Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

കെഎം ഷാജി എംഎൽഎയുടെ വീട്‌ തകർത്ത കേസിൽ പ്രവർത്തകർക്ക്‌ ജാമ്യം; പ്രവർത്തകരെ ആനയിച്ച്‌ മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം, വിശദീകരിക്കാനാവതെ പാർട്ടി നേതൃത്വം

കണ്ണൂർ: (www.k-onenews.in) മുസ്ലിം ലീഗ്‌ നേതാവ്‌ കെഎം ഷാജി എംഎൽഎയുടെ വീട്‌ തകർത്ത കേസിൽ അറസ്റ്റിലായ യൂത്ത്‌ ലീഗ്‌ പ്രവർത്തകർക്ക്‌ ജാമ്യം. ജാമ്യം നേടിയ പ്രവർത്തകരെയും ആനയിച്ച്‌ നടത്തിയ ആഹ്ലാദ പ്രകടനം പാർട്ടിയിൽ ഏറെ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് ഷാജിയുടെ കണ്ണൂർ ചാലാട്‌ മണലിലെ വീടിനു നേരെ അക്രമം നടക്കുന്നത്‌. അക്രമത്തിൽ ജനൽ ചില്ലുകൾ തകർന്നിരുന്നു.(www.k-onenews.in)എംഎൽഎയുടെ ഗണ്മാന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ്‌ വൈകുന്നേരത്തോടെ അഴീക്കോട് പഞ്ചായത്തംഗം പി പി ഫസല്‍(29), പൊയ്തുംകടവിലെ റംഷി(23), ജംഷീര്‍(27) എന്നിവരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

ഏറെ നാളായി വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് കെഎം ഷാജി എംഎൽഎയും അഴീക്കോട്‌ മണ്ഡലത്തിലെ ലീഗ്‌ പ്രവർത്തകരും തമ്മിൽ അസ്വാരസ്യത്തിലായിരുന്നു.
എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും മറ്റുമാണ് വീട്‌ ആക്രമിക്കുന്നതിലേക്ക്‌ വരെ കാര്യങ്ങൾ എത്തിച്ചത്‌.

കെഎം ഷാജിക്കും കണ്ണൂർ ജില്ലാ മുസ്ലിം ലീഗ്‌ നേതൃത്വത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രവർത്തകർ ഉന്നയിക്കുന്നത്‌.
അഴീക്കോട് എംഎൽഎയെ നിയന്ത്രിക്കുന്നത് സ്വന്തം ശാഖയിൽ പോലും അനഭിമതനായ അൽത്താഫ് എന്നയാളാണെന്നും,
പാർട്ടിക്കാർക്ക്‌ വേണ്ടാത്ത ഒരു പേർസണൽ സ്റ്റാഫിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന കെഎം ഷാജിയുടെ നിലപാട് സംശയാസ്പദമാണ്.(www.k-onenews.in)
ആ വിഷയത്തിൽ എംഎൽഎ പാർട്ടിയെ ധിക്കരിച്ച്‌ മുന്നോട്ടു പോകുന്നതിലും ദുരൂഹതയുണ്ട്. അതിനാൽ കെഎം ഷാജിയുടെ സാമ്പത്തിക സ്രോതസ്സും ഇടപാടുകളും അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വയനാടൻ ചുരമിറങ്ങി വോട്ടും വാങ്ങി പോകുന്നതല്ലാതെ മണ്ഡലത്തിലുള്ള ജനങ്ങളോട്‌ ഒരു മുഖാമുഖത്തിനു പോലും തയ്യാറാവാത്തത്‌ ഏറെ അപമാനകരമാണെന്നും ഇവർ ആരോപിക്കുന്നു.
കണ്ണൂർ ജില്ലാ മുസ്ലീം ലീഗ്‌ കമ്മറ്റി ഈയിടെയായി ഏകാധിപത്യ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും പ്രവർത്തരുടെ വികാരങ്ങൾക്ക് യാതൊരു വിലയുമില്ലെന്നും കെപി താഹിറിനെയും അൽത്താഫിനെയും പോലുള്ളവരുടെ താൽപര്യങ്ങൾ മാത്രമാണ് പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതെന്നും പ്രവർത്തകർ തുറന്നടിക്കുന്നു.

കണ്ണൂരിൽ നടക്കുന്ന ഗ്രൂപ്പ്‌ പോരും അഴിമതിയാരോപണവും മുസ്ലിംലീഗിന് ഏറെ നാണക്കേടുണ്ടാക്കിയിരിക്കെയാണ് സ്വന്തം പാർട്ടി എംഎൽഎയുടെ വീട്‌ തകർത്തവർക്ക്‌ പാർട്ടി പ്രവർത്തകർ തന്നെ സ്വീകരണമൊരുക്കിയത്‌.(www.k-onenews.in)
ജാമ്യം ലഭിച്ചവർക്ക്‌ കണ്ണൂർ സബ്‌ജയിൽ പരിസരത്ത്‌ ഹരിത ഹാരം ചാർത്തി സ്വീകരിച്ച പ്രവർത്തകർ ഇവരെ ആനയിച്ച്‌ ബൈക്ക്‌ റാലിയായാണ് മണ്ഡലത്തിൽ എത്തിച്ചത്‌. ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ചാ വിഷയമായ ഈ വിവാദത്തിൽ മറുപടി പറയാൻ അഴീക്കോട്‌ എംഎൽഎ കെഎം ഷാജിയും ജില്ലാ നേതൃത്വവും ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്‌.

Previous ArticleNext Article