Hot, കേരളം, പുതിയ വാർത്തകൾ

ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ ബിജെപിയുടെ പതാകയുയര്‍ത്തി; ബിജെപി ജില്ലാ സെക്രട്ടറിയെക്കൊണ്ട് പട്ടാപ്പകൽ കൊടി അഴിപ്പിച്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ

കട്ടപ്പന:(www.k-onenews.in)

രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിക്കാൻ ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ ബിജെപിക്കാര്‍ ഉയര്‍ത്തിയ പതാക പട്ടാപ്പകല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്യമായി അഴിപ്പിച്ചു.
കട്ടപ്പന പേഴുംകവലയിലാണ്‌ സംഭവം.
കഴിഞ്ഞദിവസം അർദ്ധ രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐയുടെ കൊടിമരത്തില്‍ കെട്ടിയിരുന്ന കൊടിയുടെ മുകളിലായി ബിജെപിയുടെ പതാക പ്രത്യക്ഷപ്പെട്ടത്.
ഇതിൽ പ്രകോപിതരായ പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ നേതാവും നഗരസഭാ കൌണ്‍സിലറുമായ പി.കെ.സുമോദ്, ടിജി. എം.രാജു എന്നിവരുടെ നേതൃത്വത്തില്‍ സമാധാനിപ്പിക്കുകയും തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ബിജെപി പതാക അഴിച്ചുമാറ്റാന്‍ തുനിഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. കെട്ടിയവര്‍ തന്നെ അഴിച്ചുമാറ്റണം എന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നിലപാട്. ഒടുവില്‍ ബിജെപി ജില്ലാ സെക്രട്ടറിയായ ഷാജി നെല്ലിപ്പറമ്പനെ വിളിച്ചുവരുത്തി പരസ്യമായി കൊടി അഴിപ്പിച്ചുമാറ്റിക്കുകയായിരുന്നു.

മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊടിമരം കൈയേറി കെട്ടിയ കൊടി തങ്ങളുടെ ജില്ലാ നേതാവുതന്നെ പരസ്യമായി അഴിച്ചു മാറ്റേണ്ടി വന്നതുമൂലം പരസ്യമായി കുറ്റമേല്‍ക്കേണ്ടിവന്ന നാണക്കേടിലാണ് ബിജെപി ജില്ലാ നേതൃത്വം.

Previous ArticleNext Article