുപങ്ങ്ചർ , യോഗ ഇവയൊക്കെ യാതൊരു ഗുണവുമില്ലാത്തതാണ് എന്ന് പ്രചരിപ്പിച്ചിരുന്നവർ അത് കൊണ്ട് പ്രയോജനമുണ്ട് എന്ന് മനസ്സിലായപ്പോൾ അത് സ്വന്തം കിതാബിലൂടെ പഠിപ്പിക്കാൻ തുടങ്ങിയെന്നത് മറ്റൊരു തമാശ.

അലോപ്പതിക്കാരുടെ ബൈബിൾ എന്നറിയപ്പെടുന്ന ഹാരിസൺസിൽ (Harrison’s Principles of internal medicine 19th Edition) ഡിസ്മെനോറിയക്കും ഫൈബ്രോ മയാൾജിയക്കും അക്യുപങ്ങ്ചർ, യോഗ തുടങ്ങിയവ ഫലപ്രദമാണെന്ന് പഠിപ്പിക്കുന്നുണ്ട്.

പുതിയ പoനങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത എഡിഷനിൽ ഹിജാമയും കൂടി ഉൾപ്പെടുത്തിയാൽ ഇപ്പോൾ ഹിജാമയെ കുറിച്ച് പോസ്റ്റിട്ട ഇൻഫോ ക്ലിനിക്കുകാരുടെ അവസ്ഥ ഞാൻ ആലോചിച്ചു പോകുകയാണ് സൂർത്തുക്കളേ ആലോചിച്ചു പോകുകയാണ് 🤣🤣

ഇന്ഫോക്ലിനിക് പ്രവർത്തകരോട്

സോഷ്യൽ മീഡിയയിലൂടെ പറപറക്കുന്ന ഹെൽത്ത് നോക്സുകളുടെ കാലത്ത് പൊതുജനങ്ങൾക്ക് ആരോഗ്യകാര്യങ്ങളിൽ ശാസ്ത്രീയമായ അറിവുകൾ പകർന്നു നൽകാൻ സുഹൃത്തുകളടക്കമുള്ള യുവ ഡോക്ടർമാർ മുന്നിട്ടിറങ്ങി തുടങ്ങിയ ഇൻഫോക്ലിനിക്കെന്ന സംരംഭം വളരെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു വ്യക്തിയാണ് ഞാൻ.

നിങ്ങൾ ചില മുൻഗണനകൾ നിശ്ചയിക്കേണ്ടിയിരിക്കന്നു. ചൂഷണത്തിനെതിരെ സത്യത്തിന്റെയും നീതിയുടെയും നാമായി മാറേണ്ടതുണ്ട്.
മോഡേൺ മെഡിസിൻ രംഗത്ത് അടക്കമുള്ള ചികിത്സാ മേഖലകളിലെ ചൂഷണത്തെ തുറന്നു കാട്ടുക തന്നെ വേണം.

എന്നാൽ നമ്മുടെ നിലനിൽക്കുന്ന സിസ്റ്റത്തെ മാനിക്കാതെ ശാസ്ത്രീയമല്ലെന്നാരോപിച്ച് എന്തിനെയൊക്കെ നിങ്ങൾക്ക് തള്ളിപ്പറഞ്ഞ് പോസ്റ്റിടേണ്ടി വരും? ഹോമിയോ?
ആയുർവ്വേദം?
യുനാനി?
യോഗ?
നചുറോപതി?
സിദ്ധ?
ഈ ചികിത്സാ രീതിയിലൊക്കെയുള്ള ഹിജാമ പോലെയുള്ള നൂറുകണക്കിന് തെറാപ്യൂട്ടിക് രീതികൾ?

ആരോഗ്യ രംഗത്തു സ്ഥിരമായ ഒരു കോൺഫ്ലിക്റ്റിന് മാത്രമേ അത് കാരണമാകൂ.
മേൽ പറഞ്ഞ അഞ്ച് ചികിത്സ രീതികൾക്കും ഇന്ത്യയിൽ അംഗീകാരമുണ്ട്, സർക്കാർ തലത്തിൽ തന്നെ പഠനസൗകര്യമുണ്ട്. സർക്കാർ തലത്തിൽ ചികിത്സയുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളയാളുകൾ ഈ ചികിത്സ തേടി ഇവിടെയെത്തി സൗഖ്യമായി മടങ്ങുന്നുമുണ്ട്.

