Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം, ലേഖനം

ഫസൽ വധക്കേസ്‌; അക്രമപ്രവര്‍ത്തനങ്ങളില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്ന നേതാക്കളെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തത് സിപിഎമ്മിനെ സംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടിയ അടിയാണ്.. നിരപരാധികളാണെങ്കിൽ സിപിഎം വെപ്രാളപ്പെടുന്നത് എന്തിന്? സിഎ റഊഫ്‌ എഴുതുന്നു..

(www.k-onenews.in)

സഹോദരന്‍ ശഹീദ് ഫസലിന്റെ കൊലപാതകത്തില്‍ നിന്നും സ്വന്തം തടി രക്ഷപ്പെടുത്താന്‍ നുണകളുടെ മേല്‍ നുണകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് സി പി എം. ഫസലിനെ കൊന്നത് സി പി എം അല്ലെന്ന് മാത്രമല്ല; കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നും സി പി എം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ദേശാഭിമാനി പത്രത്തിലെ പരമ്പരകള്‍, കൈരളി പീപ്പിളിന്റെ എക്‌സ്‌ക്ലൂസീവ്, ചിന്ത വാരികയിലെ പാര്‍ട്ടി സിനോപ്‌സിസ്, പള്ളികളില്‍ വിതരണം ചെയ്ത ലഘുലേഖ എന്നിവക്ക് ശേഷം എൽ ഡി എഫിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടറും ഫസലിനെ കൊന്നത് സി പി എം അല്ല; ആര്‍ എസ് എസ് ആണെന്ന് സ്ഥാപിക്കാന്‍ പെടാപാട് പെട്ടു. ഓടുവിലിതാ ആർ എസ് എസ് പ്രവർത്തകന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോയും വന്നിരിക്കുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകനും കൊലപാതക കേസില്‍ പ്രതിയുമായ ജയിലില്‍ കഴിയുന്ന കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ വീഡിയോയാണ് ഇന്ന് ചാനലുകളെല്ലാം എക്സ്ക്ലൂസീവ് വാർത്തയാക്കിയിട്ടുള്ളത്. താനുൾപ്പടെ നാല് ആർ എസ് എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് സുബീഷ് തന്നെ പൊലീസിന് നൽകുന്ന മൊഴിയുടെ വീഡിയോ ആണ് പുറത്ത് പ്രചരിപ്പിക്കുന്നത്.

ഫസൽ കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ, പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സി ബി ഐ കോടതിയിൽ ബോധിപ്പിച്ചിരുന്നു. വാദം കേട്ട ശേഷം ഹരജി തീർപ്പാക്കാനിരിക്കെയാണ് പുതിയ വീഡിയോ പുറത്ത് വരുന്നതെന്ന് വ്യക്തമാണ്. ചാനലുകൾക്ക് എക്സ്ക്ലൂസീവ് നൽകി വിഷയം പൊതു ചർച്ചയിൽ സജീവമാക്കുകയും അത് വഴി കോടതിയിൽ സ്വാധീനം ചെലുത്തുകയുമാണ് ഈ പ്രചരണത്തിന്റെ ലക്ഷ്യം.

ഫസലിനെ കൊന്നത് സി പി എം ആണെന്ന സത്യം എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തമായും അറിയാവുന്നതാണ്. ടി പി വധം അന്വേഷിച്ചിരുന്ന ഷൗക്കത്തലിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പ്രത്യേക സംഘത്തിലെ ഒരുദ്യോഗസ്ഥനെ യാത്രക്കിടയില്‍ കാണാനിടയായി. അന്ന് അദ്ദേഹം പറഞ്ഞത് ഫസലിനെ കൊന്നത് സി പി എം ആണെന്ന് വ്യക്തമാണ് എന്നാണ്. ടി പി കേസിലെ പ്രതികളില്‍ പലര്‍ക്കും ഫസല്‍ കേസിലും പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഥവാ സി പി എമ്മാണ് ഫസലിനെ കൊന്നതെന്നത് അന്വേഷണ ഏജന്‍സികള്‍ക്കെല്ലാം വ്യക്തമായ കാര്യമാണ്.
ഫസല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സി പി എം ഇത്ര ആവേശം കാണിക്കാനുള്ള കാരണം പ്രധാനമായും രണ്ടാണ്.

