Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, സൃഷ്ടികള്‍

ഹൊസ്‌ദുർഗ്ഗ്‌ കോടതിയും ഹൈക്കോടതിയും ഇസ്ലാമികാ വിശ്വാസാനുഷ്ടാനങ്ങളോടെ ജീവിക്കാൻ അനുവദിച്ച ആയിഷയെന്ന ആതിരയെവിടെ? ആയിഷയുടെ തിരോധാനത്തിനു പിന്നിൽ ആര്? അബ്ദുൽ കരീം ഉത്തൾകണ്ടിയിൽ എഴുതുന്നു..

IMG_8998 IMG_8999 IMG_9001 IMG_9002 IMG_9003 IMG_9004 IMG_9005IMG_8980ABDUL KAREEM UTHALKANDIYIL
www.k-onenews.in
ആയിഷയെ വീട്ടുകാരോടൊപ്പം വിട്ടുകൊടുത്തുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ് ആദ്യത്തെ മൂന്നു ഇമേജുകൾ.

ഹാദിയയുടെ കേസിൽ കോടതി ഹാദിയയുടെ മതംമാറ്റത്തെക്കുറിച്ച് പുലർത്തുന്ന തരത്തിലുള്ള അസഹിഷ്ണുത നിറഞ്ഞ സമീപനങ്ങൾ ഒന്നും ആയിഷയെക്കുറിച്ചുള്ള വിധിയിൽ ഇല്ലെങ്കിലും തുടർന്നുള്ള ആയിഷയുടെ ജീവിതത്തിൽ സ്റ്റേറ്റിനും ആയിഷയുടെ മതംമാറ്റത്തിൽ അസ്വസ്ഥതയുള്ളവർക്കും ഇടപെടാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് ഈ വിധിയും.

സ്വന്തം ഇഷ്ടപ്രകാരമാണ് ആയിഷ മതം മാറിയതെന്ന് മാതാപിതാക്കൾ തന്നെ സമ്മതിക്കുന്നുണ്ടെന്നും അത് തങ്ങൾക്ക് ആയിഷയോട് സംസാരിച്ച് ബോധ്യപ്പെട്ടതാണ് എന്നും കോടതി പറയുന്നുണ്ട്. മാതാപിതാക്കൾ തന്റെ വിശ്വാസജീവിതത്തിന് എതിരാണ് എന്ന് ആയിഷ പറഞ്ഞപ്പോൾ മകളുടെ വിശ്വാസജീവിതത്തിന് ഒരുവിധത്തിലുള്ള തടസ്സവും നിൽക്കില്ലെന്ന് ഉറപ്പു നൽകിക്കൊണ്ട് ഒരേയൊരു മകളായതിനാൽ അവൾ തങ്ങളുടെ കൂടെ ഉണ്ടാവണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു.

എന്നാൽ ആയിഷയുടെ മതംമാറ്റത്തിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സ്വാധീനം ഉണ്ടായിരിക്കാം എന്ന പോലീസ് റിപ്പോർട്ടിലെ സംശയത്തെ മുഖവിലക്കെടുത്തുകൊണ്ടാണ് കോടതി വിധിപറയുന്നത്:

“ഡെറ്റെന്യൂ (detenue – അന്യായമായി പിടിച്ചുവെക്കപ്പെട്ടയാൾ) മാതാപിതാക്കളുടെ കൂടെ പോവാൻ സ്വാതന്ത്രയാണ്. അവർ മാതാപിതാക്കളുടെ കൂടെ കഴിയുമ്പോൾ ദേശവിരുദ്ധരോ നിർബന്ധിത മതംമാറ്റം നടത്താൻ ശ്രമിക്കുന്ന ഗ്രൂപ്പുകളോ അവരുടെ മുകളിൽ സ്വാധീനം ചെലുത്തുന്നില്ല എന്ന് പോലീസ് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയാണെങ്കിൽ പോലീസ് ഉചിതമായ നടപടിയെടുക്കണം” – ഇതാണ് വിധി.

