Hot, ലേഖനം

ഒരു നിയമം രണ്ടു നീതി തുടർക്കഥയാകുന്നു

റഫീഖ് എർമാളം- ഒമാൻ

 
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് നീതിന്യായ വ്യവസ്ഥകൾ. രാജ്യത്തെ ക്രമ സമാധാന പാലകർ പലപ്പോഴും രാഷ്ട്രീയക്കാരുടെയും ഭരണ സിരാകേന്ദ്രത്തിലിരിക്കുന്നവരുടെയും ആച്ഞാ അനുവർത്തികളായി മാറുമ്പോൾ രാജ്യത്തെ വ്യവസ്ഥാപിതമായ നിയമ (www.k-onenews.in) വ്യവസ്ഥയിലാണ് സാധാരണക്കാർ പ്രതീക്ഷകൾ അർപ്പിക്കാർ. അത്രക്കും മഹത്തരവും, ആദരിക്കപ്പെടുന്നതുമാണ് നമ്മുടെ നിയമ സംവിധാനം. എന്നാൽ ഇന്നത്തെ ചില വിധികൽപനകൾ കാണുമ്പോൾ നിയമവും തൽപര വഴിക്ക് ചാഞ്ചാടുകയാണോ എന്നൊരു സംശയം.

ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് ഞാനിതെഴുതുന്നത്. ഇന്ത്യൻ ഭരണ ഘടന അനുശാസിക്കുന്ന ,വിദ്യാഭ്യാസവും സ്വയം തീരുമാനമെടുക്കാൻ പക്വതയ്ക്കുള്ളതുമായ ഒരു ഇന്ത്യൻ പൗര, അതും മെഡിസിൻ പോലുള്ള അത്യുന്നത ഡിഗ്രിയുള്ള സമൂഹത്തിലെ തന്നെ മാതൃകാ യോഗ്യയായ ഒരു യുവതി പര പ്രേരണയിലല്ലാതെ മതം മാറുകയും അവൾക്കിഷ്ടപ്പെട്ട ഒരാളുമായി തീർത്തും നിയമപരവുമായ വിവാഹ ബന്ധം സ്ഥാപിക്കുകയും ചെയ്തു. രാജ്യത്തിൻറെ ഭരണ ഘടന അനുശാസിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ അടിസ്ഥാന പരമായ അവകാശങ്ങൾക്കപ്പുറത്തു എന്ത് നിയമ ലങ്കനമാണ് ഈ വിഷയത്തിൽ ചൂണ്ടിക്കാണിക്കപ്പെടാൻ കഴിയുക. അങ്ങനെയുള്ള നിയമാനുസൃത വിവാഹത്തെ എങ്ങനെ അസാധുവാക്കാൻ സാധിക്കും. അതുമായി ബന്ധപ്പെട്ടു ഭർത്താവ് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ സമീപിച്ചപ്പോൾ വിഷയം എൻ.ഐ.എ ക്ക് വിടാൻ തീരുമാനിച്ചതിൻറെ ഔചിത്യം മനസ്സിലാകുന്നില്ല. ( പ്രത്യക്ഷത്തിൽ നമ്മൾ വായിച്ചറിഞ്ഞതിനേക്കാൾ നിഘൂടത ഈ വിഷയത്തിൽ ഉണ്ടോ എന്നറിവില്ല). എന്താണ് എൻ.ഐ.എ. എന്നതിൻറെ വിവക്ഷ എന്ന് വളരെ വ്യക്തമായി അനുശാസിക്കുന്നുണ്ട് *(National Investigation Agency (NIA) is a central agency established by the Indian Government to combat terror in India. It acts as the Central Counter Terrorism Law Enforcement Agency. The agency is empowered to deal with terror related crimes across states without special permission from the states.)*

