Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നുണ പ്രചാരണങ്ങൾ പൊളിഞ്ഞു; ആതിരക്ക്‌ മതം പഠിക്കാൻ കോടതി അനുമതി

കാഞ്ഞങ്ങാട്‌:(www.k-onenews.in)
കാസർഗോഡ്‌ ഉദുമയിൽ നിന്നും കാണാതായ ആതിരയെ ഹൊസ്‌ദുർഗ്ഗ്‌ കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കണമെന്ന ആതിരയുടെ ആവശ്യം കോടതി അംഗീകരിച്ചു.

ജൂലായ്‌ പത്തിന് വീടു വിട്ട ഉദുമ കരിപ്പോടി കണിയാംപാടി സ്വദേശിനിയും കാസർഗോഡ്‌ ഗവ: കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ ആതിര(23) പതിനേഴ്‌ ദിവസങ്ങൾക്ക്‌ ശേഷമാണ് തിരിച്ചെത്തിയത്‌.

യുവതിയെ രാത്രി എട്ടരയോടെ ഹൊസ്ദുർഗ്‌ കോടതിയിൽ ഹാജരാക്കി. തനിക്ക്‌ ഇസ്ലാം‌ മതത്തെ കുറിച്ച്‌ കൂടുതൽ പഠനം നടത്താൻ ആഗ്രഹമുണ്ടെന്നും അതിനു വേണ്ടിയാണു താൻ വീടു വിട്ടതെന്നും ആതിര കോടതിക്ക്‌ മുൻപാകെ വ്യക്തമാക്കി. ഇതോടെ പ്രായപൂർത്തിയായ ഇന്ത്യൻ പൗരയെന്ന നിലയിൽ ആതിരക്ക്‌ ഇഷ്ടമുള്ള നിലയിൽ ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.

ആതിരയെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച്‌ ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. തുടർന്ന് ആതിരയെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം രാത്രി എട്ട്‌ മണിയോടെ ഹൊസ്‌ദുർഗ്‌ കോടതിയില്‍ ഹാജരാക്കി. ആതിരയെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ്‌ നിരവധി സംഘപരിവാർ പ്രവർത്തകർ കോടതി പരിസരത്തെത്തി സംഘടിച്ചു നിൽക്കുകയും ഇവരെ പ്രതിരോധിക്കാൻ നാട്ടുകാർ മറ്റൊരു ഭാഗത്ത്‌ തടിച്ചു കൂടിയതും സംഘർഷ സാധ്യത സൃഷ്ടിച്ചുവെങ്കിലും പോലീസ്‌ ലാത്തി വീശി ഇവരെ പിരിച്ചു വിടുകയായിരുന്നു.

കോടതി വിധി വരാൻ രാത്രി വൈകിയതിനെ തുടർന്ന് ആതിരയെ രാത്രി കാസർഗോഡ്‌ മഹിളാ മന്ദിരത്തിൽ താമസിപ്പിക്കാനും രാവിലെ പത്ത്‌ മണിയോടെ പോലീസ്‌ സുരക്ഷയിൽ മഞ്ചേരിയിലെ മതപഠന കേന്ദ്രത്തിലെത്തിക്കാനുമാണു‌ നീക്കമെന്നറിയുന്നു.

അതേ സമയം, ആതിരയെ കാണാതായത്‌ മുതൽ നിറം പിടിപ്പിച്ച അപസർപ്പക കഥകളുമായി ചില മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.
ഒരു പാസ്‌പോർട്ട്‌ പോലും ഇല്ലാത്ത താൻ ഐഎസിലേക്ക്‌ പോയി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത്‌ തീർത്തും ദുഷ്ടലാക്കോടെയുള്ള നുണപ്രചാരണമാണെന്ന് ആതിര പറഞ്ഞു.(www.k-onenews.in) ഇവരുടെയൊക്കെ നുണപ്രചാരണങ്ങൾ ആരും വിശ്വസിക്കരുതെന്നും ബിരുദ വിദ്യാർത്ഥിനിയായിരിക്കെ തന്നെ താൻ വിവിധ മതങ്ങളെ കുറിച്ച്‌ പഠനം ആരംഭിച്ചിരുന്നതായും ആതിര വെളിപ്പെടുത്തി. ഇതിലാണ് ഇസ്‌ലാമിനെ കുറിച്ച്‌ കൂടുതൽ പഠിക്കാൻ തീരുമാനിച്ചത്‌.

ആതിരയുടെ തിരോധാനത്തെ ലൗവ്‌ ജിഹാദ്‌ എന്ന സംഘപരിവാര പ്രചാരണവുമായി കൂട്ടിക്കെട്ടി എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്‌ ഏറെ വിവാദമായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും കുപ്രചരണങ്ങൾക്കും ആതിര തന്നെ മറുപടി പറഞ്ഞതിനാൽ ഇതോടെ വിവാദങ്ങൾ അവസാനിക്കാനാണു സാധ്യത. എന്നാൽ ആതിരയുടെ കൂട്ടുകാരികളുടെ ചിത്രത്തോടു കൂടി അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിച്ചേക്കുമെന്നും വിവരമുണ്ട്‌.

Previous ArticleNext Article