Hot, ദേശീയം, പുതിയ വാർത്തകൾ

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടുചോര്‍ച്ച തടയാനായില്ല- കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അങ്കലാപ്പില്‍: ഒരു എംഎല്‍എ പോലുമില്ലാത്ത ത്രിപുരയില്‍ കോവിന്ദിന് ഏഴു വോട്ട് ലഭിച്ചു

ന്യു ഡൽഹി: (www.k-onenews.in) രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് സ്വന്തം ക്യാമ്പില്‍ നിന്ന് അപ്രതീക്ഷിതമായി വോട്ടുചോര്‍ന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അങ്കലാപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ പെട്ടിയില്‍ വീണത്.

അരുണാചലില്‍ കോണ്‍ഗ്രസ് വിട്ട എല്ലാ എം.എല്‍.എമാരും കോവിന്ദിന് വോട്ടു ചെയ്തു. കോണ്‍ഗ്രസ് വിട്ടുപോകാത്ത മുന്‍ മുഖ്യമന്ത്രി നബാംതുകിയുടെ മൂന്നു വോട്ടു മാത്രം മീരയ്ക്ക് കിട്ടി.

776 എം.പിമാരും 4120 എം.എല്‍.എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളേജ് രഹസ്യ ബാലറ്റിലൂടെയാണ് പുതിയ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്. ഈമാസം 17നായിരുന്നു വോട്ടെടുപ്പ്. കോവിന്ദിന് 2930 അംഗങ്ങളും(വോട്ടുമൂല്യം 7,02,044) പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് 1844 പേരും (വോട്ടുമൂല്യം 3,67,314) വോട്ടു ചെയ്തു.

സാധാരണ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ല. അതു കൊണ്ടു തന്നെ ക്രോസ് വോട്ടിങ് ഉണ്ടാകും. മികച്ച സ്ഥാനാര്‍ത്ഥി കൂടിയായ മീരാ കുമാറിന് ക്രോസ് വോട്ടിങ് വഴി കുറച്ചു വോട്ടുകള്‍ ലഭിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം എന്നാല്‍ ഇത് തകിടം മറിയുന്ന കാഴ്ചയാണ് വോട്ടെടുപ്പില്‍ കണ്ടത്.

ഗോവ, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കോവിന്ദിന് അനുകൂലമായി ക്രോസ് വോട്ടിങ് നടത്തിയത്. ഡല്‍ഹിയില്‍ ആം ആദ്മിയുടെ വോട്ടും ചോര്‍ന്നു. എ.എ.പി എം.എല്‍.എമാരാണ് കോവിന്ദിനെ പിന്തുണച്ചത്. അതേസമയം, കര്‍ണാടക പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടു കൂടി. ഗുജറാത്തില്‍ എട്ട് എം.എല്‍.എമാര്‍ കോവിന്ദിന് അനുകൂലമായി വോട്ടു ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ഇത് കോണ്‍ഗ്രസിന് ഏറെ ക്ഷീണം ചെയ്യും. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.

പശ്ചിമബംഗാളില്‍ 11 വോട്ടാണ് മറിഞ്ഞത്. ഇത് തൃണമൂലിന്റേതാണോ സി.പി.എമ്മിന്റേതാണോ എന്നതില്‍ വ്യക്തതയില്ല. ഒരു എം.എല്‍.എ പോലുമില്ലാത്ത ത്രിപുരയില്‍ കോവിന്ദിന് ഏഴു വോട്ട് ലഭിച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി പാര്‍ട്ടയില്‍ നിന്ന ചോര്‍ന്നത് 13 വോട്ട്. 83 പ്രതിപക്ഷ എം.എല്‍.എമാരുള്ള സഭയില്‍ നിന്ന് മീരാകുമാറിന് 77 വോട്ടു മാത്രമേ നേടാനായുള്ളൂ.

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കളം മാറിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ എട്ട് സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എമാര്‍ കോവിന്ദിനെ പിന്തുണച്ചു. അസമില്‍ 39 വോട്ടാണ് മീരയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കിട്ടിയത് 35. 87 വോട്ട് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് 91 എണ്ണം കിട്ടുകയും ചെയ്തു.

ഡല്‍ഹി, കേരളം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മീരാകുമാറിനായിരുന്നു മുന്‍തൂക്കം. കേരളത്തിലെ 139 എം.എല്‍.എമാരില്‍ 138 പേരുടേയും വോട്ട് (വോട്ടുമൂല്യം 20976) മീരാകുമാറിന് ലഭിച്ചപ്പോള്‍ കോവിന്ദിന് ബി.ജെ.പി എം.എല്‍.എ രാജഗോപാലിന്റെ വോട്ട്(വോട്ടുമൂല്യം 152) മാത്രമാണ് ലഭിച്ചത്.

ഗുജറാത്തില്‍ നടന്നത് 

ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കാത്തതില്‍ മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ് വഗേലയ്ക്ക് അതൃപ്തിയുണ്ട്്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചു എന്നാണ് നേതൃത്വം കരുതുന്നത്. വഗേലയെ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് തേടിയതായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് 57 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇതില്‍ 49 പേരുടെ വോട്ടു മാത്രമാണ് മീരയ്ക്ക് ലഭിച്ചത്. ഒരു വോട്ടും അസാധുവായി പ്രഖ്യാപിച്ചിട്ടുമില്ല.

74ന് ശേഷമുള്ള ഏറ്റവും കുറവ് വോട്ടുമൂല്യം

1974ന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടു മൂല്യമാണ് തെരഞ്ഞെടുപ്പില്‍ കോവിന്ദിന് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇത്തവണ കോവിന്ദിന് 65.65 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ പ്രണബ് മുഖര്‍ജിക്ക് ഇത് 69.31 ശതമാനവും 2017ല്‍ പ്രതിഭാ പാട്ടീലിന് 65.82 ശതമാനവുമായിരിരുന്നു.

1997ല്‍ കെ.ആര്‍ നാരായണന്‍ 94.97 ശതമാനവും 2002ല്‍ എ.പി.ജെ അബ്ദുല്‍ കലാം 89.57 ശതമാനവും വോട്ടു നേടിയാണ് രാഷ്ട്രപതി സ്ഥാനത്തെത്തിയത്. 1997ല്‍ നീലം സജ്ഞീവ് റെഡ്ഢി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1982ല്‍ സെയില്‍ സിങിന് 72.73 ശതമാനവും 1987ല്‍ ആര്‍. വെങ്കിട്ടരാമന് 72.28 ശതമാനവും വോട്ടു ലഭിച്ചു. 1992ല്‍ ശങ്കര്‍ദയാല്‍ ശര്‍മയ്ക്ക് ലഭിച്ചത് 65.87 ശതമാനം വോട്ടാണ്.

 

കടപ്പാട്

Previous ArticleNext Article