Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം, ലേഖനം

“ഒന്നാം സ്വാതന്ത്ര്യ സമരം മുതലിങ്ങോട്ട്‌ നൂറുകണക്കിന്‌ മുസ്ലിം കുരുതികൾ നടക്കാതെ ഒരൊറ്റ ദിവസം പോലും അവസാനിച്ചിട്ടില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു, ഇന്ത്യയിലെ മറ്റേതൊരു ജ‌നതക്കാണ്‌ ഇത്തരമൊരു ചരിത്രം പറയാനുള്ളത്‌‌?”.. ദളിത്‌-മുസ്ലിം സംവരണത്തെ എതിർക്കുന്നവർക്ക്‌ മറുപടി.. ജസീം ചേരാപുരം എഴുതുന്നു

(www.k-onenews.in)

ജസീം ചേരാപുരം

ദളിത്‌ മുസ്ലിം സംവരണം, ദളിത്‌ സംവരണത്തെ അനുകൂലിക്കുന്ന പലർക്കും മുസ്ലിം സംവരണത്തോട്‌ എതിർപ്പാണ്‌, ചരിത്രത്തിൽ ദളിതുകൾ അനുഭവിച്ചതിനു സമാനമായ എന്ത്‌ വിവേചനമാണ്‌ മുസ്ലിംകൾക്ക്‌ നേരിട്ടത്‌ എന്ന ചോദ്യമൊക്കെ ഒരർത്ഥത്തിൽ ന്യായവുമാണ്‌. എന്നാൽ സംവരണം എന്നത്‌, ചരിത്രത്തോടുള്ള പ്രായശ്ചിത്തം മാത്രമല്ലെണ്‌ അവർ മനസ്സിലാക്കേണ്ടത്‌‌, “Caste based reservation system is an affirmative action program for protecting the oppressed castes of India from caste based discrimination”. അതായത്‌ പൂർവ്വികർ അനുഭവിച്ചിട്ടുള്ള വിവേചനങ്ങൾക്കുള്ള പ്രായശ്ചിത്തം എന്ന നിലക്കല്ല, മറിച്ച്‌ ഇന്നും തുടരുന്ന ജാതീയ വിവേചനങ്ങളെ മറികടന്ന് സമൂഹത്തിലെ ഓരോ വിഭാഗങ്ങൾക്കും സാമൂഹികനീതി ഉറപ്പു വരുത്താൻ വേണ്ടി ഭരണഘടന ആവിഷ്കരിച്ച പദ്ധതിയാണ്‌‌ സംവരണം. Constitutional mechanism എന്നാണ്‌ ബഹു: അംബേദ്കർ സംവരണത്തെ വിശേഷിപ്പിച്ചത്‌. ഇന്ന് ഇന്ത്യയിലെ മുസ്ലിംകൾ യാതൊരു വിവേചനവും നേരിടുന്നില്ല എന്നു പറയാൻ സംഘികൾക്കേ സാധിക്കുകയുള്ളൂ..