1. കേരള പൊലീസിനെ സമ്മര്‍ദ്ദം ചെലുത്തി അട്ടിമറിക്കാന്‍ ശ്രമിച്ച കേസ് സി ബി ഐ ഏറ്റെടുത്തപ്പോള്‍ യഥാര്‍ത്ഥ പ്രതികളിലേക്കും ഗൂഡാലോചകരിലേക്കും തന്നെയാണ് അന്വേഷണം എത്തിപ്പെട്ടത്.

2. കൊള്ളലും കൊടുക്കലുമൊക്കെ സി പി എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി വളര്‍ത്തുന്ന ഗുണ്ടകളുടെയും സാധാരണ ചാവേറുകളുടെയും പണിയാണ്. കൊലപാതകമുള്‍പ്പടെ കേസുകളിലും പാര്‍ട്ടിയാണ് പ്രതികളെ നിശ്ചയിക്കുക. ഫസല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെയും ഏരിയ കമ്മിറ്റി അംഗത്തെയുമാണ്. അക്രമപ്രവര്‍ത്തനങ്ങളില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്ന നേതാക്കള്‍ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തത് സി പി എമ്മിനെ സംബന്ധിച്ച് അപ്രതീക്ഷിതമായ അടിയാണ്.
സി ബി ഐ ഏറ്റെടുത്തത് മുതലേ ഫസല്‍ കേസില്‍ സി പി എം പ്രതിരോധത്തിലാണ്. ആദ്യം സുഭീഷ്‌കഥയിലേക്ക് വരാം.
ഫസല്‍ കേസ് അട്ടിമറിക്കാന്‍ ആര്‍ എസ് എസ് പോപുലര്‍ ഫ്രണ്ട് ഗൂഡാലോചനയുടെ ഭാഗമായി
പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ജയിലില്‍ എത്തി കുപ്പി സുബീഷിനെ സന്ദര്‍ശിച്ചുവെന്നാണ് മുമ്പ് എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട വാര്‍ത്ത.!

ഫസല്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്‍ നിര്‍ദേശിച്ചത് പ്രകാരമാണെന്ന് പറയണമെന്നും ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്നുമാണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ കുപ്പി സുബീഷിന് ഉറപ്പ് നല്‍കിയതെന്നാണ് വാര്‍ത്തയുടെ ആകെത്തുക. പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് അംഗം എസ് കാജാമൊയ്ദീന്‍ ഉല്‍പ്പടെയുള്ളവരണത്രെ ജയിലിലെത്തി സുബീഷിനെ കണ്ടത്. സന്ദര്‍ശന ദൃശ്യങ്ങള്‍ ജയില്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുമുണ്ടത്രെ.

ഫസല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹകരിച്ചില്ലെങ്കില്‍ കേന്ദ്രഭരണം ഉപയോഗിച്ച് പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ യുഎപിഎ ചുമത്തി ജയിലിലടക്കും എന്നും നാട്ടിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നുമുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഭീഷണിയുടെ ഫലമായാണ് ഇവരുടെ ജയില്‍ സന്ദര്‍ശനം എന്നും ചാനല്‍ റിപ്പോര്‍ട്ട് തട്ടിവിടുന്നു.
ജയില്‍ സന്ദര്ശനങ്ങളുടെ കേവല രീതികള്‍പോലും അറിയാത്തവരാണോ റിപ്പോര്‍ട്ടര്‍ ഡസ്‌കിലുള്ളതെന്ന് തോന്നുന്നതാണ് പ്രസ്തുത കഥ മുഴുവനും. എങ്കിലും ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. ജയില്‍ സന്ദര്‍ശിക്കുമ്പോള്‍ സന്ദര്ശകന്റെയും സന്ദര്‍ശിക്കേണ്ട ആളുടെയും വിവരങ്ങള്‍ രേഖാമൂലം നല്‍കണം. അത് പ്രകാരം സുബീഷിനെ കാണാന്‍ ആരൊക്കെയാണ് അപേക്ഷ കൊടുത്തിട്ടുള്ളത്.

