കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

ജപ്പാനിൽ മരണപ്പെട്ട കാസർഗോട്ടെ യുവാവിന്റെ മൃതദേഹം ഖബറടക്കി

നീലേശ്വരം:(www.k-onenews.in)

ജപ്പാനിൽ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. വ്യാഴാഴ്ച്ച മരണപ്പെട്ട കാസർഗോഡ്‌ ജില്ലയിലെ നീലേശ്വരം കോട്ടപ്പുറം സ്വദേശി കെപി.ശംസുദ്ധീന്റെ(31) മൃതദേഹമാണ് ജപ്പാനിൽ ഇന്ന് ഖബറടക്കിയത്‌.

രണ്ടാഴ്ച്ച മുൻപുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ്‌ വ്യാഴാഴ്ച്ച പുലർച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകന്റെ അസുഖ വിവരമറിഞ്ഞ്‌ ശംസുദ്ധീന്റെ മാതാവും മറ്റു ബന്ധുക്കളും കഴിഞ്ഞയാഴ്ച്ച ജപ്പാനിലേക്ക്‌ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്‌.

പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെ ടോക്കിയോ തബ്‌ലീഗ്‌ മർക്കസിലെ ദാറുസ്സലാം മസ്‌ജിദിൽ നടന്ന മയ്യിത്ത്‌ നമസ്കാരത്തിനു ശേഷം യാബ്ര ഖബർസ്ഥാനിൽ മൃതദേഹം മറവു ചെയ്തു.
മരണാനന്തര ചടങ്ങുകൾക്ക്‌ സഹോദരൻ കെപി സുബൈർ നേതൃത്വം നൽകി. സഹപ്രവർത്തകരും പ്രവാസികളുമടക്കം നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.

ഏഴ്‌ വർഷത്തോളമായി ജപ്പാൻ പ്രവാസിയായിരുന്ന ശംസുദ്ധീൻ അവിവാഹിതനാണ്. യുവാവിന്റെ വിയോഗം ജപ്പാനിലുള്ള കൂട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കയാണ്.

ശനിയാഴ്ച്ച വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ സ്വദേശമായ കോട്ടപ്പുറം ഫാറൂഖ്‌ മസ്‌ജിദിൽ വെച്ച്‌ മയ്യിത്ത്‌ നിസ്കാരവും പ്രത്യേക പ്രാർത്ഥനാ സദസ്സും ഉണ്ടായിരിക്കുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു.

Previous ArticleNext Article