Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ യു.എന്‍ സഹായവും വിലക്കി; മ്യാന്മറിന്റെ ക്രൂരത വീണ്ടും

മ്യാന്മർ: (www.k-onenews.in) മ്യാന്മറിലെ രക്തരൂഷിതമായ സൈനികാക്രമണത്തില്‍ ഒറ്റപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്കുള്ള എല്ലാ യു.എന്‍ സഹായവും ഭരണകൂടം വിലക്കി. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന സഹായങ്ങളാണ് റാഖിനെ പ്രവിശ്യയില്‍ ഒറ്റപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് യു.എന്‍ എത്തിച്ചിരുന്നത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സുരക്ഷാ സാഹചര്യങ്ങളും കാരണം സഹായം നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വന്നു എന്ന് മ്യാന്മറിലെ യു.എന്‍ റസിഡന്റ് കോര്‍ഡിനേറ്റര് ഓഫീസ് യു.എസ് മാധ്യമമായ ദ ഗാര്‍ഡിയനോട് വെളിപ്പെടുത്തി. മാനുഷിക സഹായങ്ങള്‍ എന്ന് പുനഃരാരംഭിക്കാനാകും എന്ന് പറയാനാവില്ലെന്നും ഓഫീസ് വ്യക്തമാക്കി.

യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി, യു.എന്‍ പോപുലേഷന്‍ ഫണ്ട്, യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നിവയുടെ സന്നദ്ധ പ്രവര്‍ത്തകരാണ് മേഖലയില്‍ സഹായമെത്തിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ക്ക് രാഖിനെയിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് കടക്കാനായിട്ടില്ല. ഓക്‌സ്ഫാം, സേവ് ദ ചില്‍ഡ്രന്‍ അടക്കമുള്ള 16 പ്രധാനപ്പെട്ട സര്‍ക്കാറിതര സംഘടനകളും സര്‍ക്കാര്‍ പ്രദേശത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ പരാതി അറിയിച്ചിട്ടുണ്ട്.


ബംഗ്ലാദേശിലെ കുതുപലോങ്‌ അതിര്‍ത്തി ക്യാമ്പില്‍ ഭക്ഷണത്തിനായി കൈ നീട്ടുന്ന അഭയാര്‍ത്ഥികള്‍

കഴിഞ്ഞ ദിവസം പ്രവിശ്യയില്‍ നാനൂറോളം പേരെ മ്യാന്മര്‍ സൈന്യം വകവരുത്തിയിരുന്നു. ഇവരെ കൂട്ടത്തോടെ തീയിട്ട് കത്തിക്കുകയായിരുന്നു. ദിനം പ്രതി ആയിരക്കണക്കിന് പേരാണ് പ്രദേശത്തു നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശ് അതിര്‍ത്തി തുറക്കാത്തതു കാരണം ആയിരക്കണക്കിന് പേര്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കുടുങ്ങിക്കിടക്കുകയാണ്.

മ്യാന്മറിലെ ഗോത്രന്യൂനപക്ഷ വിഭാഗമായ റോഹിന്‍ഗ്യകള്‍ പതിറ്റാണ്ടുകളായി ഭരണകൂടത്തില്‍ നിന്ന് അതിക്രമങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. 1.1 ദശലക്ഷം റോഹിന്‍ഗ്യകളാണ് മ്യാന്മറിലുള്ളത്.

Previous ArticleNext Article