Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ആയിഷയെ കൊണ്ട് പോയത് സംഘപരിവാര പീഢന കേന്ദ്രത്തിലേക്ക്?

കാസര്‍ഗോഡ്: (www.k-onenews.in) ഇസ്‌ലാം സ്വീകരിച്ച ഉദുമ കരിപ്പൊടി സ്വദേശിനി ആതിര എന്ന ആയിഷയെ ഹിന്ദു മതത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുള്ള സംഘപരിവാര പീഢന കേന്ദ്രത്തിലേക്ക് കൊണ്ട് പോയതായി സൂചന. ഇസ്‌ലാമിക മതാനുഷ്ടാനങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്ന നിബന്ധനയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം വിട്ട യുവതിയെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ട് പോയതായാണു വാര്‍ത്തകള്‍ പുറത്തുവന്നത്.

തൃശൂര്‍ ജില്ലയിലെ സംഘപരിവാര ബന്ധമുള്ള അനൗദ്യോഗിക മതപരിവര്‍ത്തന കേന്ദ്രത്തില്‍ ആയിഷയെ പാര്‍പ്പിച്ചിരിക്കുന്നതായാണ് വിവരം.

തനിക്ക് ഇസ്ലാം മതത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ആഗ്രഹമുണ്ടെന്നും അതിനു വേണ്ടിയാണു താന്‍ വീടു വിട്ടതെന്നും ആയിഷ നേരത്തെ ഹോസ്ദുര്‍ഗ്ഗ് കോടതിക്ക് മുന്‍പാകെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ആതിരക്ക് ഇഷ്ടമുള്ള നിലയില്‍ ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ആയിഷയെ ആക്രമിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ഹോസ്ദുര്‍ഗ്ഗ് കോടതി പരിസരത്ത് സംഘടിച്ചെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. കോടതി വിധി വരാന്‍ രാത്രി ഏറെ വൈകിയതിനാല്‍ ആയിഷയെ അന്ന് രാത്രി കാസര്‍ഗോഡ് പരവനടുക്കത്തുള്ള മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കാനും രാവിലെ പത്ത് മണിയോടെ പോലീസ് സുരക്ഷയില്‍ മഞ്ചേരിയിലെ മതപഠന കേന്ദ്രത്തിലെത്തിക്കാനുമായിരുന്നു തീരുമാനം. പിറ്റേന്ന് രാവിലെ ആയിഷയുടെ പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരായ ആയിഷ തന്റെ ആഗ്രഹം വീണ്ടും ആവര്‍ത്തിച്ചു.
താന്‍ സ്വമേധയാ ഇസ്ലാം തിരഞ്ഞെടുത്തതാണെന്നും മതപഠനത്തിനു അനുവദിക്കണമെന്നും ആയിഷ ഹൈക്കോടതിയിലും വ്യക്തമാക്കി.
എന്നാല്‍, ആയിഷയെ മതപഠനത്തിനു വിട്ടാല്‍ കൂട്ടുകാരി അനീസയുമായി വീണ്ടും ബന്ധപ്പെടാനിടയുണ്ടെന്നും അനീസയുടെ കൂട്ടുകാരന്‍ അന്‍ഷാദ് വര്‍ഗീയ സംഘടനയുമായി ബന്ധമുള്ളയാളാണെന്ന് സംശയിക്കുന്നതായും ഇത് ഭാവിയില്‍ അന്‍ഷാദുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടാക്കുമെന്നും കേരളാ പോലീസ് റിപ്പോര്‍ട്ട് നല്‍കി.
പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആയിഷയെ ഇസ്‌ലാമിക മതാനുഷ്ടാനപ്രകാരം ജീവിക്കാന്‍ അനുവദിക്കുമോ എന്ന് മാതാപിതാക്കളോട് കോടതി ചോദിച്ചു. അവര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ആയിഷയെ മാതാപിതാക്കളോടൊപ്പം വിടാന്‍ ഹൈക്കോടതി തയ്യാറായത്. ഇസ്‌ലാം മതമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ മാതാപിതാക്കളോടൊപ്പം ജീവിക്കാന്‍ തനിക്കും സന്തോഷമേയുള്ളൂവെന്ന് ആയിഷ നേരത്തെ ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഹൈക്കോടതി വിധി വന്നയുടനെ ആയിഷയെ വീട്ടിലേക്ക് കൊണ്ടു വരാതെ നേരെ തൃശൂരിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. (www.k-onenews.in)

ഇടത് അനുഭാവികളായ രക്ഷിതാക്കളെ സ്വാധീനിച്ച് പ്രാദേശിക സംഘപരിവാര നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് യുവതിയെ മാനസാന്തരപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നത്. ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ ആയിഷയെ പാര്‍പ്പിക്കുമെന്നറിയുന്നു.

നേരത്തെ കോഴിക്കോട് മുഖദാറിലെ മതപരിവര്‍ത്തന കേന്ദ്രമായ തര്‍ബിയ്യത്തില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച എറണാകുളം സ്വദേശി സന്ദീപിനെയും കുടുംബത്തേയും തട്ടിക്കൊണ്ട് പോയി ഇത്തരം കേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി അദ്ധേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ ആര്‍എസ്എസ് രഹസ്യ കേന്ദ്രത്തിലായിരുന്നു ഇവരെ പാര്‍പ്പിച്ചതെന്നും ഇവരെക്കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മതം മാറിയവരെ ഈ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് ക്രൂര പീഢനത്തിനിരയാക്കുകയാണെന്നും സന്ദീപ് വെളിപ്പെടുത്തിയിരുന്നു.

ആയുധങ്ങളേന്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ചുറ്റും നിന്ന് ഭീഷണിപ്പെടുത്തി തര്‍ബിയ്യത്തിനെതിരെ ജനം ടിവിയില്‍ അഭിമുഖം നടത്തിച്ചതായും അദ്ധേഹം വ്യക്തമാക്കിയിരുന്നു.  (www.k-onenews.in)

ഇത്തരം പീഢന കേന്ദ്രങ്ങളിലെത്തിയിട്ടും സമ്മര്‍ദ്ദത്തിന് വഴങ്ങാത്തവരെ മാനസികമായി തകര്‍ത്ത അനുഭവങ്ങളും നേരത്തേ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ ആയിഷയെ സമാനമായ രീതിയില്‍ മാനസിക പീഡനത്തിനിരയാക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

Previous ArticleNext Article