Hot, ദേശീയം, പുതിയ വാർത്തകൾ

ഗുജറാത്തില്‍ വീണുടഞ്ഞ് കോണ്‍ഗ്രസ്; ബിജെപിയില്‍ ചേക്കേറിയത് ചീഫ് വിപ്പ് അടക്കം അഞ്ച് എംഎല്‍എമാര്‍; അഹമ്മദ് പട്ടേലിനെ വീഴ്ത്തിയ ബിജെപിയുടെ വഗേല രാഷ്ട്രീയം

gujarat wagela bjp

ഗാന്ധി നഗര്‍: (www.k-onenews.in) കൂടുവിട്ട് കൂടു മാറിയ ശങ്കര്‍സിങ് വഗേലയുടെ നീക്കത്തില്‍ ഗുജറാത്തില്‍ രക്തം കിനിഞ്ഞ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്ന വഗേല തനിക്കൊപ്പമുള്ളവരേയും ബിജെപിയിലേക്ക് കൊണ്ടുവന്നതോടെ കോണ്‍ഗ്രസിന് രണ്ട് ദിവസത്തിനിടയില്‍ നഷ്ടമായത് അഞ്ച് എംഎല്‍എമാരെ. ഇന്നലെ മൂന്ന് പേര്‍ പാര്‍ട്ടി വിട്ടെങ്കില്‍ ഇന്ന് രണ്ട് പേര്‍ കൂടി രാജിവെച്ചു. 1996ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ വഗേല തിരിച്ച് ബിജെപി പാളയത്തിലെത്തിയപ്പോള്‍ രക്തംകിനിഞ്ഞത് കോണ്‍ഗ്രസിനും അഹമ്മദ് പട്ടേലിനുമാണ്. രാജ്യസഭ തെരഞ്ഞെടുപ്പ് അടുക്കവെ രാജ്യസഭയിലേക്ക് വീണ്ടുമെത്താനുള്ള കോണ്‍ഗ്രസ് നയതന്ത്രജ്ഞന്റെ ശ്രമങ്ങളെ വെട്ടിയാണ് ബിജെപിയുടെ വഗേല രാഷ്ട്രീയം.

77 വയസുകാരനായ വഗേലയുടെ അടുത്ത ബന്ധുവും കോണ്‍ഗ്രസിന്റെ ചീഫ് വിപ്പുമായിരുന്ന ബല്‍വന്ത് സിങ് രാജ്പൂത്, തേജ്ശ്രീബിന്‍ പട്ടേല്‍, പിഐ പട്ടേല്‍, മാന്‍സിങ് ചൗഹാന്‍, ഛന്നാബായ് ചൗധരി എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് കാലുമാറ്റി ചവിട്ടിയത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും തന്ത്രജ്ഞനും സോണിയ ഗാന്ധിയുടെ ഉപദേശകനുമായ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്താതിരിക്കാനാണ് ബിജെപി വഗേല വഴി കരുക്കള്‍ നീക്കിയത്. രാജ്യസഭയിലേക്കുള്ള മല്‍സരത്തില്‍ പട്ടേല്‍ തോറ്റാല്‍ കോണ്‍ഗ്രസിനത് കനത്ത നാണക്കേടും ഗാന്ധി കുടുംബത്തിന് താങ്ങാനാവാത്ത വീഴ്ചയും രാഷ്ട്രീയമായി കോണ്‍ഗ്രസിനെ ഗുജറാത്തില്‍ ഇല്ലായ്മ ചെയ്യുന്നതിലേക്കും നയിക്കുമെന്നതിനാല്‍ ബിജെപിയുടെ തന്ത്രം കുറിക്ക് തന്നെയാണ് കൊണ്ടിരിക്കുന്നത്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് വീണ്ടും എത്തിക്കാതിരിക്കാനുള്ള താമര തന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ നീക്കം പാര്‍ട്ടി വിട്ടെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ ചീഫ് വിപ്പ് ബല്‍വന്ത് സിങ് രാജ്പുതിനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുക എന്നതാണ്. എംഎല്‍എമാര്‍ കൊഴിഞ്ഞതോടെ പട്ടേലിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റ് കഴിഞ്ഞു.

2019 തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യംവെയ്ക്കുന്നത്. കോണ്‍ഗ്രസ് വിട്ട് പുറത്തെത്തിയ നേതാക്കളെയെല്ലാം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്വാഗതം ചെയ്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വഗേലയോട് അടുപ്പമുള്ള 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മീരാ കുമാറിന് പകരം രാം നാഥ് കോവിന്ദിന് വോട്ട് കുത്തിയപ്പോഴെ ഗുജറാത്തിലെ രാഷ്ട്രീയം വ്യക്തമായിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാത്തതാണ് വഗേലയെ കോണ്‍ഗ്രസിന് എതിരാക്കിയത്. 10 വര്‍ഷമായി ഉയര്‍ത്തുന്ന ആവശ്യം കോണ്‍ഗ്രസ് നിരസിച്ചതോടെയാണ് മുതിര്‍ന്ന നേതാവ് പഴയ പാളയത്തിലേക്ക് ചേക്കേറിയത്.

കടപ്പാട്

Previous ArticleNext Article