Hot, ദേശീയം, പുതിയ വാർത്തകൾ

ഗൗരി ലങ്കേഷിന്റെയും എം എം കല്‍ബുര്‍ഗിയുടെയുടെയും കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘം; കൊലയ്ക്കു ഉപയോഗിച്ച ആയുധം സാമ്യമുണ്ടെന്നത്തിനു തെളിവ് ലഭിച്ചതായി സൂചന

ബംഗളുരു: (www.k-onenews.in) ഗൗരി ലങ്കേഷിന്റെയും എം എം കല്‍ബുര്‍ഗിയുടെയുടെയും കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തിന്റെ സൂചന. ഒരേ രീതിയിലുള്ള കൊലപാതകമാണിത്. കൊലയ്ക്കു ഉപയോഗിച്ച ആയുധം ഉൾപ്പെടെ രണ്ടു പേരുടെയും കൊലപാതകത്തിനു സാമ്യമുണ്ടെന്നത്തിനു തെളിവ് ലഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് റിപ്പോർട്ട് ചെയ്തു. ഫോറന്‍സിക് ലാബ് നടത്തിയ ബാലിസ്റ്റിക് പരിശോധനയുടെ വിശദമായ റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും. അതേസമയം പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നതിനാൽ കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയുടെയും കൊലപാതകം നടന്ന സമയത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്‌. ഗൗരി ലങ്കേഷ് രാത്രിയിലും കല്‍ബുര്‍ഗി പകലുമാണ് ആക്രമിക്കപ്പെട്ടത്. ഇത് ഒരുപക്ഷെ ഗൗരിയുടെ ജോലിത്തിരക്ക് മനസ്സിലാക്കിയതിനാലാവാമെന്നും അന്വേഷണസംഘം കരുതുന്നു. എം എം കല്‍ബുര്‍ഗിയെ കൂടാതെ നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരുടെ കൊലപാതകത്തിനു പിന്നിലും ഒരേ സംഘമാണ് പ്രവര്‍ത്തിച്ചതെന്ന സൂചനയുമായി ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മൂവരേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ ഒരേ തോക്കില്‍ നിന്നുള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് പൊലീസ് സുപ്രീംകോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2013 ആഗസ്ത് മുതല്‍ 2015 ആഗസ്ത് വരെയുള്ള കാലയളവിലാണ് നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവര്‍ വെടിയേറ്റു മരിക്കുന്നത്. 2015 ആഗസ്ത് 30 നാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയത്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും കൊലപാതകങ്ങൾ തമ്മിൽ ബന്ധമുള്ള കാര്യം ഉറപ്പായിട്ടുണ്ടെണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്ത് ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സാണു മൂവരുടെയും ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ടകള്‍ ഒരേ തോക്കില്‍ നിന്നുള്ളതാണെന്നു വ്യക്തമാക്കിയത്. മുമ്പ് ഇവര്‍ ഇക്കാര്യത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. കല്‍ബുര്‍ഗി കൊല്ലപ്പെട്ട സമയത്ത് ബംഗളൂരുവിലെ ഫോറന്‍സിക് ലാബ് നടത്തിയ ബാലിസ്റ്റിക് പരിശോധനയിലും ലഭിച്ചത് സമാന റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുംബൈയിലെ ലാബ് തള്ളുകയാണുണ്ടായത്. ഇതോടെ കേസിലെ വിചാരണ തടയുകയായിരുന്നു.

അതേസമയം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധം വ്യാപകമായി.ബംഗളുരുവില്‍ ശക്തമായ പ്രതിഷേധം നടന്നതോടെ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ അന്വേഷണസംഘത്തെ വീണ്ടും വിപുലീകരിച്ചു. 2 ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടെ 40 ഇന്‍സ്‌പെക്ടര്‍മാരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി.

സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാത്തത് സര്‍ക്കാരിന്റെ കഴിവുകേടായി പരക്കെ വിമര്‍ശിക്കപ്പെടുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യംചെയ്ത് വിട്ടയച്ചു.

Previous ArticleNext Article