Hot, കേരളം, പുതിയ വാർത്തകൾ

പിണറായി സര്‍ക്കാരിനു കീഴില്‍ ആര്‍.എസ്.എസ് അഴിഞ്ഞാടുന്നു: നാസറുദ്ദീന്‍ എളമരം

കോഴിക്കോട്: (www.k-onenews.in) വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ വനിതാസംഘത്തിനു നേരെ നടന്ന ആര്‍.എസ്.എസ് ആക്രമണത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ശക്തമായി പ്രതിഷേധിച്ചു. പിണറായി സര്‍ക്കാരിനു കീഴില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാന്‍ ആഭ്യന്തരവകുപ്പ് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ് വൈക്കത്ത് നടന്ന സംഭവമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഹാദിയയെ കാണാനെത്തിയ അഞ്ച് വനിതകളില്‍ മുസ്‌ലിമായ വ്യക്തിയെ തിരഞ്ഞുപിടിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയാണുണ്ടായത്. പോലിസിന്റെ സാന്നിധ്യത്തിലുണ്ടായ മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. വടക്കേക്കരയില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇത്. കേരളത്തിന്റെ ചരിത്രത്തില്‍ ഈ രീതിയില്‍ ആര്‍.എസ്.എസ് അഴിഞ്ഞാടിയ കാലമുണ്ടായിട്ടില്ല. മുസ്‌ലിംകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പോലിസ് തയ്യാറാവാത്തപക്ഷം, ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആര്‍.എസ്.എസ്സുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലത്ത്, നാട്ടുകാര്‍ക്ക് പോലും നിയന്ത്രണം ഉണ്ടായിരിക്കെ, ആര്‍.എസ്.എസുകാര്‍ക്ക് സൈര്യവിഹാരം നടത്താന്‍ കഴിയുന്നത് എങ്ങനെയെന്ന്് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിശദീകരിക്കണം. ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലും സന്ദര്‍ശനാനുമതി ഇല്ലാത്ത സ്ഥലത്താണ് സംഘപരിവാരം യഥേഷ്ടം വിലസുന്നത്. ഈ രീതി അംഗീകരിക്കാനാവില്ല. പ്രദേശത്ത് എത്തുന്നവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം.
വടക്കേക്കരയില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ആര്‍.എസ്.എസിനെ പരോക്ഷമായി ന്യായീകരിച്ചതും കേന്ദ്രഭരണത്തെ പരിഗണനയിലെടുത്ത് മാത്രമെ സംസ്ഥാനത്തിന് മുന്നോട്ടുപോവാന്‍ കഴിയുകയുള്ളുവെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിനുള്ള മൗനാനുവാദമായാണ് സംഘപരിവാരം കണ്ടിരിക്കുന്നത്. ഇത് കേരള സമൂഹത്തില്‍ അപകടകരമായ സാഹചര്യത്തിന് വഴിയൊരുക്കും. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഒരു നിലയ്ക്കും പ്രതീക്ഷിക്കാനാവാത്ത മൃദുസമീപനമാണ് പിണറായി സര്‍ക്കാരില്‍ നിന്നും ആര്‍.എസ്.എസിനോട് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും നാസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടു.

Previous ArticleNext Article