രോഗത്തിന് ശമനം നല്കുന്നതാവണം ചികിത്സ. കേവലം ശാസ്ത്രം പറഞ്ഞിരുന്നാൽ രോഗം മാറാത്തതു കൊണ്ടാണല്ലോ ആധുനിക വൈദ്യം പഠിച്ച പലരും ചില ഘട്ടങ്ങളിൽ തനിക്കും തനിക്ക് വേണ്ടപ്പെട്ടവർക്കും ബദൽ ചികിത്സ സ്വീകരിക്കുന്നത്. അപ്പോൾ ‘പ്ലാസിബോ’ എന്ന് പറഞ്ഞുള്ള ബബ്ബബ്ബ അടിക്കാനും നിങ്ങൾ മുന്നിലുണ്ടാവും. പ്ലാസിബോ എങ്കിൽ പ്ലാസിബോ, ഞങ്ങൾക്ക് രോഗം മാറിയാൽ മതി എന്നാണ് രോഗത്തിന്റെ കെടുതി അനുഭവിക്കുന്നവർ മനസ്സിലാക്കുക.

(ഇവിടെ വിമർശിക്കുന്നത് ഇതര ചികിത്സാരീതികളോട് കടുത്ത വിദ്വേഷം വെച്ചു പുലർത്തുന്ന കുനുഷ്ട് ബാധിച്ച അലോപ്പതിക്കാരെ മാത്രമാണ്.
രോഗ ചികിത്സയുടെ പ്രൈമറി തലം തൊട്ട് ടെറിഷറി തലം വരെ സഹകരിക്കുകയും കൂടിയാലോചന നടത്തുകയും ചെയ്യുന്ന നിരവധി നല്ലവരായ MM ഡോക്ടർ ഉണ്ട്. അവരെ ബഹുമാന പുരസ്സരം സ്മരിക്കുന്നു.)

ഒടുക്കം

ഒരു ദശകത്തോളമായി ചികിത്സ രംഗത്തുള്ളയാൾ എന്ന നിലയിൽ തിരിഞ്ഞ് നോക്കുമ്പോൾ തികഞ്ഞ ചാരിതാർഥ്യമുണ്ട്. കേരളത്തിൽ കൂടുതൽ പ്രചാരമല്ലാത്ത വൈദ്യശാസ്ത്രമെന്ന നിലയിൽ എല്ലാം പരീക്ഷിച്ച് അവസാനമാണ് യുനാനി ചികിത്സകരുടെ അടുത്ത് രോഗികൾ എത്തിപ്പെടുന്നത്. അങ്ങനെ വരുന്ന നിരവധി പേർക്ക് രോഗത്തിന്റെ കെടുതിയിൽ നിന്ന് മോചനം നൽകാൻ ഈ ചികിത്സ രീതി കൊണ്ട് ദൈവസഹായത്താൽ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഭ്രാന്തമായ തലവേദന അനുഭവിക്കുന്നവർ, മുറിവ് പഴുത്ത് വൃണമായി ശരീരഭാഗം മുറിച്ച് മാറ്റേണ്ട അവസ്ഥയിൽ വന്നവർ, വര്ഷങ്ങളായി Pills ഇല്ലാതെ ഉറങ്ങാൻ പറ്റാതിരുന്നവർ, വേദന മൂലം കിടന്നുറങ്ങാൻ പറ്റാതിരുന്നവർ, ഗന്ധം അറിയാത്തതു മൂലം വർഷങ്ങളായി ഭക്ഷണത്തിന്റെ രുചി അറിയാതിരുന്നവർ, സന്താന സൗഭാഗ്യമില്ലാതിരുന്നവർ… അങ്ങനെ എത്ര പേർ.!
ഇവരെയൊക്കെ ചികില്സിച്ചത് കേവലം ഊഹത്തിന്റെയോ തോന്നലുകളുടെയോ അടിസ്ഥാനത്തിലല്ല.
അംഗീകരിക്കപ്പെട്ട യുനാനി വൈദ്യശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ തത്വങ്ങൾ പിന്തുടർന്ന് ചികിൽസിച്ചാൽ രോഗങ്ങൾ ശമാനമാവും. കാരണം അതിൽ സത്യമുണ്ട്.
ഇന്ന് ഒന്ന് പറഞ്ഞ് നാളെ മാറ്റിപറയുന്ന നിങ്ങളുടെ ശാസ്ത്രത്തിന്റെ സത്യമല്ല;
പ്രകൃതിയുടെ സത്യം! ആധുനികതയുടെ അതിപ്രസരത്തിലും വെട്ടിത്തിളങ്ങുന്ന പൗരാണിക വിസ്‌ഡത്തിന്റെ സത്യം!!
അറിവിന് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ഹോമിച്ച ഞങ്ങളുടെ ഗുരുനാഥന്മാരുടെ സത്യം!!!

*ഡോ.അബ്ദുൽ വഹാബ് മെഡിസിന*
drvahab@live.com

Previous ArticleNext Article