പലരും പ്രസംഗിക്കാറുള്ളതുപോലെ, ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക്‌ പിന്തള്ളപ്പെട്ടവരാണ്‌ മുസ്ലിംകൾ. എന്താണ്‌ ഈ ചരിത്രപരമായ കാരണങ്ങളെന്ന് നിങ്ങൾക്കറിയാമോ, നീണ്ട നാനൂറ്റി അൻപതു വർഷക്കാലത്തോളം ഇന്ത്യയിലെ വൈദേശിക ആധിപത്യത്തിനെതിരെ നടത്തിയ സന്ധിയില്ലാ സമരം, അതാണ്‌ ചങ്ങാതിമാരേ ഈ ചരിത്രപരമായ കാരണം. ആ പോരാട്ടങ്ങളുടെ ചരിത്രം, 1498ൽ വാസ്ഗോഡി ഗാമ കാപ്പാട്‌ കടപ്പുറത്ത്‌ കപ്പലിറങ്ങിയ അന്നുതൊട്ട്‌, അതായത്‌ കുഞ്ഞാലി മരക്കാർ ഒന്നാമനിൽ നിന്നു തുടങ്ങും, അവിടെനിന്ന് ഇങ്ങോട്ട്‌, രണ്ടാമനും മൂന്നാമനും നാലാമനും കടന്ന്, ഇന്ത്യയിലെ നികുതി നിഷേധ സമരത്തിന്റെ ഉപജ്ഞ്യാദാവായ ഉമർ ഖാസിയും സൈനുദ്ദീൻ മഖ്ദൂമുമാരും മമ്പുറംതങ്ങളും ആലി മുസ്ലിയാരും തുടങ്ങി, 1921ൽ ഏറനാട്‌-വള്ളുവനാട്‌ മേഖലയിൽ നിന്നും സർവ്വായുധ സജ്ജരായ ബ്രിട്ടീഷ്‌ സൈന്യത്തെ തുരത്തി സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം നടത്തിയ വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയിലും അവസാനിക്കാത്ത തീക്ഷ്ണമായ പോരാട്ടങ്ങളുടെ ചരിത്രമാണത്‌‌, ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ട്‌ നൂറുകണക്കിന്‌ മുസ്ലിം കുരുതികൾ നടക്കാതെ ഒരൊറ്റ ദിവസം പോലും അവസാനിച്ചിട്ടില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു, ഇന്ത്യയിലെ മറ്റേതൊരു ജ‌നതക്കാണ്‌ ഇത്തരമൊരു ചരിത്രം പറയാനുള്ളത്‌‌?.

സിനിമകളിലും സാഹിത്യങ്ങളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, മുസ്ലിംകൾ പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ ആർജ്ജിച്ചെടുത്ത ബൗദ്ധിക വളർച്ചയെ ഒരുതരത്തിലും അംഗീകരിക്കാൻ കൂട്ടാക്കാതെ മ്ലേച്ചമായ ഭാഷയിലും പഴഞ്ചൻ വസ്ത്രങ്ങളിലും കാഴ്ചപ്പാടുകളിലും തളച്ചിടുന്നവർ, വൈദേശിക ആധിപത്യത്തിനു മുൻപത്തെ മുസ്ലിംകളുടെ സോഷ്യൽ സ്റ്റാറ്റസുകൂടെ മനസ്സിലാക്കണം. പോർച്ചുഗീസ്‌ രാജാവായിരുന്ന മാന്വൽ II സാമൂതിരിക്ക്‌ കൈമാറാൻ വാസ്ഗോഡി ഗാമ സമക്ഷം കൊടുത്തയച്ച പോർച്ചുഗീസ്‌ ഭാഷയിൽ എഴുതിയ സന്ദേശം വായിക്കാൻ സാമൂതിരി ആശ്രയിച്ചത്‌ അന്നത്തെ കോഴിക്കോട്‌ വലിയ ഖാസിയെ ആയിരുന്നു എന്നത്‌ ചരിത്രകാരൻ എംജിഎസ്‌ നാരായണൻ സാക്ഷ്യപ്പെടുത്തുന്നു. അന്നത്തെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ നിലവാരവും ലോകജ്ഞാനവും എന്തായിരുന്നു എന്നതിലേക്കുള്ള ചൂണ്ടുപലകയാണത്‌. അതിൽനിന്നും എങ്ങിനെയാണ്‌ മുസ്ലിംകൾ പുറകോട്ടുപോയത്‌?. ചരിത്ര ബോധമില്ലാതെ പലരും മുസ്ലിംകളുടെ മത യാഥാസ്ഥികത‌ എന്നുപറയും, എന്നാൽ വസ്തുത അതല്ലെന്നറിയുക.

സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രിട്ടീഷുകാർക്കെതിരെ എന്തൊക്കെ സമരരീതികളെ കുറിച്ച്‌ നമുക്കറിയാം?. നികുതി നിഷേധ സമരം, ബഹിഷ്കരണ സമരം, ഇതൊക്കെ ഗാന്ധിയൻ സമര രീതികളായാണ്‌ നാമൊക്കെ പഠിച്ചു പരീക്ഷ പാസായത്‌,

അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യക്കാരായ ബഹുഭൂരിപക്ഷത്തേയും ബ്രിട്ടീഷ്‌ രാജിനെതിരെ അണിനിരത്തുന്നതിലുള്ള ഗാന്ധിജിയുടെ പങ്ക്‌ നിസ്തർക്കവുമാണ്‌. എന്നാൽ ഗാന്ധിജി നികുതി നിഷേധ സമരത്തിന്‌ ആഹ്വാനംചെയ്യുന്നത്‌ 1925ൽ ബർദ്ദോളിയിലെ കർഷകർ നടത്തിയ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നെങ്കിൽ, അതിനു മുൻപ്‌ 1819ൽ ദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിട്ടീഷുകാർക്ക് അർഹതയില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ വെളിയങ്കോട്‌ ഉമർഖാസി നികുതി നിഷേധ സമരത്തിന്‌ ആഹ്വാനം ചെയ്യുകയും അറസ്റ്റുവരിക്കുകയും ചെയ്തിട്ടുണ്ടെന്ന് നമ്മൾ അറിയണം.

പിന്നെ ബഹിഷ്കരണ സമരം, ബ്രിട്ടീഷ്‌ ഉത്പന്നങ്ങൾ പ്രശ്നാധിഷ്ടിതമായി ബഹിഷ്കരിക്കുകയും തധ്വാരാ ബ്രിട്ടീഷുകാരെ സമ്മർദ്ധത്തിലാക്കി ആവശ്യങ്ങൾ അംഗീകരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഗാന്ധിജിയുടെ മറ്റൊരു രീതി, എന്നാൽ മലബാറിലെ മുസ്ലിം പണ്ഡിതന്മാർ ഗാന്ധിജിക്കും നൂറ്റാണ്ടുമുൻപ്‌, ബ്രിട്ടീഷ്‌ ഉത്പന്നങ്ങൾ മാത്രമല്ല, അവന്റെ ഭാഷയും ബഹിഷ്കരിച്ചു, അന്യായമായി തങ്ങൾക്കുമേൽ അധീഷത്വം സ്ഥാപിച്ചവനു സുഖമമായി ഭരണംനടത്താൻ അവന്റെഭാഷ നമ്മളെക്കൊണ്ട്‌ പഠിപ്പിക്കുകയാണെന്നും, അവൻ വേണമെങ്കിൽ നമ്മുടെഭാഷ പഠിക്കട്ടെ എന്നുമായിരുന്നു അവരുടെ നിലപാട്‌, ഇംഗ്ലീഷ്‌ ഭാഷയെ നരകത്തിലെ ഭാഷയാക്കി എന്ന ആനുകാലിക പരിഹാസത്തിന്റെ യഥാർത്ഥ രാഷ്ട്രീയം മനസ്സിലാക്കേണ്ടത്‌ അതിൽനിന്നാണ്‌. വൈസ്രോയിക്ക്‌ പായവിരിക്കുകയും, കുനിയാൻ പറഞ്ഞപ്പോൾ കുമ്പിടുകയും ചെയ്തവർക്കിടയിൽ മുസ്ലിം ജനത ചങ്കൂറ്റത്തോടെ നിലകൊണ്ടു, അതിന്റെ ഫലമായി അവരുടെ നേതാക്കൾ നാടുകടത്തപ്പെട്ടു, പുരുഷന്മാർ തെരെഞ്ഞുപിടിച്ച്‌ കൊലചെയ്യപ്പെട്ടു, സ്ത്രീകൾ പിച്ചിച്ചീന്തപ്പെട്ടു, കുഞ്ഞുങ്ങൾ അനാഥരായി, സമ്പത്തുകൾ‌ അന്യാധീനപ്പെടുകയും ചാമ്പലാക്കപ്പെടുകയും ചെയ്തു, കോളനി‌ വിരുദ്ധ സമരങ്ങളുടെ ഫലമായി മറ്റുള്ളവരെ അപേക്ഷിച്ച്‌ അരനൂറ്റാണ്ടു പിന്നിലേക്കാണ്‌ മുസ്ലിംകൾ വലിച്ചെറിയപ്പെട്ടത്‌‌, ഇതൊക്കെയാണ് മുസ്ലിംകൾ സമൂഹത്തിന്റെ പുറമ്പോക്കിലായതിന്റെ ചരിത്രപരമായ കാരണങ്ങൾ‌, ഞാൻ പറഞ്ഞത്‌ കേരളത്തിന്റെ മാത്രം ചരിത്രമാണ്‌, ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതിൽനിന്നും വിഭിന്നമല്ല, സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്നിട്ടുള്ള നൂറുകണക്കിനു മുസ്ലിം വിരുദ്ധ കലാപങ്ങളും ഇതിനോട്‌ ചേർത്തുവായിക്കണം.