ഈ വിവക്ഷയനുസരിച്ചു എൻ.ഐ.എ എന്നത് കേന്ദ്ര ഏജൻസിയാണ്. സ്റ്റേറ്റിൻറെ  പ്രത്യേക അനുമതിയില്ലാതെ തന്നെ തീവ്രവാദ ബന്ധമുള്ള കുറ്റങ്ങൾ അന്വേഷിക്കാൻ നിയമിതമായ സംവിധാനം. ഈ വിഷയത്തെ തീവ്രവാദവുമായി ബന്ധിപ്പിക്കാനുള്ള അല്ലെങ്കിൽ വഴിതിരിച്ചു വിടാനുള്ള താത്പര്യം എന്താണെന്നു മനസ്സിലാകുന്നില്ല. ഈ കേസിൻറെ വിസ്താരം നടക്കുന്ന സമയത്തു സുപ്രീം കോടതിയിൽ എൻ.ഐ.എ ക്ക് കേസ് കൈമാറുന്നതിനെതിരെ അഭിഭാഷകനും ഹർജിക്കാനും ഉന്നയിച്ച ആശങ്കയെ ശകാരപൂർവ്വം നേരിട്ട ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലും നിരാശാജനകമാണ്.

വിഷയത്തിൽ ഹാദിയയുടെ വാദം കൂടെ കേൾക്കാൻ കോടതി തയ്യാറാകണമെന്ന് അഭിഭാഷകൻറെ നിർദ്ദേശത്തെ തുടർന്ന് മാത്രമാണ് അത് നടപടി ക്രമങ്ങളിൽ രേഖപ്പെടുത്താൻ ബഹുമാനപ്പെട്ട കോടതി തയ്യാറായത്. മേജറായ ഒരാളെ ( ഹാദിയ )  മൊഴി പോലുമെടുക്കാതെ ഏകപക്ഷീയമായി തീവ്രവാദ ബന്ധം എന്ന രൂപത്തിൽ വിലയിരുത്തുന്നത് ഭീതിജനകമാണ്. നിയമത്തിൻറെ എല്ലാ വിധിവിലക്കുകളും ബഹുമാനിക്കുകയും, നിയം നീതിയുടെ വഴിക്ക് സഞ്ചരിക്കുകയും ചെയ്യണമെന്ന ആഗ്രഹത്താൽ ചില നിരീക്ഷണങ്ങൾ നടത്തുകയാണ്. സമാനമായ ഒട്ടനവധി കേസുകളിൽ സ്വീകരിക്കാത്ത പ്രത്യേക നടപടി ക്രമങ്ങൾ ഈ വിഷയത്തിൽ മാത്രം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇഷ്ടപ്പെട്ടവരുടെ കൂടെ ഒളിച്ചോടിയ മുസ്ലിം പെൺകുട്ടികളെ അന്യമതസ്ഥരുടെ കൂടെ നിർദ്ധാക്ഷണ്യം പറഞ്ഞു വിടാൻ ഇവിടുത്തെ നിയമങ്ങൾ എല്ലാ സാധുതയും നൽകുന്നു. വര്ഷങ്ങളോളം പോറ്റിവളർത്തിയ രക്ഷിതാക്കളുടെ വികാര പ്രകടനങ്ങളും, കണ്ണുനീരും ഒന്നും കോടതിയുടെ മുറിക്കുള്ളിൽ ഫലം കാണാറില്ല. അവിടെ രക്ഷിതാക്കളുടെ കൂടെ വിട്ട് കൗണ്സിലിംഗിന് വിദേയമാക്കാനുള്ള വിധികളും വരാറില്ല.ഹാദിയയ്ക്കും, ആതിരക്കുമുള്ളതുപോലെ വികാര വിചാരങ്ങളുള്ള, അതെ രക്തം സിരകളിലോടുന്ന രക്ഷിതാക്കളാണ് മറ്റുള്ളവരുടേതും. ഇത്തരം ഒളിച്ചോട്ട കല്യാണങ്ങൾക്ക് ശേഷം വർദ്ധിച്ചു വരുന്ന പീഡന കഥകളും, ആത്മഹത്യകളും കൊലപാതങ്ങളും വരെ ഇങ്ങനെയുള്ള വിധിവിസ്താരങ്ങളിൽ തെല്ലുപോലും നിരീക്ഷിക്കാറുമില്ല.

