Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ആയിഷ കേസിൽ മുസ്‌ലിം സംഘടനകൾക്ക്‌ മൗനം; അണികളിൽ അമർഷം പുകയുന്നു

കാസര്‍കോഡ്: (www.k-onenews.in) ഇഷ്ടപ്പെട്ട വിശ്വാസപ്രകാരം സ്വന്തം വീട്ടില്‍ കഴിയാമെന്ന ഉറപ്പിന്‍മേല്‍ രക്ഷിതാക്കള്‍ക്കൊപ്പം അയച്ച കാസര്‍കോഡ് സ്വദേശി ആയിഷ (ആതിര- 23) ഇപ്പോള്‍ എവിടെയെന്നത് സംബന്ധിച്ച ദുരൂഹത തുടരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ യാതൊരു പരിശോധനയും ഇതുവരെ നടന്നിട്ടില്ല. ജൂലൈ 31നാണ് ഹൈക്കോടതി ആയിഷയെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചത്. എന്നാല്‍ ആയിഷ ഇതുവരെ ഉദുമയിലെ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് കെ-വണ്‍ ന്യൂസ് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനിടെ ആയിഷയെ രക്ഷിതാക്കളുടെ സമ്മതത്തോടെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് മാറ്റിയതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

സമാനസ്വഭാവത്തിലുള്ള ഹാദിയ കേസ് ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും നിയമപോരാട്ടം സുപ്രീംകോടതി വരെ എത്തുകയും ചെയ്തിട്ടും ആയിഷ കേസില്‍ സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ തുടരുന്ന മൗനം ശ്രദ്ധേയമാണ്. മകളെ കാണാനില്ലെന്ന പിതാവ് രവീന്ദ്രന്റെ പരാതിയെ തുടര്‍ന്ന് ആയിഷ കഴിഞ്ഞമാസം ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി താന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി ആയിഷയെ അനുവദിക്കുകയും ചെയ്തു.

മാതാവ് ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ആയിഷയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. മകളുടെ വിശ്വാസത്തിന് എതിരല്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചത് കണക്കിലെടുത്താണ് ആയിഷയെ ഹൈക്കോടതി ഇവര്‍ക്കൊപ്പം അയച്ചത്. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അനുവദിക്കണമെന്നാണ് ആയിഷ ഹോസ്ദുര്‍ഗ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള നീക്കങ്ങള്‍ പിന്നീട് ഉണ്ടായിട്ടില്ല. ആയിഷയുടെ മാതാപിതാക്കള്‍ (www.k-onenews.in) ഹൈക്കോടതിയില്‍ കേസ് നടത്തിയതിനു പിന്നില്‍ സംഘപരിവാര സംഘടനയായ ഹിന്ദു ഹെല്‍പ്പ്‌ലൈന്റെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനകനായ അഭിഭാഷകന്‍ തന്നെ സാമൂഹ്യമാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമായിക്കിയിരുന്നു. അതുകൊണ്ടു തന്നെ, ആയിഷ ഇപ്പോള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തിലാണെന്ന റിപോര്‍ട്ടുകള്‍ക്ക് ബലമേറുകയാണ്.

അതേസമയം, ഇക്കാര്യത്തില്‍ ആയിഷയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാന്‍ സംസ്ഥാനത്തെ പ്രബലമായ ഒരു മുസ്‌ലിംസംഘടനകളും രംഗത്തെത്തിയിട്ടില്ല. ഹാദിയ കേസില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയും ആയിഷ കേസില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. നേരത്തേ, ഹാദിയ കേസില്‍ പോപുലര്‍ഫ്രണ്ട് നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ അടക്കം വിമര്‍ശിച്ച് രംഗത്തുവന്ന സംഘടനകളും ആയിഷ കേസില്‍ മൗനം തുടരുകയാണ്.
ഹാദിയ കേസിന്റെ നാള്‍വഴികളെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹാദിയ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ (www.k-onenews.in) പ്രതികൂലവിധിക്ക് പോപുലര്‍ഫ്രണ്ടിനെ കുറ്റപ്പെടുത്തികൊണ്ടുള്ള സുന്നി സംഘടനാ നേതാവിന്റെ പ്രസംഗം വന്‍വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

എന്നാല്‍ അദ്ദേഹമടക്കമുള്ള നേതാക്കള്‍ ആയിഷ കേസിനെ കുറിച്ച് ഒന്നും പറയാത്തത് അണികളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹത്തെയടക്കം കുറ്റപ്പെടുത്തിയാണ് സുന്നി നേതാവിന്റെ പ്രസംഗം. നവമാധ്യമങ്ങളിൽ ചിലർ ഇതേറ്റെടുക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹം തട്ടിക്കൂട്ടിയതല്ലെന്നും മാസങ്ങൾക്ക് മുമ്പേ നടത്തിയ അന്വേഷണത്തിന്റെ ഫലമായി സ്വാഭാവികമായി നടന്നതാണെന്നും പറഞ്ഞ് പോപുലർ ഫ്രണ്ടുകാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സുന്നി നേതാവിന്റെ വാദം ശരിവെക്കുന്നവരാണ് അവരുടെ അണികളും സൈബർ പോരാളികളും. വിവാഹം സമയമെടുത്ത് നടത്തിയ പ്രക്രിയയുടെ ഭാഗമാണെന്നതിന് തെളിവായി മാട്രിമോണിയൽ പരസ്യത്തിന്റെ രേഖകൾ ഉൾപ്പടെ കെ വൺ ന്യൂസിന് ലഭിച്ചിട്ടുണ്ട്.

ഹാദിയയുടെ കേസിൽ വീട്ടിൽ തടവിലാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ ഹരജി നൽകാനും നിയമലംഘനത്തെ ഉന്നത നീതിപീഠത്തിൽ ചോദ്യം ചെയ്യാനും സാധിച്ചത് വിവാഹം നടന്നത് മൂലമാണ്. വിവാഹം നടക്കാത്തത് കൊണ്ട് തന്നെ ആയിഷയുടെ കേസിൽ ആര് നിയമനടപടി സ്വീകരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കേസിന്റെ (www.k-onenews.in)വിശദാംശങ്ങളോ യാഥാർഥ്യമോ മനസ്സിലാക്കാതെ വിമർശനം നടത്തുകയും സമാന കേസുകളിൽ ഇടപെടൽ നടത്താതിരിക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെയാണ് അമർഷം ഉയരുന്നത്. സ്വകാര്യ സംഭാഷണങ്ങളും സംഘടനാ വേദികളിലും വരെ ഇതിന്റെ ആസ്വാരസ്യം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ഹാദിയ കേസില്‍ തങ്ങളെ കുറ്റപ്പെടുത്തുന്നവര്‍, ആയിഷ കേസില്‍ ഇടപെട്ട് മാതൃക കാണിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പോപുലര്‍ഫ്രണ്ട് അണികളും അനുഭാവികളും ആവശ്യപ്പെടുന്നത്.

Previous ArticleNext Article