ആവർത്തിക്കുന്നു, ചരിത്രത്തോടുള്ള പ്രായശ്ചിത്തമല്ല, മറിച്ച്‌ ഇന്നും ജാതീയമായ വിവേചനങ്ങൾ നേരിടുന്നതിനാലാണ്‌‌‌ മുസ്ലിം സംവരണവും പ്രസക്തമാവുന്നത്‌. ദില്ലിയിലും പൂനെയിലും മാത്രമല്ല, നമ്മുടെ കേരളത്തിൽ പോലും മുസ്ലിമായതിന്റെപേരിൽ വാടകക്ക്‌ ഫ്ലാറ്റുപോലും ലഭിക്കാത്ത ഈ സാഹചര്യത്തിൽ, മുസ്ലിമാണ്‌ എന്ന ഒറ്റക്കാരണത്താൽ അനുദിനം കൊല്ലപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും, കോടതികൾ അടക്കമുള്ള ഭരണകൂട സ്ഥാപങ്ങളിൽനിന്നും നിരന്തരം നീതിനിഷേധിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുമ്പോഴും മാധ്യമങ്ങളിൽ വാർത്താപ്രാധാന്യമോ സമൂഹത്തിൽ ചർച്ചാ പ്രാധാന്യമോ ലഭിക്കാത്ത ഈ സാഹചര്യത്തിൽ, ഒരു രാഷ്ട്രീയപ്പാർട്ടി അർഹമായ ആവശ്യങ്ങൾക്കുവേണ്ടി അവർ ഉൾകൊള്ളുന്ന മുന്നണിയിൽ സമ്മർദ്ധം ചെലുത്തിയപ്പോൾ ജാതിയുടെ കണക്കുപറഞ്ഞ്‌ അതിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നത്‌ നിർവ്വികാരതയോടെ നോക്കിനിന്ന ഈ സമൂഹത്തിൽ മുസ്ലിംകൾ ജാതീയമായ വിവേചനം നേരിടുന്നില്ലെന്ന് ആർക്കാണ്‌ പറയാൻ സാധിക്കുക?. മുസ്ലിംകളുടെ സാമ്പത്തിക വളർച്ചയെ ചൂണ്ടിക്കാട്ടിയാണ്‌, പലരും ഇത്തരം ചോദ്യങ്ങളെ മുഴുവൻ പ്രതിരോധിക്കുക, അവർ സാമ്പത്തിക സംവരണത്തിനുവേണ്ടിയാണ്‌ വാദിക്കുന്നത്‌‌, അവർക്ക്‌ സംവരണത്തിന്റെ എബിസിഡി അറിയില്ല, ആളോഹരിവരുമാനം പരിഗണിച്ചാൽ മുസ്ലിം സമുദായത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ മാത്രമുള്ള സാമ്പത്തിക സ്ഥിതിയൊക്കെ ഒരുപക്ഷേ ഒരു ഓർഗ്ഗനൈസിഡ്‌ കമ്മ്യൂണിറ്റി എന്ന നിലയിൽ മുസ്ലിംകൾക്കുണ്ട്‌, എന്നാൽ നിരന്തരം മുസ്ലിംകൾക്കെതിരിൽ വെറുപ്പ്‌ പടർത്തപ്പെടുന്ന, കലാപങ്ങൾക്ക്‌ കോപ്പുകൂട്ടപ്പെടുന്ന ഈ സാഹചര്യത്തിൽ ഇക്കാണുന്ന സാമ്പത്തിക സ്ഥിതിയെ സാമ്പത്തിക സുസ്ഥിരത എന്നുപോലും വിളിക്കാൻ കഴിയില്ല എന്നാണ്‌ എന്റെ പക്ഷം, കാരണം ഒറ്റയിളക്കത്തിൽ ചാമ്പലാക്കപ്പെടാവുന്ന വിഭവങ്ങളാണ്‌ ഇതൊക്കെ.

Previous ArticleNext Article