Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ഒൻപത്‌ വർഷങ്ങൾക്ക്‌ ശേഷം സിനാൻ വധക്കേസ്‌ അന്തിമഘട്ടത്തിലേക്ക് ‌; ഈ മാസം പതിനേഴിന്‌ വിധി

കാസർഗോഡ്‌:(www.k-onenews.in) കാസർഗോട്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകർ കൊലപ്പെടുത്തിയ സിനാൻ വധക്കേസിലെ വിചാരണ പൂർത്തിയായി. കേസിൽ ഈ മാസം പതിനേഴിന് വിധി വരും.

നീണ്ട ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌)യില്‍ കേസ്‌ വിചാരണ ആരംഭിച്ചത്‌.

2008 ഏപ്രിൽ 16നു ദേശീയ പാതക്കു സമീപം ആനബാഗിലു- അശോക്‌ നഗര്‍ റോഡില്‍ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിനാനെ തടഞ്ഞു നിര്‍ത്തി ആർഎസ്‌എസ്‌-ബിജെപി പ്രവർത്തകർ  കുത്തികൊലപ്പെടുത്തുകയായിരുന്നു.
കാസർഗോഡ്‌ നെല്ലിക്കുന്ന്‌, ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ്‌ സിനാന്‍ (21) ആണ്‌ കൊല്ലപ്പെട്ടത്‌. പ്രദേശത്ത്‌ വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി യാതൊരു പ്രകോപനവുമില്ലാതെയാണു പ്രതികൾ മുഹമ്മദ്‌ സിനാനെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. സമാന ലക്ഷ്യമിട്ട്‌ എസ്‌ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദിനെ കൊലപ്പെടുത്തിയ കേസിലും, മുഹമ്മദ്‌ റിഷാദിനെ കൊലപ്പെടുത്തിയ കേസിലും ഇവർ പ്രതികളാണ്. മുസ്ലിം ലീഗ്‌ സമ്മേളനത്തിനെത്തിയ അസ്‌ഹറുദ്ധീനെ കൊലപ്പെടുത്തിയ ആർഎസ്‌എസ്‌ പ്രവർത്തകരെ കോടതി നേരത്തേ വെറുതെ വിട്ടിരുന്നു. കുറ്റം തെളിയിക്കാനാവാത്തത്‌ പ്രോസിക്യൂഷന്റെ വീഴ്ച്ചയാണെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു. കുറ്റക്കാർ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നതാണ് അക്രമ സംഭവങ്ങൾ തുടർക്കഥയാവാൻ കാരണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്‌ , അടുക്കത്തുബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍, എന്നിവരാണ്‌ പ്രതികള്‍. കാസര്‍കോട്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ 48 സാക്ഷികളുണ്ട്‌. സൈനുൽ ആബിദ്‌ വധക്കേസിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിവർ.

ആർഎസ്‌എസ്‌ നേതാവ്‌ അഡ്വ: ശ്രീധരൻ പിള്ളയാണു പ്രതികൾക്ക്‌ വേണ്ടി ഹാജരായത്‌.

Previous ArticleNext Article