Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, ലേഖനം

“കാസർഗോട്ടെ ആ‌ ഗാസാ തെരുവിലുള്ള മമ്മദ്‌ കോയയുടെ വീട്ടിൽ നിന്നാണു കള്ളനോട്ടും കള്ളനോട്ടടി യന്ത്രവും പിടികൂടിയിരുന്നതെങ്കിലോ”..- മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌ എഴുതുന്നു

(www.k-onenews.in)
മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌

വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.,

നമ്മുടെ നാട്ടിലെ ഒരു തെരുവിന് വല്ല മോസ്‌കോ എന്നോ ക്യൂബ എന്നോ പേരിടുന്നു. അത് ആരെങ്കിലും ചർച്ചയാക്കുന്നു.
മേൽ പറഞ്ഞ പ്രദേശങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ട വീഥികളിൽ ഇതിഹാസം രചിച്ചതായത് കൊണ്ട് ആ പ്രത്യയ ശാസ്ത്രത്തോട് ആഭിമുഖ്യം ഉള്ളവർ ആ പ്രദേശത്ത്‌ ഭൂരിപക്ഷമുണ്ടാവുമ്പോൾ സ്വാഭാവികമായി നാമകരണം ചെയ്തു എന്നതിലപ്പുറമുള്ള ചർച്ചകൾ ഉടലെടുക്കുകയേ ഇല്ല.

എന്നാൽ അതിനെ രാജ്യാന്തര ഗൂഡാലോചനയായി ചിത്രീകരിച്ചാൽ എത്രത്തോളം നമ്മുടെ സമൂഹത്തിൽ അംഗീകരിക്കപ്പെടും?
അതിന്റെ പിന്നിലെ തീവ്രവാദ ബന്ധമോ, ചൈനീസ്‌ കമ്യൂണിസത്തിന്റെ പേരും പറഞ്ഞ്‌ രാജ്യദ്രോഹമോ ഒക്കെ ആരോപിച്ചാൽ എത്ര മാത്രം അംഗീകരിക്കപ്പെടും..?

നിസ്സംശയം പറയാം, ഭരണകൂടങ്ങളോ പൊതുബോധമോ അതൊന്നും മുഖവിലക്കെടുക്കുകയേ ഇല്ല.,
കാരണം മോസ്‌കോയോ ക്യൂബയോ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കളല്ല, ഇന്ത്യക്ക് ഒരു തരത്തിലും ഇവരിൽ നിന്ന് സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടുമില്ല. അതിനാൽ ഈ നാമകരണങ്ങൾ കൗതുകം എന്നതിലപ്പുറം ഒരു ആശങ്കയും ജനിപ്പിക്കുകയില്ല.

ഇനി കഥ ഒന്ന് മാറ്റാം..

നമ്മുടെ കേരളത്തിലെ ഒരു നാട്ടിൽ ‘ഗാസ’ എന്ന ഒരു ബോർഡ് കാണുന്നു.
അത് വ്യാപക ചർച്ചയാവുന്നു.

പിറന്ന നാടിന്റെ മോചനത്തിനായി നൂറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിത സ്വാതന്ത്ര്യ സമരം നയിച്ച ജനതയാണു നാം ഇന്ത്യക്കാർ.
ഇസ്രായേൽ സയണിസ്റ്റ് ഭീകരരാഷ്ട്ര നിർമ്മിതിക്കു വേണ്ടി പിറന്ന നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണു പലസ്തീനിലെ ഗാസയിലെ ജനങ്ങൾ. ഇസ്രായേലിന്റെ പീരങ്കികൾക്ക്‌ മുന്നിൽ നെഞ്ചുറപ്പോടെ കല്ലും കവണയും കൊണ്ട്‌ പ്രതിരോധം സൃഷ്ടിക്കുന്ന, സ്വാതന്ത്ര്യസമരം എന്ന നിലക്ക് അവരുടെ ചെറുത്ത് നിൽപ്പിനോട് ആഭിമുഖ്യം ഉള്ളവർ സ്വാഭാവികമായി ‘ഗാസ സ്ട്രീറ്റ്‌’ എന്ന് നാമകരണം ചെയ്തു എന്നതിലപ്പുറമുള്ള ചർച്ചകൾ അവിടെ ഉടലെടുക്കും.

അതിനെ ഒരു രാജ്യാന്തര ഗൂഡാലോചനയായി ചിത്രീകരിച്ചാൽ അത് ഗൗരവത്തോടെ തന്നെ പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെടും. അതിന്റെ പിന്നിലെ തീവ്രവാദ ബന്ധം എന്ന ആരോപണം ഭരണകൂടം പരിഗണിക്കും.

