Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, പ്രവാസി

ഖത്തറിനെതിരായ ഉപരോധം: സൗദി സഖ്യം 13 ഉപാധികള്‍ ഒഴിവാക്കി; അല്‍ജസീറ പൂട്ടേണ്ട

ദോഹ: (www.k-onenews.in)

ഖത്തറിനെതിരായ ഉപരോധം നീക്കുന്നതിന് കഴിഞ്ഞ മാസം മുന്നോട്ട് വച്ച 13 ഉപാധികള്‍ ഒഴിവാക്കുന്നതായി സൗദി സഖ്യം. കുറേക്കൂടി വിശാലമായ ആറ് തത്വങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിലപാട്. സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ യുഎന്നിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസം പിന്നിട്ടിട്ടും ഉപരോധം യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്നും ഖത്തര്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും വ്യക്തമായ സാഹചര്യത്തിലാണ് സൗദി സഖ്യം നിലപാട് മയപ്പെടുത്തിയത്.
ഭീകരതയ്‌ക്കെതിരേ പോരാടുക, ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും സുരക്ഷിത താവളവും നല്‍കാതിരിക്കുക, അക്രമവും സംഘര്‍ഷവും ഇളക്കി വിടാതിരിക്കുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, 2013ലെ റിയാദ് കരാറും 2014ലെ ഉപ കരാറും നടപ്പാക്കുക, 2017 മെയില്‍ റിയാദില്‍ നടന്ന അറബ് ഇസ്‌ലാമിക അമേരിക്കന്‍ ഉച്ചകോടിയുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക തുടങ്ങിവയാണ് പുതിയ ഉപാധികള്‍. ഇവ ഏത് രീതിയില്‍ നടപ്പാക്കാമെന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കാവുന്നതാണ്.
അല്‍ജസീറ അടച്ചു പൂട്ടുക, മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്തുക, തുര്‍ക്കി സൈനിക താവളം പൂട്ടുക, നഷ്ടപരിഹാരം നല്‍കുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകകടത്തുന്ന ഉപാധികളെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്ന ഒരു നിര്‍ദേശവും സ്വീകാര്യമല്ലെന്ന് നേരത്തേ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിര്‍ദേശങ്ങളോട് ഖത്തറിന്റെ പ്രതികരണം വ്യക്തമായിട്ടില്ല.

Previous ArticleNext Article