Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

എന്‍.ഐ.എയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: (www.k-onenews.in) സംഘപരിവാര അജണ്ടകള്‍ മറയില്ലാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ. മുസ്‌ലിം, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ തികഞ്ഞ മുന്‍വിധിയോടെയാണ് എന്‍.ഐ.എ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും കോഴിക്കോട്ട് ചേര്‍ന്ന പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശിയ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.യറ്റ്

ഭരണഘടനാ മൂല്യങ്ങളും വസ്തുനിഷ്ടതയും അടിയറവച്ച എന്‍.ഐ.എ പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇവര്‍ നടത്തിയ എല്ലാ ഇടപെടലുകളും പക്ഷപാതപരമാണ്. ഒരവശത്ത്, സംഝോത എക്‌സ്പ്ര്‌സ്, മലേഗാവ് സ്‌ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട ഹിന്ദുത്വ കുറ്റവാളികളെ മനപൂര്‍വം രക്ഷപ്പെടാന്‍ സഹായിച്ച എന്‍.ഐ.എ, മറുവശത്ത് തീവ്രവാദക്കേസുകള്‍ കെട്ടിവച്ച് മുസ്‌ലിം യുവാക്കള്‍ളെ ജയിലിലേക്ക് അയക്കുന്നതില്‍, നിര്‍ണായകമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

എന്‍.ഐ.എ അന്വേഷിച്ച ഹിന്ദുത്വര്‍ പ്രതികളായ കേസുകള്‍ എല്ലാം തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം, നിരവധി നിരപരാധികളുടെ മരണത്തിനുത്തരവാദികളായ കുറ്റവാളികള്‍ക്ക് ജയില്‍ മോചനം നേടാന്‍ എന്‍.ഐ.എ വഴിയൊരുക്കിയതായി ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മലേഗാവ് കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് എന്‍.ഐ.എ അവശ്യപ്പെട്ടതായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ 2015 ല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കേസുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ത്തി അവരെ തല്‍സ്ഥാനത്തു നിന്നു ഒഴിവാക്കി. ഒമ്പതുവര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യപ്രതികളിലൊരാളായ കേണല്‍ ശ്രീകാന്ത് പുരോഹിതിന് ഈയിടെ ജാമ്യം ലഭിക്കുകയും ചെയ്തു. സംഝോത എക്‌സ്പ്രസ് സ്‌ഫോടനകേസിന്റെ അവസ്ഥയും ഇതുതന്നെയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

മുസ്‌ലിം റിസര്‍ച്ച് ഫൗണ്ടേഷന്‍ പോലെ, സമാധാനപരവും നിയമവിധേയവുമായി പ്രവര്‍ത്തിച്ചക്കൊണ്ടിരുന്ന മുസ്‌ലിം സ്ഥാപനങ്ങളെ നിരോധിക്കുകയും സാക്കിര്‍ നായികിനെ പോലുള്ള ഇസ്‌ലാമിക പണ്ഡിതരെ കുറ്റവാളിയാക്കുകയും ചെയ്തതില്‍ എന്‍.ഐ.എയുടെ അവ്യക്തമായ റിപോര്‍ട്ടുകള്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. മുസ്‌ലിം നേതാക്കളെയും സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് വേട്ടയാടുകയും അവരില്‍ തീവ്രവാദവും രാജ്യദ്രോഹവും മുദ്രയടിക്കുകയും ചെയ്യുന്ന രീതി എന്‍.ഐ.എ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഹാദിയ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി നടപടിയിലേക്ക് ദുരൂഹമായ ലക്ഷ്യങ്ങളോടെയാണ് എന്‍.ഐ.എ കടന്നുകയറിയിട്ടുള്ളത്. വ്യക്തിസ്വാതന്ത്യവും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു സാധാരണ കേസില്‍ നിന്നും ഹാദിയ കേസിനെ തീവ്രവാദവുമായും രാജ്യസുരക്ഷയുമായും ബന്ധിപ്പിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 24 വയസുള്ള പ്രായപൂര്‍ത്തിയായ ഒരു യുവതിയുടെ വിവാഹത്തെ കുറിച്ച് ഒരു ദേശീയ ഏജന്‍സി അന്വേഷിക്കുക എന്നത് നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

ഒരു ദേശീയ ഏജന്‍സിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം ധാര്‍മ്മീക അധപതനവും മൂല്യശോഷണവും ജനങ്ങള്‍ക്ക് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടവരുത്തുമെന്ന് യോഗം ചൂണ്ടിക്കാട്ടി. എന്‍.ഐ.എയെ രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ ജനാധിപത്യശക്തികളും ജനകീയപ്രസ്ഥാനങ്ങളും രംഗത്തുവരണമെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

Previous ArticleNext Article