കർണാടക, പുതിയ വാർത്തകൾ

ബണ്ട്‌വാളില്‍ വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ മരിച്ചു

bantwal rss

ബണ്ട്‌വാള്‍: കര്‍ണാടകയിലെ ബണ്ട്‌വാളില്‍ വെട്ടേറ്റ് ചികില്‍സയിലായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്ത് മടിവാള (28)യാണ് മരിച്ചത്. ജൂലൈ 4ന് വെട്ടു കൊണ്ട ശരത്ത് മൂന്ന് ദിവസമായി ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.
ബിസി റോഡില്‍ ഉദയ എന്ന പേരില്‍ അലക്കു കട നടത്തി വരികയായിരുന്ന ശരത്തിനെ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. നാട്ടുകാരായ അബ്ദുല്‍ റൗഫും, പ്രവീണും ചേര്‍ന്നാണ് ശരത്തിനെ ആശുപത്രിയിലെത്തിച്ചത്.
മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കണ്ടൂരിലെ തനിയപ്പയുടെ ഏകമകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബണ്ട്‌വാളിലും പരിസരങ്ങളിലും സംഘര്‍ഷം നടന്നുവരികയാണ്. ഇതേതുടര്‍ന്ന് ഇവിടെ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിരുന്നു.
എസ്ഡിപിഐ നേതാവായ അഷ്‌റഫ് കലായിയെ ആര്‍എസ്എസ് ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതികള്‍ പിടിയിലായിട്ടുണ്ട്.
ശരത്തിന്റെ മൃതദേഹം നാളെ രാവിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. സംഭവത്തെ തുടര്‍ന്ന് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് ശരത്തിന്റെ ബന്ധുക്കളും ആര്‍എസ്എസ് നേതാക്കളും ആശുപത്രിയിലെത്തി.
ബണ്ട്‌വാള്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് വാരകള്‍ അകലെ വച്ചാണ് ചൊവ്വാഴ്ച രാത്രി 9.30ഓടെ ശരത് അക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയവരാണ് അക്രമിച്ചതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. കഴുത്തിനും തലയിലുമാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള പരിക്കേറ്റത്. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമാവാം അക്രമത്തിന് പിന്നിലെന്ന് പോലിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Previous ArticleNext Article