Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ഐഎൻഎല്ലിൽ കൊഴിഞ്ഞ്‌ പോക്ക്‌ തുടരുന്നു; ജില്ലാ ട്രഷറർ ഇകെകെ പടന്നക്കാട്‌ മുസ്ലിം ലീഗിലേക്ക്

കാഞ്ഞങ്ങാട്‌:(www.k-onenews.in)
ജില്ലയിൽ ഐഎൻഎല്ലിൽ നിന്നുള്ള കൊഴിഞ്ഞ്‌ പോക്ക്‌ തുടരുന്നു. ഐഎൻഎൽ കാസർഗോഡ്‌ ജില്ലാ ട്രഷററും മുതിർന്ന നേതാവുമായ‌ ഇകെകെ പടന്നക്കാട്‌ മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വാർത്തയാണ് ഏറ്റവുമൊടുവിൽ വന്നത്‌. കഴിഞ്ഞയാഴ്ച്ച ബേക്കലിൽ നിന്നുള്ള രാജി വാർത്തക്ക്‌ പിന്നാലെയാണിത്‌.

കുറച്ചു നാളുകളായി ഐഎൻഎൽ സംസ്ഥാന-ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഇദ്ദേഹം സമീപ കാലത്തായി പ്രാദേശിക ലീഗ്‌ പരിപാടികളിൽ സജീവമാകുന്നുണ്ട്‌. അടുത്ത മാസം കാഞ്ഞങ്ങാട്‌ മണ്ഡലം ലീഗ്‌ ഓഫീസ്‌ നിർമ്മാണവുമായി ബന്ധപ്പെട്ട്‌ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച്‌ ഇദ്ദേഹത്തിനു ഔദ്യോഗിക മെംബർഷിപ്പ്‌ നൽകാനാണു നീക്കമെന്നറിയുന്നു.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത ആൾക്കൂട്ടമായി നാഷണൽ ലീഗ്‌ അധപതിച്ചു., മാതൃസംഘടനയായ മുസ്ലിം ലീഗിന്റെ കരങ്ങൾക്ക്‌ ശക്തിപകരേണ്ട സമയമാണിത്‌, ഇതിനാലാണ് താൻ ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും ഇകെകെ വ്യക്തമാക്കുന്നു.(www.k-onenews.in) എന്നാൽ പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയോടൊപ്പം നിൽക്കാത്ത വ്യക്തിയാണ് ഇദ്ദേഹമെന്നും അത്‌ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രവർത്തകർക്ക്‌ ബോധ്യപ്പെട്ടതാണെന്നും ഐഎൻഎൽ കേന്ദ്രങ്ങളും വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ സമയത്ത്‌ മുസ്ലിം ലീഗ്‌ വിട്ട്‌ ഐഎൻഎലിൽ ചേർന്ന് സ്ഥാനാർത്ഥിയായ ബിൽടെക്‌ അബ്ദുല്ലയും ഇകെകെ പടന്നക്കാടും തമ്മിലുള്ള ഗ്രൂപ്‌ വഴക്കാണ് പ്രശ്നത്തിന്റെ കാതലെന്നാണു മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്‌. പടന്നക്കാട്‌ വാർഡിൽ മൽസരിച്ച ബിൽടെക്‌ അബ്ദുല്ലയും ഞാണിക്കടവ്‌ വാർഡിൽ മൽസരിച്ച ഇകെകെ പടന്നക്കാടും പരാജയപ്പെട്ടിരുന്നു. ഇരുവിഭാഗവും പരസ്പരം കാലു വാരിയതാണ് പാർട്ടിയുടെ കൂട്ടത്തോൽവിക്ക്‌ കാരണമെന്ന് ഇവർ അടിവരയിടുന്നു.

എന്നാൽ പാർട്ടിയുടെ ഇടത്‌ പക്ഷ അടിമത്ത സ്വഭാവത്തിനെതിരെ ദേശീയ സെക്രട്ടറി അഹമ്മദ്‌ ദേവർകോവിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയിരിക്കുന്ന ഈ സമയത്ത്‌ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്‌ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.

Previous ArticleNext Article