ഹൈക്കോടതിയിൽ ആയിഷക്കായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുമ്പോൾ ആയിഷ ആരുടേയും തടവിലായിരുന്നില്ല. ഹോസ്ദുർഗ്ഗ് കോടതി സ്വന്തം ഇഷ്ടമനുസരിച്ച് എവിടെവേണമെങ്കിലും പോവാൻ അനുമതി നൽകിയ പ്രായപൂർത്തിയായ യുവതിയാണ് ആയിഷ. രാത്രിയായതിനാൽ പിറ്റേന്ന് രാവിലെവരെ താമസിക്കാൻ കോടതി നിർദ്ദേശിച്ച പരവനടുക്കം മഹിളാമന്ദിരത്തിൽ നിന്നാണ് ആയിഷയെ പോലീസ് ഹൈക്കോടതിയിലേക്ക് കൊണ്ടുവരുന്നത്. മാതാപിതാക്കളോടൊപ്പം പോവാൻ ആയിഷ വിമുഖത കാണിച്ചിരുന്നുവെന്നും കോടതിയുടെ ഇടപെടലിൽ, മാതാപിതാക്കളുടെ ഉറപ്പിൽ സമ്മതിക്കുകയുമായിരുന്നു എന്നാണ് വിധിയിൽ നിന്നും മനസ്സിലാവുന്നത്.

ആയിഷയുടെ മാതാപിതാക്കൾക്കായി ഹാജരായത് ഹിന്ദു ഹെൽപ് ലൈനിന്റെ സജീവപ്രവർത്തകനായ പ്രതീഷ് വിശ്വനാഥാണ്. ഹോസ്ദുർഗ്ഗ് കോടതിയുടെ വിധി വന്ന ഉടനെ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കപ്പെടുന്നതും മഹിളാമന്ദിരത്തിൽ നിന്നും ഞായറാഴ്ച രാത്രിതന്നെ ആയിഷയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തത് ബേക്കൽ പോലീസും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരോട് സഹകരിച്ചു പ്രവർത്തിച്ചു എന്ന സംശയമുണ്ടാക്കുന്നതാണ്. ഹൈക്കോടതി വിധി വന്നതോടെ ആയിഷയെ കരിപ്പോടിയിലുള്ള വീട്ടിലെത്തിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പോലീസ് സഹായത്തോടെ മറ്റെവിടേക്കോ മാറ്റുകയുമായിരുന്നു.

പിറ്റേന്ന് കാസർഗോഡ് നിന്നിറങ്ങുന്ന “ലേറ്റസ്റ്റ്” എന്ന പത്രത്തിൽ പറയുന്നത് ആയിഷ പോലീസ് സംരക്ഷണത്തോടെ തൃശൂരിലെ “മാനസാന്തര” കേന്ദ്രത്തിൽ ചികിത്സയിലാണ് എന്നാണ് (Image 4). ഹൈക്കോടതി വിധിയെ തുടർന്ന് മാതാപിതാക്കളോടൊപ്പം ആയിഷയെ വിട്ട് ബേക്കൽ പോലീസ് കൊച്ചിയിൽ നിന്നും മടങ്ങിയിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. അന്നേദിവസം സംഘപരിവാറിന്റെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ആയിഷ അവരുടെ കസ്റ്റഡിയിലാണ് എന്ന ആഘോഷപരമായ അവകാശവാദം പ്രചരിക്കുന്നുണ്ടായിരുന്നു. അതിനടുത്ത ദിവസം “ലേറ്റസ്റ്റ്” റിപ്പോർട്ട് ചെയ്യുന്നത് ആയിഷയുടെ എതിർപ്പിനെ വകവെക്കാതെ ഹിപ്നോട്ടിക് ചികിത്സ അടക്കമുള്ള ചികിത്സ ആയിഷയ്ക്ക് നൽകി മതപരിവർത്തനത്തില്‍ നിന്നും പിന്മാറ്റാൻ ശ്രമിക്കുന്നു എന്നാണ് (Image 5). മാതാപിതാക്കൾ കൂടെ താമസിച്ചാണ് ചികിത്സയെന്നും പോലീസ് സംരക്ഷണമുണ്ടെന്നും പത്രം പറയുന്നു. ഹിന്ദു ഹെല്പ് ലൈൻ പ്രവർത്തകരും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആയിഷയെ സ്വന്തം വീട്ടുകാരെ ഏൽപ്പിച്ച് കേസ് അവസാനിപ്പിക്കുന്നതായി ബേക്കൽ പോലീസ് ഹോസ്ദുർഗ്ഗ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുമെന്നും പത്രം പറയുന്നു

പത്രത്തിന്റേയും ഹിന്ദു ഹെൽപ് ലൈനിന്റേയും അവകാശവാദങ്ങൾ കണക്കാക്കുമ്പോൾ ഹാദിയയ്ക്ക് സംഭവിച്ച അത്രയുംതന്നെ, ഒരുപക്ഷേ അതിലും കഠിനമായ അവസ്ഥയിലാണ് ആയിഷയെന്നാണ് സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ആയിഷയ്ക്ക് ഇഷ്ടമുള്ള വിശ്വാസത്തിൽ ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നു എന്നതുമാത്രമല്ല ഈ കാര്യത്തിലെ ഗൗരവം.