2. നാറാത്ത്, മുവാറ്റുപുഴ കേസിലുള്ളവരെ സന്ദര്ശിക്കാണെന്ന വ്യാജേനയാണ് സുബീഷിനെ കണ്ടതെന്നും പറയാന്‍ ശ്രമിക്കുന്നുണ്ട്. ബീച്ചില്‍ പോയി പെണ്ണു കാണുന്നപോലെ ജയിലില്‍ പോയി തടവുകാരെ കാണാന്‍ പറ്റില്ല. സന്ദര്‍ശക മുറിയിലെത്തിയാലെ കാണാനൊക്കൂ. പിന്നെങ്ങിനെയാണ് സുബീഷുമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സംസാരിക്കുന്നത്.

3. കഥയില്‍ പറയുന്നപോലെ ഒരു ദേശീയ സമിതിയംഗം പോപുലര്‍ ഫ്രണ്ടിനില്ല. മാത്രമല്ല കേരളത്തിലെ ഒരു കേസ് സെറ്റില്‍ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നും ആള് വരുന്നുവെന്നതിന്റെ സാംഗത്യം എന്താണ്. സുബീഷ് തമിഴ്‌നാട് കാരനല്ലല്ലോ. ആണെങ്കില്‍ കഥയിലെ ഈ ഭാഗമെങ്കിലും അല്പം സ്വീകാര്യമാക്കാമായിരുന്നു.

4. കേന്ദ്രത്തിലെ സ്വാധീനമുപയോഗിച്ച് യു എ പി എ ചുമത്തുമെന്ന ഭീഷണി പേടിച്ചാണത്രെ ഇത്തരം ഒരു നീക്കത്തിന് പോപുലര്‍ ഫ്രണ്ട് തുനിഞ്ഞിറങ്ങാന്‍ കാരണം. കേരളത്തില്‍ ആദ്യമായി യു എ പി എ ചുമത്തുന്നത് സി പി എം ആണ്. അതും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ. എന്നാല്‍പിന്നെ യു എ പി എ ഭീഷണി മുഴക്കി പോപുലര്‍ ഫ്രണ്ട് നേതാക്കളെ വിരട്ടിയിരുന്നെങ്കില്‍ നുണകളുടെ മേല്‍ നുണകള്‍ ആവര്‍ത്തിച്ച് സി പി എം ഇത്ര വഷളാവേണ്ടിയിരുന്നോ. ഒരൊറ്റ ഭീഷണി കൊണ്ട് ഫസല്‍ കേസ് തന്നെ അട്ടിമറിക്കാമായിരുന്നില്ലേ.

5. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയില്‍ അംഗമായ സുബീഷിന് ‘ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കി കൊള്ളാമെന്ന്’ ഉറപ്പ് നല്‍കുന്നത് ഒരു എം എല്‍ എ പോലുമില്ലാത്ത പോപുലര്‍ ഫ്രണ്ടാണെന്നത് വിചിത്രം തന്നെ. അതൊന്ന് മാറ്റിപ്പിടിച്ച് കുറച്ച് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താണ് സുബീഷിനെ വലയിലാക്കാന്‍ ശ്രമിച്ചതെന്ന് പറഞ്ഞാല്‍ കഥക്ക് ഒരു ഹുര്‍മത് കിട്ടിയേനെ. പഴയ നോട്ടിന്റെ അമ്പത് ലക്ഷമാണ് ഓഫര്‍ ചെയ്തത് എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് 2016ല്‍ നല്‍കാവുന്ന ഏറ്റവും നല്ല അന്വേഷണാത്മക റിപ്പോര്‍ട്ടാകുമായിരുന്നു.

