Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌ സേഠ്‌ സാഹിബെന്ന് മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി; എംസി. മായിൻ ഹാജിയെ തള്ളി കെപിഎ മജീദ്‌ രംഗത്ത്‌

കോഴിക്കോട്‌:(www.k-onenews.in)
കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌ ഇബ്രാഹിം സുലൈമാൻ സേഠ്‌ സാഹിബാണെന്ന വിവാദ പ്രസ്ഥാവനയുമായി മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എംസി.മായിൻ ഹാജി. ആർഎസ്‌എസ്‌ ചാനലായ ജനം ടിവിയിലാണ് ലീഗ്‌ നേതാവ്‌ വിവാദ പരാമർശം നടത്തിയത്‌. അതേ സമയം മായിൻ ഹാജിയെ തള്ളിക്കൊണ്ട്‌ കെപിഎ മജീദും രംഗത്തെത്തി.

‌ ‌1990 കളിലാണ് കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ തുടക്കമെന്നും ഇബ്രാഹിം സുലൈമാൻ സേഠ്‌ സാഹിബും അബ്ദുൽ നാസർ മഅദനിയും എൻഡിഎഫുമൊക്കെയാണ് ഇതിന്റെ പ്രചാരകരെന്നുമായിരുന്നു മായിൻ ഹാജിയുടെ വാദം. മുസ്ലിം ലീഗ്‌ ഇവരിൽ നിന്നെല്ലാം വിട്ടു നിന്ന പ്രസ്ഥാനമാണെന്നും അതിനാൽ ലീഗ്‌ തികഞ്ഞ ഒരു മതേതര പാർട്ടിയാണെന്നതിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം തുടർന്നു.

മുസ്ലിം ലീഗ്‌ മുൻ ദേശീയ അധ്യക്ഷൻ സുലൈമാൻ സേഠ്‌ സാഹിബിനെപ്പറ്റി ലീഗ്‌ സംസ്ഥാന സെക്രട്ടറി നടത്തിയ ആരോപണം ഐഎൻഎൽ അണികളിൽ വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.(www.k-onenews.in)
നിലവിൽ ലീഗ്‌ ദേശീയ സെക്രട്ടറിയായ മകൻ സിറാജ്‌ സേഠ്‌ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കണമെന്നാണ് ഐഎൻഎൽ പ്രവർത്തകർ ആവശ്യപ്പെടുന്നത്‌.

മുസ്ലിം ലീഗിനോട്‌ യോജിക്കാത്ത മറ്റു ന്യൂനപക്ഷ പ്രസ്ഥാനങ്ങളെയൊക്കെ തീവ്രവാദ മുദ്ര ചാർത്തി അരികുവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണം ലീഗ്‌ നേതാക്കൾക്കെതിരെ നിലനിൽക്കെയാണ് മായിൻ ഹാജിയുടെ ജനം ടിവിയിലെ ഈ പരാമർശമെന്ന് ലീഗ്‌ അനുഭാവികളും അഭിപ്രായപ്പെടുന്നുണ്ട്‌.

ഇതിനിടെ മായിൻ ഹാജിയെ തള്ളിക്കൊണ്ട്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്‌ രംഗത്തെത്തി.
“ഇബ്രാഹീം സുലൈമാന്‍ സേട്ടുസാഹിബിനെക്കുറിച്ച് തീവ്രവാദിയാണെന്ന തരത്തില്‍ ജനം ടിവി ചാനലില്‍ എം.സി മായിന്‍ഹാജിയുടേതായി വന്ന പരോക്ഷ പരാമര്‍ശം മുസ്ലിംലീഗിന്റെ അഭിപ്രായമല്ല. അദ്ദേഹം തീവ്രവാദിയല്ല. തീവ്രവാദികളെ സഹായിക്കുകയും ചെയ്തിട്ടില്ല.
മുസ്ലിംലീഗ് സമുന്നത നേതാവായിരിക്കെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വേറിട്ടു പോയപ്പോഴും പരസ്പരം ആദരവോടെയാണ് പെരുമാറിയിരുന്നത്”.. എന്ന് തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് കെപിഎ മജീദ്‌ വ്യക്തമാക്കിയത്‌.

ആർഎസ്‌എസ്‌ ചാനലിൽ പോയി ഐഎസിനെതിരായ ചർച്ചയിൽ പങ്കെടുക്കുമ്പോൾ അതിലേക്ക്‌ സേഠ്‌ സാഹിബിനെയും മറ്റും വലിച്ചിഴച്ചത്‌ സംഘപരിവാറിനെ സുഖിപ്പിക്കാനാണെന്ന ആരോപണത്തിൽ മായിൻ ഹാജിയോ ലീഗ്‌ നേതൃത്വമോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Previous ArticleNext Article