അന്താരാഷ്ട്രം, പുതിയ വാർത്തകൾ

ഖത്തറിന്റെ പരമാധികാരത്തെ മാനിക്കാത്ത ഒരു പരിഹാരവും സ്വീകാര്യമല്ല: അമീര്‍

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്ക് ഖത്തര്‍ ഒരുക്കമാണെന്നും എന്നാല്‍, ഏതൊരു പരിഹാരവും ഖത്തറിന്റെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണമെന്നും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഉപരോധത്തിന് ശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ ഇന്നലെ രാത്രി നടത്തിയ പ്രഭാഷണത്തിലാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിനെതിരേ നടക്കുന്ന വിദ്വേഷപൂര്‍ണമായ കരിവാരിത്തേക്കലിനെ നേരിടുന്നതില്‍ ഖത്തര്‍ വിജയിച്ചു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള വിദ്വേഷ പ്രചരണമാണ് ഖത്തറിനെതിരേ നടന്നതെങ്കിലും ഖത്തര്‍ ജനത അതിനെ നേരിടുന്നതില്‍ ഉന്നതമായ ധാര്‍മിക നിലവാരം പുലര്‍ത്തിയതായി അമീര്‍ പറഞ്ഞു. തികച്ചും ഒരു ധാര്‍മിക പരീക്ഷണമായിരുന്നു അത്. നമ്മുടെ ജനത ആ പരീക്ഷ വര്‍ണാഭമായി പാസായി. പരീക്ഷണ ഘട്ടത്തില്‍പോലും നമ്മുടെ തത്വങ്ങളിലും പാരമ്പര്യങ്ങളിലും നാം ഉറച്ചു നിന്നു. ഈ ധാര്‍മിക നിലവാരം മുറുകെപ്പിടിക്കാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യും.
ഖത്തറിനെതിരായ പ്രചരണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് വളരെ വ്യക്തമാണെന്ന് അമീര്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണ്. എന്നാല്‍, എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യവും പരമാധികാരവും മാനിക്കുന്നതിലാണ് പരിഹാരത്തിന്റെ കാതല്‍. സംയുക്തമായി എടുത്ത കരാറുകള്‍ എല്ലാവരും പാലിക്കണം. ഉപരോധ രാജ്യങ്ങളുടെയും ഖത്തറിന്റെയും വിദേശ നയത്തില്‍ വ്യത്യാസമുണ്ട്. വൈവിധ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ചില രാജ്യങ്ങളുടെ ശ്രമം ഭീകര വിരുദ്ധ യുദ്ധത്തെ തെറ്റായി ബാധിക്കും
തര്‍ക്കത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരേ യാതൊരു പ്രതികാര നടപടിയും സ്വീകരിക്കില്ല. പ്രശ്‌ന പരിഹാരം അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ല. എല്ലാവരും സംയുക്തമായി തീരുമാനമെടുക്കുകയാണ് വേണ്ടത്.
രാജ്യത്തിന്റെ സാമ്പത്തിക മേഖല നിക്ഷേപത്തിനായി തുറന്നുകൊടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്തര്‍ ജനത ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. രാജ്യത്ത് നിക്ഷേപമിറക്കാന്‍ തയ്യാറായി പൗരന്മാര്‍ മുന്നോട്ടുവരണം. കുത്തകവല്‍ക്കരണത്തിനെതിരേ പോരാടുയും സാമ്പത്തിക മേഖലയില്‍ വൈവിധ്യവല്‍ക്കരണം സൃഷ്ടിക്കുകയും വേണം.
പ്രശ്‌ന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയ തുര്‍ക്കി, കുവൈത്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് അമീര്‍ നന്ദി അറിയിച്ചു. ഉപരോധം ഒന്നര മാസം പിന്നിടുമ്പോഴും ഖത്തറിലെ ജനജീവിതം സാധാരണ പോലെ നീങ്ങുകയാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

Previous ArticleNext Article