6. എല്ലാം സി സി ടി വിയില്‍ ഉണ്ടെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് അതെങ്ങനെ പരിശോധിക്കാന്‍ പറ്റി എന്ന് ചോദിക്കുന്നില്ല. കാരണം ഇത് വായിക്കുന്നവര്‍ അത്രക്ക് മണ്ടന്മാരല്ലല്ലോ. എന്നാല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതൊന്ന് പുറത്ത് വിട്ട് ഈ അവിശുദ്ധ കൂട്ടുകെട്ട് ഒന്ന് പൊളിക്കാമായിരുന്നില്ലേ.

ശഹീദ് ഫസല്‍ കേസുമായി ബന്ധപ്പെട്ട് സി പി എം പലപ്പോഴായി നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങള്‍ നിരവധിയാണ്. അതിലൊന്നാണ് ഫസലിനെ കൊലപ്പെടുത്താന്‍ അദ്ദേഹം പോകുന്ന വഴിയില്‍ ആര്‍ എസ് എസുകാര്‍ കൊടുവാളിന് മൂര്‍ച്ച കൂട്ടുന്നത് കാണാറുണ്ടായിരുന്നുവെന്ന കഥ. സ്വന്തം അണികളെ വിശ്വസിപ്പിക്കാനാണ് ഇത്തരം കഥകള്‍ പറയുന്നതെങ്കില്‍ അതിലേക്ക് ഒരു കാര്യം കൂടി ചേര്‍ത്ത് പറഞ്ഞ് കൊടക്കുന്നത് നന്നാവും. ഫസലിനെ എന്നല്ല ഒരു പോപുലര്‍ ഫ്രണ്ട് കാരനെയും കൊടുവാള്‍ മൂര്‍ച്ച കൂട്ടി ഭീഷണിപ്പെടുത്താന്‍ തക്ക തന്റേടം ആണായിപ്പിറന്ന ഒരു ആര്‍ എസ് എസ് കാരനും ഒരു സി പി എം കാരനും സാധ്യമല്ലെന്ന് മനസ്സിലാക്കുന്നത് നന്ന്.

മറ്റൊന്ന് ഫസലിന്റെ സഹോദരന്‍ സി പി എമ്മല്ല കൊന്നത് എന്ന് ആണയിടുന്നുവെന്നതാണ്. സ്വന്തം രക്തബന്ധുവിന്റെ ജീവനേക്കാള്‍ പാര്‍ട്ടിയുടെ കള്ളങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന തനി സി പി എം കാരനാണ് ഈ പറയപ്പെട്ട സഹോദരന്‍. കാശ്മീരില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന മകന്റെ മയ്യിത്ത് കാണേണ്ടെന്ന് ഉമ്മയെക്കൊണ്ടു പറയിപിച്ച സി പി എം തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകനായ, ഫസലിന്റെ സഹോദരനെക്കൊണ്ട് കൊലയാളികളെ സംരക്ഷിക്കുന്ന പ്രസ്താവന നടത്തിച്ചത്.

ഇത്തരത്തില്‍ ശഹീദ് ഫസലിന്റെ കൊലപാതകത്തിന്റെ പാപത്തില്‍ നിന്നും കൈ കഴുകി രക്ഷപ്പെടാന്‍ സി പി എം നടത്തുന്ന നുണകളുടെ പരമ്പരകള്‍ ദിനം പ്രതി അവര്‍ക്ക് തന്നെ വിനയാവുകയാണ്. അതിന്റെ മനോവിഭ്രാന്തിയാണ് പലപ്പോഴായി പുറത്ത് വരുന്നത്. ഏറ്റവും ഒടുവില്‍ ചാനലുകളിൽ ഇപ്പോൾ വന്ന കള്ളവും അതിന്റെ ഭാഗമാണ്.
സ്വന്തം പ്രവര്‍ത്തകനെ കൊന്ന ആര്‍ എസ് എസിനെ രക്ഷപ്പെടുത്തേണ്ട ഒരു കാര്യവും പോപുലര്‍ ഫ്രണ്ടിനില്ല. കാരണം ആര്‍ എസ് എസ് പോപുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിത ശത്രുവാണ്.

