Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം

കോഴിക്കോട്‌: (www.k-onenews.in) പിശാച്‌വല്‍ക്കണത്തിലൂടെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വലതുപക്ഷം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചില നീക്കങ്ങള്‍ നടത്തുന്നതായി തോന്നുന്നു. അതില്‍ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2008ല്‍ യുഎപിഎ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്രകാരം നിലവില്‍ വന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഗ്രൂപ്പ് മാധ്യമങ്ങളാണ് പോപുലര്‍ ഫ്രണ്ടിനെതിരെയുള്ള ഉദ്വേഗജനകമായ കഥകള്‍ പ്രചരിപ്പിക്കുന്നതിന് പുതിയ എപ്പിസോഡ് തുടങ്ങിവച്ചത്. ടൈംസ് നൗ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വൈസ് ചെയര്‍മാനും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീന്‍ ഉമരിയെ തെറ്റായി ഉദ്ധരിച്ചത് വിവാദമായപ്പോള്‍ തന്നെ ആ പ്രചാരണത്തിന്റെ കള്ളി പുറത്തായിരുന്നു.

എന്‍ഐഎയുടേതെന്ന് പറയപ്പെടുന്ന റിപോര്‍ട്ടില്‍ ഉദ്ധരിച്ചത് നാല് കാര്യങ്ങളാണ്. മുവാറ്റുപുഴയില്‍ പ്രവാചകനെ അതിനിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച കോളേജ് അധ്യാപകനെതിരേ നടന്ന പ്രാദേശികമായ ആക്രമണമാണ് അതിലൊന്ന്. പ്രസ്തുത സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന് സംഘടനയെന്ന നിലക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്നുതന്നെ ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ച് നേതൃത്വം വ്യക്തമാക്കിയതാണ്. കണ്ണൂരിലെ നാറാത്ത് ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പേരില്‍ വര്‍ഷംതോറും നടത്തുന്ന ആരോഗ്യശിക്ഷണ പരിപാടിയാണ് ആയുധ പരിശീലനമെന്ന കഥയാക്കിമാറ്റിയത്. ആ കേസില്‍ യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി തന്നെയാണ് ഉത്തരവിട്ടത്. അതിനെതിരെയുള്ള എന്‍ഐഎ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളുകയാണുണ്ടായത്.
എന്‍ഐഎയുടെ പേരില്‍ നടക്കുന്ന മറ്റൊരു പ്രചാരണം ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന ഇസ്്‌ലാമിക് സ്റ്റേറ്റിലേക്ക് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നുവെന്നത് സംബന്ധിച്ചാണ്. 125 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യന്‍ ജനതയില്‍ നിന്ന് 100ല്‍ താഴെ ആളുകള്‍ മാത്രമാണ് സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഇസ്്‌ലാമിക് സ്റ്റേറ്റ് പോലുള്ള ദുരൂഹ സംഘങ്ങളെപ്പറ്റിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ നടത്തുന്ന പ്രലോഭനങ്ങളെ പറ്റിയും പോപുലര്‍ ഫ്രണ്ട് വളരെ നേരത്തേ തന്നെ അതിന്റെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. അത്തരം ചിന്താഗതിക്കാര്‍ക്ക് പോപുലര്‍ ഫ്രണ്ടില്‍ ഒരു നിലനില്‍പ്പും ഒരിക്കലും ഉണ്ടായിട്ടില്ല. ഇതുസംബന്ധമായ സംഘടനയുടെ നയം സര്‍ക്കുലറുകളിലൂടെയും പൊതുവേദികളിലും വ്യക്തമാക്കിയതാണ്.
ഹിന്ദുത്വശക്തികള്‍ മെനഞ്ഞെടുത്ത ലൗജിഹാദ് പദ്ധതിയുമായി മഞ്ചേരിയിലെ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ സത്യസരണിയെ ബന്ധപ്പെടുത്താനും അവമതിക്കാനുമുള്ള ശ്രമങ്ങള്‍ യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമുള്ളതല്ല. ഇസ്്‌ലാം മതം സ്വീകരിച്ച വൈക്കത്തെ ഹാദിയ എന്ന യുവതിയെ സത്യസരണിയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനു പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തന്നെ ഉത്തരവിട്ടതാണ്. അതേ കോടതിയാണ് ഹാദിയയുടെ അഭീഷ്ടപ്രകാരം നാഷനല്‍ വിമന്‍സ് ഫ്രണ്ട് അഖിലേന്ത്യാ അധ്യക്ഷ എ എസ് സൈനബയെ ലോക്കല്‍ ഗാര്‍ഡിയനാക്കി നിശ്ചയിച്ചതും. സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ല; മതവിദ്യാഭ്യാസ കേന്ദ്രമാണ്. അതേയവസരം മതം മാറാനും മതം പ്രചരിപ്പിക്കാനും ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ട്.
കാല്‍ നൂറ്റാണ്ടു കാലമായി ഇന്ത്യയുടെ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അംഗങ്ങളുള്ള ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരേ സംഘടന നടത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഭരണകൂടങ്ങളുടേ തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹിന്ദുത്വഫാഷിസമാണെന്ന അതിന്റെ നിലപാട് സുതരാം വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ഉന്നംവയ്ക്കുന്നത്. നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ, സംഘടനക്കെതിരേ നടക്കുന്ന കടന്നുകയറ്റത്തെ ചെറുക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണ്.

വാര്‍ത്താസമ്മേളനത്തില്‍ ‍
ഇ അബൂബക്കര്‍ (ചെയര്‍മാന്‍)
നാസറുദ്ദീന്‍ എളമരം (സംസ്ഥാന പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു.

Previous ArticleNext Article