അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി

വോഡഫോണ്‍ ഖത്തര്‍ പ്രവര്‍ത്തന രഹിതമായി ഒന്നര ദിവസം; നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി

ദോഹ:(www.k-onenews.in)

ഖത്തറിലെ ടെലികോം സേവന ദാതാവായ വോഡഫോണിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര ദിവസം. വിദേശത്തു നിന്നുള്ള നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍മാര്‍ എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി കമ്പനി അറിയിച്ചിട്ട് മണിക്കൂറുകള്‍ ആയെങ്കിലും എപ്പോള്‍ ശരിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും പറയുന്നില്ല.
അതേ സമയം, നെറ്റ്‌വര്‍ക്ക് ഡിസ്‌കണക്ട് ആയതിന്റെ പേരില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രാഥമിക നടപടി എന്ന നിലക്ക് ഇന്നലെ രാത്രി ബാലന്‍സ് കാലാവധി കഴിഞ്ഞവര്‍ക്ക് ജൂലൈ 28 വരെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. അടുത്ത 10 ദിവസത്തിനകം ബാലന്‍സ് കാലാവധി തീരുന്നവര്‍ക്കും 28 ജൂലൈ വരെ കാലാവധി ലഭിക്കുന്ന രീതിയില്‍ നീട്ടി നല്‍കും. നഷ്ടപരിഹാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് കമ്പനി സോഷ്യല്‍ മീഡിയ വഴി നല്‍കുന്ന വിവരം.
ഇന്നലെ പുലര്‍ച്ചെയോടെയാണ് വോഡഫോണ്‍ ഖത്തര്‍ രാജ്യത്ത് പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചത്. പലര്‍ക്കും ഇതു മൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു വലിയ വിഭാഗം ഉപഭോക്താക്കള്‍ ഉരീദുവിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതായാണ് വിവരം.
സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി(സിആര്‍എ) അറിയിച്ചു. തിങ്കളാഴ്ച രാവിലെ 3.30 മുതലാണ് നെറ്റ്‌വര്‍ക്ക് ഡിസ്‌കണക്ട് ആയതെന്ന് അതോറിറ്റി അറിയിച്ചു. ജൂലൈ 20ന് അകം വിശദമായ റിപോര്‍ട്ട് നല്‍കാന്‍ അതോറിറ്റി വോഡഫോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വീസ് തടസ്സപ്പെട്ടതിന് ഉപഭോക്താക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണെന്നും അതോറിറ്റി അറിയിച്ചു.

Previous ArticleNext Article