പലസ്തീൻ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കളല്ല, ഇന്ത്യക്ക് ഒരു തരത്തിലും ഇവരിൽ നിന്ന് സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടുമില്ല.
എങ്കിലും ഈ നാമകരണം കൗതുകം എന്നതിലപ്പുറം ആശങ്കകൾ ജനിപ്പിക്കും. കാരണം ഇവിടെ ആരോപണ വിധേയർ ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണ് എന്നത് തന്നെ കാരണം. ഇത് സംഭവിച്ചു കഴിഞ്ഞ കാര്യമാണ്. ഇന്ന് കാസർഗോഡ്‌ മുനിസിപ്പാലിറ്റിയിലെ തുരുത്തി എന്ന കൊച്ചു പ്രദേശത്തെ ഒരു ചെറിയ റോഡ്‌ ‘ഗാസാ റോഡ്‌’ ആയത്‌ ദേശീയ മാധ്യമങ്ങൾ അടക്കം വൻ പ്രാധാന്യത്തോടെ വിവാദമാക്കുന്നതും ഈ അപരവൽക്കരണത്തിന്റെ ഭാഗമാണ്.,

ഇനി മറ്റൊന്ന്..,
ഒരു മുസ്ലിം നേതാവിന്റെ വീട്ടിൽ നിന്ന് കള്ളനോട്ടടി യന്ത്രം പിടിക്കുന്നു. ഉടൻ ചാനലുകളും അധികാരികളും ഗൗരവമായി വേരുകൾ തേടുന്നു. പാകിസ്ഥാൻ ബന്ധവും ദേശ വിരുദ്ധ ശക്തികളുടെ ഗൂഡാലോചനയും അവരുടെ ഇടപെടലുകളും ആരോപിക്കപ്പെടും. മാസങ്ങളോളം നീളുന്ന ഗൗരവകരമായ ചർച്ചകൾ ഉടലെടുക്കും. കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കാൻ വ്യാപകമായി ദേശവിരുദ്ധ ശക്തികളുടെ സഹായത്തോടെ കള്ളനോട്ടടി നടക്കുന്നു എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. ഇതും പറഞ്ഞാണ് മോഡിയുടെ കുപ്രസിദ്ധമായ നോട്ട് നിരോധനം അരങ്ങേറിയതു തന്നെ. അപ്പോൾ കള്ളനോട്ടടി രാജ്യ സുരക്ഷക്ക് ഭീഷണി എന്ന നിലയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുകയും അയാളുടെ നാടും വീടും ഒരു ഭീകരകേന്ദ്രമായി ചിത്രീകരിക്കപ്പെടുകയും, അദ്ധേഹത്തിന്റെ സമുദായത്തിനു പോലും പരസ്യമായി അയാളെ തള്ളിപ്പറയേണ്ട അവസ്ഥ ഉണ്ടാക്കുമായിരുന്നില്ലെ, ഒരു പക്ഷെ ആ മുസ്ലിം നേതാവ് പ്രവർത്തിക്കുന്ന സംഘടനയെ തന്നെ അങ്ങ്‌ നിരോധിക്കുകയും ചെയ്തേക്കാം.. ഇത് സംഭവ്യമാണ്…

രണ്ടാമത് ഒരു സംഘ് പരിവാർ നേതാവിന്റെ വീട്ടിൽ നിന്ന് കള്ളനോട്ട് മെഷീൻ പിടിക്കുന്നു. പാകിസ്ഥാൻ ബന്ധവും ദേശ വിരുദ്ധ ശക്തികളുടെ ഗൂഡാലോചനയും തേടി വല്ലാതെ ആരും പോവില്ല(പോയിട്ടുമില്ല).
ആ നിലയിൽ ഭരണകൂടവും അതിന്റെ വേരുകൾ ചികയില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കാൻ വ്യാപകമായി ദേശ വിരുദ്ധ ശക്തികളുടെ സഹായത്തോടെ കള്ളനോട്ടടി നടക്കുന്നു എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണെങ്കിലും ഇതും പറഞ്ഞാണ് കുപ്രസിദ്ധമായ നോട്ട് നിരോധനം അരങ്ങേറിയതെങ്കിലും ഈ കള്ളനോട്ടടി രാജ്യ സുരക്ഷ ക്ക് ഭീഷണി എന്ന നിലയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടില്ല..
കാരണം ഇതിലെ പ്രതി ഒരു പ്രത്യേക സമുദായത്തിലെ ആൾ എന്നതല്ല എന്നതിനാൽ തന്നെ. പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയ ബിജെപി നേതാക്കളെക്കുറിച്ച്‌ നാം വാർത്ത അറിഞ്ഞതാണല്ലൊ എന്നിട്ടൊ, എന്നിട്ടെന്താവാൻ..

മതേതര ചിന്തകളുടെ ഈറ്റില്ലമെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ മലയാളിപ്പെരുമയെയും സവർണ്ണ നിർമ്മിത പൊതുബോധം വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ചില അടയാളങ്ങളും വിശ്വാസങ്ങളുമൊക്കെ നമ്മുടെ നീതി ബോധത്തിനും അതിർ വരമ്പുകൾ നിശ്ചയിക്കുന്നു.
ഇവിടെയാണു ഡോ:ഹാദിയയെ പോലുള്ളവർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനം ഒരു പൊതുബോധക്കാരനെയും അസ്വസ്ഥപ്പെടുത്താത്തത്‌. ഇവിടെയാണു ഏതെങ്കിലും മുസ്ലിമിനെ കൊല്ലണമെന്ന ചിന്തയുമായി ഊരിപ്പിടിച്ച കഠാരയുമായി നടക്കുന്നവരുടെ കൗമാര മനസ്സുകളിലേക്ക്‌ വിഷം നിറക്കുന്നവരെക്കുറിച്ച്‌ ഒരു ചർച്ചയും നടക്കാത്തത്‌. ഇവിടെയാണു സാമാന്യ ബോധം സവർണ്ണ ബോധത്തിനു കീഴ്പ്പെട്ടു പോവുന്നത്‌.

Previous ArticleNext Article