Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം, ലേഖനം

“ന്യൂനപക്ഷങ്ങളും ദലിതുകളുമടമക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ അക്രമിക്കാനുള്ള ഒരു കാരണമായിട്ടാണ് അക്രമികള്‍ പശുവിനെ ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വരെ അക്രമങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്”.. ഹിന്ദുത്വ ഭീകരതയെക്കുറിച്ച്‌ മുസ്ലിം ലീഗ്‌ ദേശീയ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി എംപി എഴുതുന്നു..

(www.k-onenews.in)

ഇന്ത്യയില്‍ പശുവിന്റെ പേരില്‍ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ ഇത്രയും കാലം കണ്ടില്ലെന്ന് നടിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഒടുവില്‍ പ്രതികരിച്ചിരിക്കുന്നു. മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ സംഭവങ്ങള്‍ അരങ്ങേറി ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത് . എങ്കിലും പറഞ്ഞത്‌ അത്രയും നല്ലത്‌..പക്ഷേ പറഞ്ഞ്‌ വായെടുക്കും മുമ്പേ ജാര്‍ഖണ്ഡിലെ രാംഗഡിൽ നിന്നും ക്രൂരമായ മറ്റൊരു വാർത്തയാണ് വന്നിരിക്കുന്നത്‌‌. ബീഫ്‌ കൈവശം വെച്ചു എന്നാരോപിച്ച്‌ അസ്ഗർ അൻസാരി എന്ന ഒരാളെ ഇന്നും തല്ലിക്കൊന്നിരിക്കുന്നു.

ന്യൂനപക്ഷങ്ങളും ദലിതുകളുമടമക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ അക്രമിക്കാനുള്ള ഒരു കാരണമായിട്ടാണ് അക്രമികള്‍ പശുവിനെ ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വരെ അക്രമങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം ആത്മാര്‍ഥമാണെങ്കില്‍ പശുവിന്റെ പേരില്‍ രാജ്യമെങ്ങും അക്രമം നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുകയും നിഷ്ഠൂരമായ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയുമാണ് വേണ്ടത്‌.
അസഹിഷ്ണുതയുടെ രാഷ്ട്രീയ പ്രചാരണങ്ങൾ മൂലം സമീപകാലങ്ങളിൽ രാജ്യത്തെ നടുക്കിയ ചില സംഭവങ്ങൾ താഴെ ചേർക്കുന്നു.
1. സെപ്തംബര്‍ 2015: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ച് കൊന്നു.

2. ഒക്ടോബര്‍ 2015: ജമ്മു ആന്റ് കാശ്മീരിലെ അനന്താനാഗ് ജില്ലയില്‍ 16 വയസുകാരനായ ഷാഹിദ് റസൂല്‍ ഭട്ട് സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് ബോംബെറിഞ്ഞ് കൊലപ്പെടുത്തി.

3. മാര്‍ച്ച് 2016: കന്നുകാലി കച്ചവടക്കാരായ മുഹമ്മദ് മജിലൂം, ആസാദ് ഖാന്‍ എന്നിവരെ ലെത്തിഹാറില്‍ തല്ലി കൊന്നതിന് ശേഷം കെട്ടിതുക്കി. സമീപ ജില്ലയായ ചത്രയിലേക്ക് കന്നുകാലി കച്ചവടത്തിന് പോവുന്നതിന് ഇടയിലാണ് സംഘം തടഞ്ഞ് നിര്‍ത്തി അക്രമിച്ചത്.

4. ഏപ്രില്‍ 2017: കന്നുകാലി കച്ചവടക്കാരായ 20വയസിനടുത്ത് മാത്രം പ്രായമുണ്ടായിരുന്ന അബ്ദു ഹനീഫ്, റിയാസുദ്ധീന്‍ അലി എന്നിവരെ ആസാമില്‍ നാഗോണ്‍ ജില്ലയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലപ്പെടുത്തി.

5. ഏപ്രില്‍ 2017: ആല്‍വാറില്‍ ഗോ സംരക്ഷണ സേനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെഹ് ലു ഖാന്‍ കൊല്ലപ്പെട്ടു.

6. മെയ് 2017: ബുലാന്ദശഹറില്‍ ഗുലാം മുഹമ്മദിനെ മിശ്ര വിവാഹിതരായ കുടുംബത്തെ സഹായിച്ചതിന് മര്‍ദ്ദിച്ച് കൊലപെടുത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗോ സംരക്ഷണത്തിനായി രൂപികരിച്ച ഹിന്ദു യുവ വാഹിനിയെന്ന സംഘടന പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്.

7. മെയ് 2017: മധ്യ പ്രദേശിലെ ഭിംദില്‍ മുസ്ലീം യുവാക്കളെ കയ്യേറ്റം ചെയ്തു.

8. മെയ് 2017: മുന്ന അന്‍സാരിയെടക്കം ഏഴ് പേരെ കുട്ടികളെ തട്ടികൊണ്ട് പോവാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ അക്രമിച്ചു. എന്നാല്‍ മുസ്ലീം യുവാക്കള്‍ക്കെതിരെ സംഘടിതമായ അക്രമണമായിരുന്നുവെന്നാണ് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടികളെ തട്ടി കൊണ്ട് പോവാന്‍ ശ്രമിച്ചുവെന്നത് ആരോപണം മാത്രമായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ജാര്‍ഖണ്ഡില്‍ മെയ് മാസത്തില്‍ മാത്രം ഏഴ് പേരെയാണ് ആള്‍ കൂട്ടം തല്ലി കൊന്നത്.