ഫസലിനെ കൊലപ്പെടുത്തിയത് സി പി എം ആവണം എന്ന് ഞങ്ങൾക്ക് നിർബന്ധമില്ല. കേസ് അന്വേഷിച്ച ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സി ബി ഐയും എല്ലാം ഒരേസ്വരത്തിൽ പറയുന്നു സി പി എമ്മാണ് ഫസലിനെ കൊന്നതെന്ന്. ഞങ്ങളുടെ സഹോദരനെ കൊലപ്പെടുത്തിയത് സി പി എമ്മാണ് വിശ്വസിക്കാൻ ഞങ്ങൾക്കും പ്രയാസമുണ്ടായിരുന്നു. കാരണം അത്തരം ഒരു സമീപനമല്ല മുസ്‌ലിംകൾ സി പി എമ്മിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. ആ ധാരണ തിടുത്താൻ തക്ക മതിയായ തെളിവുകളാണ് പിന്നീട് വരുന്നത്.

ഫസലിനെ കൊന്ന കേസിൽ സി പി എമ്മുകാരായ പ്രതികളെ കണ്ടെത്തുന്നത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ്. സി പി എം ഭരണത്തിലിരിക്കെ, പാർട്ടിക്ക് ബന്ധമില്ലാത്ത ഒരു കേസിൽ പാർട്ടി പ്രവർത്തകരെ അന്യായമായി പ്രതിചേർത്തു എന്ന് വിശ്വസിക്കാൻ മാത്രം മൗഢ്യമല്ല കേരളം എന്ന് സി പി എമ്മും മനസ്സിലാക്കുന്നത് നന്നാവും.

മാത്രമല്ല സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു സുപ്രിം കോടതിയിൽ ഹരജി കൊടുത്തപ്പോൾ ദശലക്ഷക്കണക്കിന് ഫീസ് നൽകി വക്കീലിനെ വെച്ചാണ് സി പി എം അതിനെ നേരിട്ടത്. തങ്ങൾ പരിശുദ്ധരാണെങ്കിൽ എന്തിനാണ് സി പി എം, സി ബി ഐ അന്വേഷണത്തെ ഭയപ്പെട്ടത്.?

ലഭ്യമായ തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും ഫസൽ കേസിൽ സി പി എമ്മിന്റെ കാര്യങ്ങളിൽ നിരപരാധിത്വം കാണുന്നില്ല. കൃത്രിമ മാർഗത്തിലൂടെ തങ്ങൾ നിരപരാധികളാണെന്ന് വരുത്താൻ ശ്രമിക്കുന്നതിന് അനുസരിച്ച് സി പി എം അപഹാസ്യരാവുകയാണ് ചെയ്യുക.

ഞങ്ങളുടെ സഹോദരനെ കൊന്ന കൊലയാളികളെ അത് സി പി എം ആണെങ്കിലും രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നിയമത്തിന്റെ കോടതിയില്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അത് ജനാധിപത്യത്തിന്റെ താല്പര്യമാണ്. ആ താല്പര്യം സംരക്ഷിക്കുന്നിടത്ത് കോടതി പരാജയപ്പെട്ടാല്‍ ജാനാധിപത്യ താല്പര്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. അത് സി പി എം ആയാലും അര്‍ എസ് എസ് ആയാലും വേണ്ടില്ല.

– സി എ റഊഫ്

Previous ArticleNext Article