Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

തിരുവനന്തപുരത്ത്‌‌ എസ്‌ഡിപിഐ – എൽഡിഎഫ്‌ സഖ്യം ; വെമ്പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടിനെതിരെ കോൺഗ്രസ്‌ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ഇരു കൂട്ടരും ഒരുമിച്ചു പരാജയപ്പെടുത്തി

തിരുവനന്തപുരം:(www.k-onenews.in)

തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടിനെതിരെ കോൺഗ്രസ്‌ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ്‌- എസ്‌ഡിപിഐ സഖ്യം പരാജയപ്പെടുത്തി.

സിപിഐ അംഗമായ സീനത്ത്‌ ബീവിയാണ് യുഡിഎഫ്‌ അവിശ്വാസ പ്രമേയത്തെ എസ്‌ഡിപിഐ പിന്തുണയോടെ പരാജയപ്പെടുത്തിയത്‌.

നിലവിൽ സിപിഎമ്മിനു ആറു അംഗങ്ങളും, സിപിഐക്ക്‌ മൂന്നും, കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും, ബിജെപിക്ക് രണ്ടംഗങ്ങളും, എസ്ഡിപിഐഎക്ക് ഒരംഗവും, ഒരു സ്വതന്ത്രനുമാണ് വെമ്പായം പഞ്ചായത്തിലുള്ളത്‌.

അതെ സമയം, കുടിവെള്ള പ്രശ്നം അടക്കമുള്ള ജനകീയ വിഷയത്തിൽ ജനവിരുദ്ധ നിലപാടെടുത്ത പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിഎസ്‌. ചിത്രലേഖക്കെതിരെ രാവിലെ യുഡിഎഫ്‌ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എസ്‌ഡിപിഐ പിന്തുണച്ചിരുന്നു. ഇതോടെ ചിത്രലേഖ പരാജയപ്പെടുകയും ചെയ്തു.

വികസന ഫണ്ട്‌ വിതരണത്തിൽ വിവേചനം കാണിക്കുന്ന പ്രസിഡണ്ട്‌ ബിഎസ്‌ ചിത്രലേഖയുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച്‌ എസ്‌ഡിപിഐ പഞ്ചായത്തംഗം ഇർഷാദ്‌ കന്യാകുളങ്ങരയുടെ നേതൃത്വത്തിൽ നേരത്തെ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത്‌ കൗൺസിൽ യോഗത്തിൽ വെച്ച്‌ ഇക്കാര്യങ്ങൾ തുറന്നടിച്ച ഇദ്ധേഹത്തെ കൈയേറ്റം ചെയ്യാൻ പോലും സിപിഎം അംഗങ്ങൾ മുതിർന്നത്‌ നേരത്തെ വാർത്തയായിരുന്നു.
ഇതേ തുടർന്നാണു കോൺഗ്രസ്‌ അവിശ്വാസ പ്രമേയം കൊണ്ട്‌ വന്നത്‌. എന്നാൽ ഭരണ സമിതിയോടല്ല വിയോജിപ്പെന്നും പ്രസിഡണ്ടിന്റെ ഏകാധിപത്യ ജനവിരുദ്ധ നിലപാടുകളോടാണ് എതിർപ്പെന്നും വ്യക്തമാക്കിയാണ് പ്രസിഡണ്ടിനെതിരെ വോട്ട്‌ ചെയ്ത്‌ പുറത്താക്കുകയും വൈസ്‌ പ്രസിഡണ്ടിനു അനുകൂലമായി വോട്ട്‌ ചെയ്തതെന്നും എസ്‌ഡിപിഐ കേന്ദ്രങ്ങൾ അറിയിച്ചു. പ്രസിഡണ്ടിനെ താഴെയിറക്കാൻ കോൺഗ്രസ്‌ കൊണ്ട്‌ വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച്‌ വോട്ട്‌ ചെയ്തതിനു കൊഎസ്ബി സഖ്യമെന്ന് ആക്ഷേപിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതായും ഇത്‌ വിലപ്പോവില്ലെന്നും പാർട്ടി വ്യക്തമാക്കി.

Previous ArticleNext Article