9. മെയ് 2017: മഹാരാഷ്ട്രയിലെ ലത്തൂരില്‍ മുസ്ലീം പൊലീസുകാരനായ യുനീസിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ജയ് ഭവാനിയെന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടാന്‍ മര്‍ദ്ദിച്ചത്. സംഘപരിവാര്‍ സംഘടനയായ ശിവാജി ജയന്തി മണ്ഡലാണ് യുനീസ് ഷെയിക്കിനെ അക്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ ചെന്നാണ് 100ഓളം ശിവാജി മണ്ഡല്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അക്രമിച്ചത്‌.

10. മെയ് 2017: മഹാരാഷ്ട്ര മാലേഗാവില്‍ രണ്ട് കച്ചവടക്കാരെ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു.

11.ജൂണ്‍ 7, 2017: ജാര്‍ഖണ്ഡ് ധന്‍ബാദില്‍ ഇഫ്താര്‍ വിരുന്നായി ബീഫ് കൊണ്ട് പോവുന്നുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ അക്രമിച്ചു. 35 വയസുകാരനായ അയ്നൂല്‍ അന്‍സാരിയെയാണ് ബെക്കില്‍ പോവുമ്പോള്‍ തട്ടഞ്ഞ് നിര്‍ത്തി അക്രമിച്ചത്. 20 പേരടങ്ങുന്ന ഗോ രക്ഷ സേന പ്രവര്‍ത്തകര്‍ അക്രമിച്ചത്.

12. ജൂണ്‍ 12, 2017: രാജസ്ഥാനിലെ ബാര്‍മറില്‍ വെച്ച് തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചു. ഗോ രക്ഷാ സേനയാണ് അക്രമണം നടത്തിയത്. കന്നുകാലികളെ കൊണ്ട് വരുന്ന ട്രക്ക് തടഞ്ഞ് നിര്‍ത്തിയാണ് 50ഓളം പേരടങ്ങുന്ന സംഘം ഉദ്യോഗസ്ഥരെ അക്രമിച്ചത്.

13. ജുണ്‍ 2017. കുടുംബത്തിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നത് തട്ഞ്ഞ രാജസ്ഥാന്‍ സ്വദേശി സഫര്‍ ഹുസൈനെ തല്ലിക്കൊന്നു

14. ജുണ്‍ 2017 . ഹരിയാനയിലെ ബല്ലഭ്ഗഡിലേക്ക് ട്രെയ്നില്‍ സഞ്ചരിക്കുകയായിരുന്ന നാല് മുസ്ലീം യുവാക്കളെ പശു ഇറച്ചി കഴിക്കുന്നവരാണെന്ന് ആരോപിച്ച് ഒരു സംഘം അക്രമിച്ചു. കുത്തേറ്റ 16 വയസുകാരനായ ജുനൈദ് കൊലപ്പെട്ടു. ഈദിന് മുന്നോടിയായി സാധനങ്ങള്‍ വാങ്ങാന്‍ ഡല്‍ഹിയിലേക്ക് വന്നതിന് ശേഷം മടങ്ങുമ്പോഴാണ് മുസ്ലീം യുവാക്കളെ പശു ഇറച്ചി കഴിക്കുന്നവരാണെന്ന് പറഞ്ഞ് അക്രമിച്ചത്.

15. ജുണ്‍ 23 2017. മാഉ ജില്ലയില്‍ പള്ളിയില്‍ പ്രാര്‍ഥിക്കുകയായിരുന്ന ഇമാമിനെ വെടിവച്ച് കൊന്നു.

16. ജൂണ്‍ 2017. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളിലെ ദിനജ്പൂരില്‍ മൂന്ന് പേരെ കൊന്നു

17. ജൂണ്‍ 2017 നൂറോളം പേര്‍ ചേര്‍ന്ന് ജാര്‍ഖണ്ഡില്‍ മധ്യവയസ്‌കനെ പശുവിന്റെ ജഡം വീടിന് മുന്നില്‍ കണ്ടതിന് ക്രൂരമായി മര്‍ദിച്ച് കൊന്ന് വീടിന് തീയിട്ടു.

ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട്‌ വന്ന് അവർക്ക്‌ പരമാവധി ശിക്ഷ ലഭ്യമാക്കിയിരുന്നെങ്കിൽ ഒന്നിനു പുറകിൽ ഒന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു.
ഈ കുറ്റവാളികളെയും അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയും ഭരണകൂടവും മുന്നോട്ട്‌ വരട്ടെ. എന്നാല്‍ മാത്രമേ അങ്ങയുടെ പ്രതികരണം ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ളതാണെന്നും, ഇരകള്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയെന്നും ഇന്ത്യയിലെ ഓരോ പൗരനും വിശ്വാസമാവുകയുള്ളു.

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കും ജനാധിപത്യ സംവിധാനത്തിൽ ചില ചുമതലകളുണ്ട്‌. വലിയ ലക്ഷ്യത്തിന് വേണ്ടി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്‌ യോജിച്ച പ്രക്ഷോഭങ്ങൾ ഒറ്റക്കെട്ടായി സംഘടിപ്പിക്കാൻ സാധിക്കണം. യു.പി.എ ക്കും വലിയ ഉത്തരവാദിത്തങ്ങളുണ്ട്‌. രാജ്യത്തെ മുഴുവൻ മതേതര കക്ഷികളെയും ഒരുമിപ്പിച്ച്‌ നിർത്തുന്നതിനും പാർലമെന്റിന് അകത്തും പുറത്തും ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നതിനും നേതൃത്വം നൽകാൻ യു. പി. എ ക്ക്‌ സാധിക്കണം. തീർച്ചയായും രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്‌ പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിലാണ്.

Previous ArticleNext Article