Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌ ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം; യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും മർദ്ധിക്കുന്നതായും വ്യാപക പരാതി

IMG_8879

നീലേശ്വരം: (www.k-onenews.in)

നീലേശ്വരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ ഗുണ്ടാ സംഘങ്ങൾ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയരുന്നു.

രാത്രി കാലങ്ങളിൽ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന യാത്രക്കാരെയും യാത്രയാക്കാൻ വരുന്ന ബന്ധുക്കളെയും മറ്റും ഇവർ ഭീഷണിപ്പെടുത്തുകയും മർദ്ധിക്കുകയും ചെയ്യുന്നതായാണു ആക്ഷേപമുയരുന്നത്‌.

റെസിഡൻസ്‌ അസോസിയേഷന് വേണ്ടി കാവലിരിക്കുന്നവരെന്ന് സ്വയം അവകാശപ്പെടുന്നവരാണു അക്രമങ്ങൾക്ക്‌ നേതൃത്വം നൽകുന്നതെന്നാണു വിവരം.
സംഘപരിവാർ സംഘവുമായി ബന്ധമുള്ളവരാണിവർ.

കഴിഞ്ഞ ദിവസം കോഴിക്കോട്ട്‌ നിന്നും പുലർച്ചെ നീലേശ്വരത്ത്‌ വന്നിറങ്ങിയ ചെറുവത്തൂരിലെ മദ്രസാധ്യാപകനെ ഇക്കൂട്ടർ ഭീഷണിപ്പെടുത്തിയതാണു ഏറ്റവും പുതിയ സംഭവം. ചെറുവത്തൂർ സ്റ്റേഷനിൽ ഇറങ്ങേണ്ട ഇദ്ധേഹം ട്രെയിനിൽ വെച്ച്‌ മയങ്ങിപ്പോയതിനാൽ നീലേശ്വരത്ത്‌ ഇറങ്ങുകയായിരുന്നു. ട്രെയിൻ സ്‌റ്റേഷൻ വിട്ട ഉടനെ രണ്ടു പേർ വന്ന് പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന ഇദ്ധേഹത്തെ ചോദ്യം ചെയ്യുകയും, ആധാർ കാർഡ്‌ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മൊബയിലിലൂടെ മറ്റു സംഘാംഗങ്ങളെ വിവരമറിയിക്കുകയും മുഖം മറച്ച്‌ ഇരുമ്പ്‌ വടികളുമായി കൂടുതൽ പേരെത്തുകയും ഇദ്ധേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തങ്ങൾ ഏർപ്പാടാക്കുന്ന വാഹനത്തിൽ മാത്രമേ പോകാൻ പാടുള്ളൂ എന്നും ചട്ടം കെട്ടി. മർദ്ധിക്കാനൊരുങ്ങുമ്പോൾ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണു ഇദ്ധേഹത്തെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്.

സംഭവം അപ്പോൾ തന്നെ റെയിൽവേ അധികൃതരുടെയും പോലീസ്‌ അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത്‌ നിന്ന് യാതൊരു നീക്കവുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്‌.

ചൂരിയിൽ റിയാസ്‌ മൗലവിയെ ആർഎസ്‌എസ്‌ പ്രവർത്തകർ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ ശേഷം ഉസ്താദുമാരുടെ‌ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ടായിരിക്കെയാണ് സംഭവം.

പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന ഇത്തരം അക്രമിക്കൂട്ടങ്ങളെ ഭയന്ന് വീട്ടിനു പുറത്തിറങ്ങാതിരിക്കുകയാണോ ചെയ്യേണ്ടതെന്ന് യാത്രക്കാർ ചോദിക്കുന്നു.

പലപ്പോഴും ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും അക്രമി സംഘത്തിനെതിരെ യാതൊരു നടപടിയുമെടുക്കാത്ത അധികാരികൾ അലംഭാവം വെടിയണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്‌.

Previous ArticleNext Article