Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി.മോഹനനു നേരെ ആർഎസ്‌എസ്‌ ബോംബാക്രമണം; കോഴിക്കോട്‌ ജില്ലയിൽ ഇന്ന് എൽഡിഎഫ്‌ ഹർത്താൽ

കോഴിക്കോട്‌:(www.k-onenews.in)

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.00 മണിക്ക്‌ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു.

ആർഎസ്‌എസ്‌-സിപിഎം സംഘർഷം നിലനിൽക്കുന്ന ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താലായിരിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ മുതിർന്ന നേതാവിനു നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ജില്ലാ ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കയാണ്.

പി.മോഹനനു നേരെ എറിഞ്ഞ സ്റ്റീല്‍ബോംബുകളില്‍ ഒന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടുകയും മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തി. രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.
എ കെ ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ് പരിസരത്തെത്തിയത്. അക്രമികള്‍ പി മോഹനന്റെ കാറിനെ പിന്തുടര്‍ന്ന് വരികയായിരുന്നു.

പി മോഹനന്‍ വരുന്നതും കാത്ത് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓഫീസിലുണ്ടായ പ്രവര്‍ത്തകര്‍ ഓടിവരുമ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു. താനടക്കമുള്ള പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

Previous ArticleNext Article