Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി, രാഷ്ട്രീയം

ഊഹാപോഹങ്ങള്‍ സൂക്ഷിക്കുക; ഖത്തറില്‍ ഒരു യാത്രാ നിരോധനവും ഇല്ല

ദോഹ:(www.k-onenews.in)
യുഎഇയിലെ ചില മാധ്യമങ്ങള്‍ ഖത്തറിനെതിരേ കെട്ടിച്ചമച്ചതും പൊലിപ്പിച്ചതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ മാധ്യങ്ങളും ഏറ്റുപിടിക്കുന്നതോടെ പ്രവാസി കുടുംബങ്ങളിലും മറ്റും വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെടുന്നത്.
ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി എന്നതായിരുന്നു കെട്ടിച്ചമച്ച വാര്‍ത്തകളില്‍ ഏറ്റവും പുതിയത്.
ഖത്തര്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി എന്ന തലക്കെട്ടില്‍ ജൂലൈ 3ന് യുഎഇയില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഈദുല്‍ ഫിത്വറിന് മുമ്പുള്ള എല്ലാ അവധികളും റദ്ദാക്കിയതായും പ്രത്യേകിച്ചും ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലയ്ക്കാണ് ഇത് ബാധകമാക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. മറ്റു മേഖലകളിലേക്കും പിന്നീട് ഈ നിരോധനം ബാധകമാക്കിയതായും വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഖത്തറിലുള്ള ആരും ഒറ്റയടിക്ക് ചിരിച്ചുതള്ളുന്നതാണ് ഈ വാര്‍ത്ത. ഈദ് അവധി ദിനങ്ങളില്‍ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലുണ്ടായ തിരക്ക് പരിശോധിച്ചാല്‍ തന്നെ വാര്‍ത്ത നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് ബോധ്യപ്പെടും.
ഏതാനും ദിവസം മുമ്പ് ഖത്തര്‍ പെട്രോളിയം അതിന്റെ ജീവനക്കാരുടെ അവധിയും എക്‌സിറ്റ് പെര്‍മിറ്റും റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ ഒരു ജീവനക്കാര്‍ക്കും അവധിയോ എക്‌സിറ്റ് പെര്‍മിറ്റോ നിഷേധിച്ചിട്ടില്ലെന്ന് ക്യുപി വ്യക്തമാക്കി. എന്നാല്‍, നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തന സൗകര്യം പരിഗണിച്ച് നിര്‍ണായക വകുപ്പുകളിലുള്ള ജീവനക്കാരോട് അവധി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വളരെ ചുരുക്കം ജീവനക്കാര്‍ക്ക് മാത്രം ബാധകമാവുന്ന ഒരു നടപടിയായിരുന്നു ഇത്.
ഉപരോധത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ ഖത്തരി പൗരന്മാരെ അലോസരപ്പെടുത്തുന്നു എന്നായിരുന്നു ഖലീജ് ടൈംസിന്റെ മറ്റൊരു തള്ള്.(www.k-onenews.in) ഖത്തറിനു പുറത്തു നിന്നുള്ള സേനകള്‍ രാജ്യത്ത് റോന്ത് ചുറ്റുന്നതായും പ്രധാന കെട്ടിടങ്ങള്‍ക്കും മറ്റും സുരക്ഷ നല്‍കുന്നതായും വാര്‍ത്തയില്‍ പറയുന്നു. എവിടെ നോക്കിയാലും ചെക്ക്‌പോയിന്റുകളാണെന്നുവരെ എഴുതിപ്പിടിപ്പിക്കാനും റിപോര്‍ട്ടര്‍ മടിച്ചില്ല. എന്നാല്‍, ഖത്തറിലെവിടെയും അങ്ങിനെ അസാധാരണമായ ഒരു ചെക്ക് പോയിന്റുമില്ലെന്ന് ദിവസവും പുറത്തു സഞ്ചരിക്കുന്നവര്‍ക്ക് വ്യക്തമാവും. രാജ്യം ഉപരോധത്തിലാണെന്ന എന്തെങ്കിലും സൂചന പോലും പുറത്തിറങ്ങിയാല്‍ കാണില്ലെന്ന് ഖത്തറില്‍ പ്രവാസിയായ അമേരിക്കന്‍ അഭിഭാഷകന്‍ ഈയിടെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
ഖത്തര്‍ അമീറിന്റെ പാലസിന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കാവല്‍ നില്‍ക്കുന്നു എന്നായിരുന്നു അല്‍അറബിയ ഇംഗ്ലീഷ് വെബ്‌സൈറ്റിന്റെ റിപോര്‍ട്ട്. ഖത്തറിലുള്ള ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകളെ പുറത്താക്കണമെന്ന സൗദി സഖ്യത്തിന്റെ ഉപാധിക്ക് പിന്‍ബലമേകാനായിരുന്നു ഈ റിപോര്‍ട്ട്. എന്നാല്‍, ഇവിടെ ഇല്ലാത്ത റവല്യൂഷനറി ഗാര്‍ഡുകളെ എങ്ങിനെ പുറത്താക്കും എന്നാണ് ഖത്തര്‍ വിദേശ കാര്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ അമീര്‍ കഴിഞ്ഞ ദിവസം പേള്‍ ഖത്തറിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു.
ഖത്തറില്‍ ഇസ്രായേലിന്റെ എംബസിയുണ്ട് എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു നുണ. എന്നാല്‍, 2011 മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നതാണ് ഇതെന്ന് അല്‍ജസീറ തെളിവ് സഹിതം ചൂണ്ടിക്കാട്ടി. (www.k-onenews.in) ഖത്തറിലെ ഇസ്രായേല്‍ എംബസിയുടെ വിലാസം തന്നാല്‍ ലക്ഷക്കണക്കിന് റിയാല്‍ തരാമെന്ന് നിരവധി സ്വദേശികള്‍ പ്രഖ്യാപിച്ചതോടെ പ്രചാരകര്‍ മുങ്ങി.
ലണ്ടനിലെ ഖത്തരി ഉടമസ്ഥതയിലുള്ള ഹാരോഡ്‌സ് ഷോപ്പ് സൗദി, ഇമാറാത്തി, ബഹ്്‌റയ്‌നി ഉപഭോക്താക്കള്‍ക്കെതിരേ ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന സൗദി പത്രം ഉക്കാസിന്റെ വാര്‍ത്തയും നുണയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു.
നേരത്തേ അറബിക് പത്രങ്ങളില്‍ മാത്രം വന്നിരുന്ന ഇത്തരം നുണകള്‍ ഇപ്പോള്‍ ഇംഗ്ലീഷിലും വന്ന് തുടങ്ങിയിട്ടുണ്ട്. എക്കോണമിക് ടൈംസ് പോലുള്ള ഇന്ത്യന്‍ പത്രങ്ങളും ഫസ്റ്റ് പോസ്റ്റ് പോലുള്ള വെബ്‌സൈറ്റുകളും ഇതു പകര്‍ത്തി എഴുതുന്നത് പ്രവാസികളിലും കുടുംബങ്ങളിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഖത്തറില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു എന്ന മട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പിന്നീട് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വിശദീകരണമിറക്കി.

Previous ArticleNext Article