www.k-onenews.in

നമ്മുടെ നീതിപീഠം അനുശാസിക്കുന്ന നിയമ വ്യവസ്ഥ നൂലിഴ വ്യത്യാസമില്ലാതെ നടപ്പിലാക്കുന്നതിൽ സന്തോഷമേയുള്ളൂ. ഈ നിയമങ്ങളെല്ലാം രാജ്യത്തിൻറെ നന്മക്കും പുരോഗതിക്കും പൗരൻറെ സംരക്ഷണത്തിനുമുള്ളതാണ് എന്ന പൂർണ്ണ ബോധ്യവുമുണ്ട്. പക്ഷെ ചില വിധിന്യായങ്ങൾ രാജ്യത്തെ പൗരന്മാർക്ക് രണ്ടു നീതിയാണോ എന്ന് എന്ന സംശയം ജനിപ്പിക്കുന്നു. മതം മാറി കല്യാണം കഴിച്ചത്
എൻ.ഐ.എ അന്വേഷിക്കുമ്പോൾ മതം മാറിയത്തിന്റെ പേരിൽ മാത്രം ക്രൂരമായി കൊല ചെയ്യപ്പെട്ട കൊടിഞ്ഞിയിലെ ഫൈസലിൻറെ കേസ് എന്ത്കൊണ്ട് ഈ ഏജൻസിയെ അന്വേഷിപ്പിക്കുന്നില്ല. ആരാധനാലയത്തിൻറെ അകത്തു ഉറങ്ങിക്കിടക്കുകയായിരുന്ന തീർത്തും നിരപരാധിയായ റിയാസ് മുസ്ലിയാരെന്ന മത പുരോഹിതനെ വർഗ്ഗീയ ഭ്രാന്ത് തലക്ക് പിടിച്ചവർ നിഷ്കരുണം ആരാധനാലയത്തിൽ കയറി കുത്തിക്കൊന്നപ്പോള് സമാന ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുന്നില്ല. ഇത്തരുണത്തിൽ മത വർഗ്ഗീയത തലക്ക് പിടിച്ചു കോല ചെയ്യയപ്പെട്ട എത്ര കേസുകളിൽ പ്രതികൾ കുറ്റ വിമുക്തരായോ, ജാമ്യത്തിലിറങ്ങിയോ സ്വൈര്യ വിഹാരം നടത്തുന്നു. പട്ടാപ്പകൽ ആൾക്കൂട്ട കൊലകൾ നടത്തിയവർ വരെ ക്ഷണ നേരം കൊണ്ട് പുറത്തു വരുന്നു. ഈ രണ്ടു നീതി രാജ്യത്തിൻറെ സുസ്ഥിരതക്കുള്ള വെല്ലുവിളിയാണ്.

ഒരു രാജ്യം ഒരു നീതിയെന്ന ബോധം പൗരന്മാർക്ക് വക വെച്ച് നൽകാൻ ഉത്തരവാദപ്പെട്ട നീതിന്യായ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നവർ തയ്യാറാകണം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ. സംശയത്തിൻറെ നിഴലിൽ വിചാരണാ തടവുകാരായി എത്ര ആളുകളാണ് നീതിയുടെ വെളിച്ചം കാത്തു തടവറയിൽ കഴിയുന്നത്. സംശയങ്ങൾക്കും കരുതലുകൾക്കും മതം മാനദണ്ഡമാക്കരുത്. അപരാതികൾ ശിക്ഷിക്കപ്പെടുകയും നിരപരാധികൾ രക്ഷിക്കപ്പെടും വേണം. അതിനായുള്ള നിയമത്തിൻറെ എല്ലാ ചട്ടക്കൂടുകളെയും ബഹുമാനിയ്ക്കുകയും ആദരിക്കുകയും ചെയ്യുന്നു.

Previous ArticleNext Article