Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നിയമങ്ങൾ കാറ്റിൽ പറത്തി പൊതുശ്മശാനത്തിൽ സിമന്റ്‌ ഗോഡൗണിനു അനുമതി ; നീലേശ്വരം നഗരസഭക്കെതിരെ അഴിമതിയാരോപണമുയരുന്നു

IMG_8916

നീലേശ്വരം:(www.k-onenews.in)

പൊതുശ്മശാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ അനുമതി നൽകിയ സംഭവത്തിൽ അഴിമതി നടന്നതായി ആക്ഷേപം. നീലേശ്വരം നഗരസഭാ അധികൃതർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്‌.

കോട്ടപ്പുറം ശ്രീവൈകുണ്ഡ ക്ഷേത്രവും ഖിളർ ജുമാ മസ്ജിദും അതിർത്തി പങ്കിടുന്ന പൊതുശ്മശാനത്തിലാണ് നിയമം ലഘിച്ച് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.

കോട്ടപ്പുറം സിഎച്ച്‌ മുഹമ്മദ്‌ കോയാ സ്മാരക സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിനു വടക്ക്‌ ഭാഗത്തുള്ള സ്ഥലത്താണു ക്ഷേത്രവും ജുമാമസ്ജിദും സ്ഥിതി ചെയ്യുന്നത്‌. ഇതിനു മധ്യത്തിലായുള്ള സ്ഥലം പൊതുശ്മശാനമായാണു സർക്കാർ ഉത്തരവിട്ടത്‌. കാലങ്ങളായി ഹൈന്ദവ സമുദായംഗങ്ങളുടെ മരണാനന്തര ചടങ്ങുകൾ ഇവിടെ വെച്ചാണു നടന്നു പോരുന്നത്‌. എന്നാൽ ഈയിടെ പൊതുശ്മശാനത്തിനകത്ത്‌ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും അത്‌ സിമന്റ്‌ ഗോഡൗണായി മാറുകയുമായിരുന്നു.

നിലവിൽ പതിനായിരങ്ങൾ വരുമാനമുള്ള ഗോഡൗൺ നിർമ്മിക്കാൻ നഗരസഭയുടെ അറിവോടെയാണു അനുമതി നൽകിയതെന്നാണു ആക്ഷേപമുയരുന്നത്‌.
നഗരസഭാ ഭരണ സമിതിയിലെ ചില ഉന്നതർ അഴിമതി നടത്തിയാണ് നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത നിർമ്മാണം നടത്താൻ അനുമതി നൽകിയതെന്നാണു നാട്ടുകാരിൽ ചിലർ ആരോപണം ഉന്നയിക്കുന്നത്‌.

സിമന്റ്‌ ഗോഡൗണിന്റെ നൂറു മീറ്റർ പരിധിക്കുള്ളിൽ അംഗനവാടി, പ്ലസ്ടു സ്കൂൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്‌. ജനവാസ മേഖലയിലും വിദ്യാലയങ്ങളുടെ പരിസരത്തും സിമന്റ് ഗോഡൗണുകള്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ഇവിടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.
സാധാരണ തുറസ്സായ പ്രദേശത്ത് മാത്രമാണ് ഇത്തരം ഗോഡൗണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാറുള്ളത്. കൂടാതെ ഗോഡൗണിന് സമീപത്ത് നൂറുക്കണക്കിന് വീടുകളുമുണ്ട്. ഗോഡൗണിന്റെ പരിസര പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളം സിമെന്റിന്റെ പൊടിപടലം കലര്‍ന്ന് രുചി മാറ്റം സംഭവിച്ചിട്ടുണ്ട്. ഓരോ ദിവസവും ടണ്‍ കണക്കിന് സിമന്റാണ് ഈ ഗോഡൗണില്‍ കയറ്റിറക്കുന്നത്. പൊതുശ്മശാനം കൈയ്യേറി ജനജീവിതം ദുസഹമാക്കിയത്‌ ചില ഉന്നതരുടെ ബിസിനസ്‌ താൽപര്യങ്ങളാണെന്നാണു സൂചന.

Previous ArticleNext Article