മുഖ്യധാരാ മാധ്യമങ്ങളിലൂടെ ആയിഷയ്ക്ക് വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി ലഭിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കാനും അതെ സമയം ആയിഷ തങ്ങളുടെ കസ്റ്റഡിയിലാണ് എന്നും ചികിത്സയിലാണ് എന്നും മാനസാന്തരം വരുത്തുമെന്നും പരസ്യമായി അവകാശപ്പെടാനും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കാനും ഹിന്ദു ഹെല്പ് ലൈൻ എന്ന സംഘടനയ്ക്കും സംഘപരിവാർ ആഭിമുഖ്യമുള്ള ലേറ്റസ്റ്റ് എന്ന പത്രത്തിനും സാധിക്കുന്നുണ്ട്.

രണ്ടു കോടതികളുടേയും വിധിയുടെ അന്തഃസത്തയിൽ ആയിഷയ്ക്ക് മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും അതുറപ്പുവരുത്തുന്ന രീതിയിലല്ല, മറിച്ചുള്ള ആസൂത്രണങ്ങൾക്ക് സഹായകരമാവുന്ന രീതിയിലാണ് ബേക്കൽ പോലീസും കൊച്ചി പോലീസും പ്രവർത്തിച്ചത് എന്ന ബലമായ സംശയം ഈ സംഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്.

കോടതിവിധിയെ മറികടന്ന് ആയിഷയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി സംഘപരിവാർ നിർബന്ധിച്ചു മാനസാന്തരപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ത്തന്നെ, ആയിഷയെ മുസ്ലീമാക്കിയതിന് പിറകിൽ എസ് ഡി പി ഐ അടക്കമുള്ള സംഘടനകളെ സംശയത്തിന്റെ കീഴിൽ കൊണ്ടുവരുവാനും അവർക്കെതിരെ അന്വേഷണത്തിന് കോടതിയുടെ ഉത്തരവുണ്ടാക്കാനും സാധിക്കുന്നു. മുസ്ലീം സംഘടനകൾ നിർബന്ധിത മതംമാറ്റം നടത്തിയതായി ഒരു കേസുപോലും തെളിയിക്കപ്പെടാത്തിടത്ത് ഇങ്ങനെ ഒരു ആരോപണം സുസ്ഥിരമായി നിലനിർത്താൻ മുസ്ലീം വിരുദ്ധ മനോഭാവമുള്ള മതേതര ഇന്ത്യയിൽ സുഗമമായി സാധിക്കുന്നുണ്ട്. ഇന്ന് ഹാദിയയുടെ കേസിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതിയും ഹാദിയയുടെ ഭാഗം കേൾക്കുന്നതിനുമുമ്പ് മുസ്ലീം റാഡിക്കൽ സംഘടനകളുടെ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

“ദേശവിരുദ്ധരോ നിർബന്ധിത മതംമാറ്റം നടത്താൻ ശ്രമിക്കുന്ന ഗ്രൂപ്പുകളോ [ആയിഷയുടെ മുകളിൽ] സ്വാധീനം ചെലുത്തുമോ” എന്നാണ് വിധിയിലെ ആശങ്ക. മറ്റൊരർത്ഥത്തിൽ അതാണ് യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. പക്ഷെ അത് നടക്കുന്നത് വിധിയുടെ മറവിലും സംഘപരിവാറിന്റെ നേതൃത്വത്തിലും സ്റ്റേറ്റിന്റെ പരിരക്ഷയിലുമാണ്. എന്നാൽ പ്രതിസ്ഥാനത്ത് മുസ്ലീം സംഘടനകളും. ഇഷ്ടമുള്ള വിശ്വാസമനുസരിച്ച് ജീവിക്കാമെന്ന സ്റ്റേറ്റിന്റെ ഉറപ്പിൽ ഇസ്ലാം മതം തെരഞ്ഞെടുക്കുന്നവർ ഇരയാക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.

Previous ArticleNext Article