Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ബലിയറുക്കാൻ അനുവദിക്കില്ലെന്ന് സംഘപരിവാർ ഭീഷണി; പരിവാർ അനുകൂല നിലപാടുമായി പോലീസും

കാസർഗോഡ്‌:(www.k-onenews.in)

ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ വീണ്ടും പ്രകോപനവുമായി സംഘപരിവാർ രംഗത്ത്‌.
ബലിപെരുന്നാളിന്റെ ഏറ്റവും സുപ്രധാന ചടങ്ങുകളിലൊന്നായ ബലി അറുക്കൽ ചടങ്ങ്‌ അനുവദിക്കില്ലെന്ന ഭീഷണിയുമായാണ് സംഘപരിവാർ രംഗത്തെത്തിയത്‌. കാസർഗോഡ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പെരിയടുക്കത്താണ് സംഭവം.

പെരിയടുക്കത്തെ അബ്ദുൽ ഗഫൂർ എന്ന വ്യക്തിയുടെ വീട്ടിൽ ബലി അറുക്കാനുള്ള മാടിനെ എത്തിച്ചപ്പോൾ ഇത്‌ ഇവിടെ അനുവദിക്കില്ലെന്നും അറുത്താൽ അതിന്റെ ഭവിഷ്യത്ത്‌ നേരിടാൻ ഒരുങ്ങിക്കോളൂ എന്നുമുള്ള ഭീഷണികളുമായി പ്രദേശത്തെ സംഘപരിവാറുകാർ സമീപിക്കുകയായിരുന്നു‌.
ബലി അറുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്‌ ഇവർ കാസർഗോഡ്‌ പോലീസിൽ പരാതി നൽകുകയും ഇതേ തുടർന്ന് പോലീസ്‌ വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തു.
ബലി അറുക്കൽ ചടങ്ങ്‌ ഒഴിവാക്കണമെന്ന് വീട്ടുകാരോട്‌ പോലീസ്‌ ആവശ്യപ്പെട്ടതായാണു വിവരം.

വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്‌ വീട്ടുകാരോട്‌ കാസർഗോഡ്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ എത്തണമെന്നും അറിയിച്ചിട്ടുണ്ട്‌. പോലീസ്‌ നിലപാടിൽ അന്ധാളിച്ചു നിൽക്കുകയാണ് കുടുംബം.

അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിച്ച്‌ മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക്‌ കുടപിടിക്കുന്ന തരത്തിലുള്ള നിലപാട്‌ പോലീസ്‌ കൈക്കൊള്ളരുതെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.

സഹസ്രാബ്ദങ്ങളായി ഇസ്ലാം മത വിശ്വാസികൾ ലോകവ്യാപകമായി അനുഷ്ടിച്ചു പോരുന്ന ബലികർമ്മം നിയമം മൂലം തടയാനാവില്ലെന്ന് നേരത്തെ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ‌ഇത്‌ നടപ്പിലാക്കാൻ പോലീസ്‌ ബാധ്യസ്ഥരായതിനാൽ ബലി അറുക്കൽ ചടങ്ങിനു പോലീസ്‌ സുരക്ഷയൊരുക്കേണ്ടി വരുമെന്നാണ് സൂചന.

Previous ArticleNext Article