Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മെഡിക്കല്‍ പ്രവേശനത്തിലെ ന്യൂനപക്ഷ ക്വാട്ട കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്; വിവാദ ഉത്തരവ് പിന്‍വലിക്കണം : പോപുലര്‍ ഫ്രണ്ട്

തിരുവനന്തപുരം:(www.k-onenews.in)
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ന്യൂനപക്ഷ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മതസംഘടനകളുടെയും സമുദായ മേധാവികളുടെയും സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിന് ഇടയാക്കുന്നതാണ് പ്രവേശന പരീക്ഷാ കമ്മീഷന്‍ പുറപ്പെടുവിച്ച ഈ വിജ്ഞാപനം. കേരളത്തിലെ മുസ്്‌ലിം സമുദായത്തിനു മേല്‍ ഇല്ലാത്ത ജാതിവ്യവസ്ഥകള്‍ കെട്ടിവെക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ജാതിവ്യവസ്ഥയ്‌ക്കെതിരേ ശക്തമായ നിലപാടുള്ള ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരമൊരു വിജ്ഞാപനം പുറത്തിറങ്ങിയതില്‍ ദുരൂഹതയുണ്ട്. മാനേജ്‌മെന്റുകള്‍ തങ്ങളുടെ കച്ചവട സൗകര്യത്തിനനുസരിച്ച് തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ യാതൊരു പരിശോധനയുമില്ലാതെ അതേപടി അംഗീകരിച്ച സര്‍ക്കാര്‍ നടപടി ദൂരൂഹമാണ്.
ന്യൂനപക്ഷ പദവി നേടിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പുതിയ മാനദണ്ഡം വെക്കുമ്പോള്‍ ന്യൂനപക്ഷ വകുപ്പുമായോ ഈ രംഗത്ത് വര്‍ഷങ്ങളായി സേവനം ചെയ്യുന്ന വിദഗ്ധരുമായോ കൂടിയാലോചന പോലും നടത്താതെയാണ് വിചിത്രമായ ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
വിദ്യാഭ്യാസ കച്ചവടത്തിന് ആരോഗ്യമന്ത്രിയും മാനേജ്‌മെന്റുകളും നടത്തിയ ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ട്. റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമെ മതമേധാവികളുടെ സാക്ഷ്യപത്രം വേണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണിത്. മുജാഹിദ്, ജമാഅത്തെ ഇസ്്‌ലാമി, സുന്നി വിഭാഗങ്ങളിലായി മുസ്്‌ലിം സംവരണത്തെ വേര്‍തിരിച്ചിരിക്കുന്ന ഈ നടപടി തീര്‍ത്തും അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമാണ്. കേരളത്തിലെ ഭൂരിപക്ഷം മുസ്്‌ലിംകളും ഈ വിഭാഗങ്ങള്‍ക്ക് പുറത്തുള്ളവരാണ്. സംഘടനകളിലൊന്നുമുള്‍പ്പെടാത്ത സാധാരണ മുസ്ലിംകള്‍ക്ക് ആര് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ നീക്കത്തിനെതിരേ എല്ലാ സമുദായാംഗങ്ങളും ഒറ്റക്കെട്ടായി രംഗത്തുവരണം. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.

Previous ArticleNext Article