Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ബസ്‌ ഡ്രൈവറെ വധിക്കാൻ ശ്രമിക്കുന്നത്‌ തടഞ്ഞ പോലീസിനു നേരെ കത്തി വീശി; കൊലക്കേസ്‌ പ്രതിയുൾപ്പെടെയുള്ള സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

കാസർഗോഡ്‌:(www.k-onenews.in)

മധൂരിൽ ബസ്‌ തടഞ്ഞ്‌ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. മധൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കുഡ്‌ലു വീവേഴ്സ്‌ കോളനി സ്റ്റോപ്പിൽ എത്തിയപ്പോഴായിരുന്നു ബൈക്കിലെത്തിയ അക്രമി സംഘം ബസ്‌ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ച്‌ പുറത്തിട്ട്‌ കൊല്ലാൻ ശ്രമിച്ചത്‌. കത്തിയെടുത്ത്‌ കുത്താൻ ശ്രമിക്കുകയും ഡ്രൈവർ തടഞ്ഞതിനാൽ രക്ഷപ്പെടുകയുമായിരുന്നു.

സൈനുൽ ആബിദ്‌ വധക്കേസില്‍ പ്രതിയായിരുന്ന ചൂരി ബട്ടംപാറയിലെ കെ. മഹേഷ് (22), ബട്ടംപാറയിലെ അജയകുമാര്‍ (21) എന്നിവരാണ് അക്രമം നടത്തിയത്‌.

അക്രമം കണ്ട്‌ യാത്രക്കാർ ബഹളം വെക്കുകയും പോലീസിലറിയിക്കുകയും ചെയ്തു. കാസർഗോഡ്‌ എസ്.ഐ. പി. അജിത് കുമാറും സംഘവും ഉടൻ സ്ഥലത്തെത്തി മഹേഷിനേയും അജയകുമാറിനെയും കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിന് നേരെയും കത്തി വീശുകയും എസ്‌ഐയെ വധിക്കാൻ ശ്രമിക്കുകയുമായിരുന്നു.തുടർന്ന് ഇരുവരേയും മല്‍പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി പോലീസ്‌ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും എസ്‌ഐക്കെതിരെ വധഭീഷണി മുഴക്കിയ മഹേഷ്‌ പോലീസ്‌ സ്റ്റേഷനിലും പരാക്രമം കാട്ടിയതായി പോലീസ്‌ പറഞ്ഞു.

കാസർഗോഡ്‌ മേഖലയിലെ നിരവധി വർഗ്ഗീയ അക്രമ സംഭവങ്ങളിലും പങ്കാളികളായ ഇവർ സജീവ സംഘപരിവാർ പ്രവർത്തകനാണ്.
2014 ഡിസംബറിൽ പിതാവിന്റെ മടിയിലിട്ട്‌ സൈനുൽ ആബിദ്‌(22) എന്ന യുവാവിനെ കുത്തിക്കൊന്നതുൾപ്പെടെ നിരവധി വധശ്രമക്കേസുകളിലും പ്രതിയാണ് മഹേഷ്‌.
കഴിഞ്ഞയാഴ്ച്ച മൊഗ്രാൽപുത്തൂർ കല്ലങ്കൈയിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും സംഘപരിവാർ സംഘമായിരുന്നു.

Previous ArticleNext Article