Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

തൃക്കരിപ്പൂർ സ്കൂൾ പൂട്ടിക്കുമെന്ന ഹിന്ദു ഐക്യവേദിയുടെ ഭീഷണി ഈ വർഷത്തെ ഏറ്റവും വലിയ തമാശ ; എംഎസ്‌എഫ്‌

തൃക്കരിപ്പൂര്‍: (www.k-onenews.in) തൃക്കരിപ്പൂര് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാർത്ഥികളെ നിർബന്ധിച്ച്‌ രക്ഷാബന്ധൻ കെട്ടിക്കുന്നതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം എബിവിപിക്ക്‌ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കിൽ സ്‌കൂള്‍ പൂട്ടിക്കുമെന്ന ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയുടെ ഭീഷണി ഈ വര്‍ഷത്തെ മികച്ച തമാശയായെ കാണാനാവൂവെന്ന് എംഎസ്‌എഫ്‌ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഘപരിവാർ സംഘടനകൾ സ്കൂളിൽ ബോധപൂര്‍വമായ കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും രക്ഷാബന്ധന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഒരു പിടിഎ അംഗം ശ്രമിക്കുന്നുവെന്നും എംഎസ്എഫ് നേതാക്കൾ ആരോപിച്ചു.

‘രക്ഷാബന്ധന്‍’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കൈയില്‍ രാഖി ധരിക്കുന്നതിന് സ്‌കൂളില്‍ യാതൊരു വിലക്കും നിലവിലില്ലായിരിക്കെ വിവിധ മത വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് രാഖി സ്വയം പൊട്ടിച്ചു പ്രകോപനങ്ങള്‍ ഉണ്ടാക്കി കുഴപ്പങ്ങളുണ്ടാക്കുകയാണ് പുറമെ നിന്നുള്ള ആര്‍എസ്എസും ബിജെപിയും ചെയ്തു കൊണ്ടിരിക്കുന്നത്. തന്ത്രപൂര്‍വ്വം സ്‌കൂള്‍ പിടിഎയില്‍ കയറിക്കൂടിയ മുന്‍ ‘കര്‍സേവ’ അംഗം കൂടിയായ ഒരു രക്ഷിതാവാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നതെന്നും എംഎസ്‌എഫ്‌ നേതാക്കൾ ആരോപിച്ചു. വര്‍ഗീയ വിഷം ചീറ്റുന്ന ഈ വ്യക്തിയെ പിടിഎയില്‍ നിന്നും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അല്ലാത്ത പക്ഷം കടുത്ത സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എംഎസ്എഫ് മുന്നറിയിപ്പ് നല്‍കി.
സ്‌കൂളിന്റെ സംരക്ഷണത്തിനും സല്‍പേര് നിലനിര്‍ത്തുന്നതിനും എംഎസ്എഫ് എന്നും പ്രതിജ്ഞബദ്ധമാണെന്ന് ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുല്ല ബീരിച്ചേരി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ കടവില്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ സാദത്ത് എന്നിവര്‍ സംയുക്ത പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Previous ArticleNext Article