കർണാടക, പുതിയ വാർത്തകൾ

മംഗലാപുരത്ത് സംഘപരിവാര പ്രവര്‍ത്തകന് വെട്ടേറ്റു

മംഗലാപുരം: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മംഗലാപുരം ഭാഗത്ത് യുവാവിന് കുത്തേറ്റു. സംഘപരിവാര പ്രവര്‍ത്തകനായ കുത്താറിലെ ചിരഞ്ജീവി(24)യാണ് അക്രമിക്കപ്പെട്ടത്.
കുത്താറിനു സമീപത്തെ അംബലമൊഗറുവില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ചിരഞ്ജീവിയുടെ തലയ്ക്ക് വാളു കൊണ്ട് വെട്ടിയത്. ജിംനേഷ്യത്തില്‍ നിന്ന് കളി കഴിഞ്ഞ് മടങ്ങവേയാണ് സംഭവം. അക്രമികള്‍ ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് അക്രമം നടന്നത്. മാരകമായ പരിക്കുകളോടെ കുത്താറിലേക്കു സ്വയം ബൈക്കോടിച്ച ചിരഞ്ജീവ് കുറച്ചപ്പുറത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ചിരഞ്ജീവി ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും അതല്ല ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്നും പറയപ്പെടുന്നു. ഒരു സ്‌കോര്‍പിയോയില്‍ ആയുധങ്ങളുമായി സംഘം കറങ്ങുന്നത് കണ്ടിരുന്നുവെന്നും അവരാണോ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ചിരഞ്ജീവിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
നേരത്തെ ഇര്‍വത്തൂര്‍ പടവിലെ മുഹമ്മദ് റിയാസിനെ (26) ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ റിയാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബണ്ട്‌വാള്‍ സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്ത് മടിവാള (28)യുടെ മൃതദേഹത്തിന്റെ വിലാപ യാത്രക്കിടെയായിരുന്നു ആക്രമണം.

Previous ArticleNext Article