Hot, ദേശീയം

ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് ആര്‍എസ്എസ് ‘ഒടുവിലവര്‍ ട്രോളുകളെയും തേടിയെത്തി’

ന്യൂദല്‍ഹി: (www.k-onenews.in) സമൂഹമാധ്യമങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ട്രോളുകള്‍. സമകാലിക വിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങളുമായാണ് ട്രോളുകള്‍ ഓരോ ദിനത്തിലും പ്രത്യക്ഷപ്പെടുന്നത്. വിമര്‍ശകര്‍ക്ക് നേരെ തോക്കുയരുന്ന കാലഘട്ടത്തില്‍ ട്രോളുകളും പലരെയും അസ്വസ്ഥരാക്കാറുണ്ട്.

ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ട്രോളുകള്‍ മര്‍മ്മത്ത് ഇടിക്കുന്നതു പോലെയാണെന്നാണ് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ആരാണോ ട്രോളുകള്‍ ചെയ്യുന്നത് അവരെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മോഹന്‍ ഭാഗവത് ട്രോളുകളോടുള്ള ആര്‍.എസ്.എസിന്റെ നയം വ്യക്തമാക്കിയത്. ‘ ട്രോളുകള്‍ മര്‍മ്മസ്ഥാനത്ത് ഇടിക്കുന്നത് പോലെയാണ്. ഇത്തരത്തിലുള്ളവ പ്രദര്‍ശിപ്പിക്കുന്നവരെ ഞങ്ങള്‍ പിന്തുണക്കില്ല’ ഭാഗവത് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതലായി ട്രോളുകള്‍ക്ക് വിധേയരാകുന്നത് ബി.ജെ.പി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്. സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കെതിരെയും ശക്തമായ ട്രോളുകള്‍ ദിനംപ്രതി ഉയര്‍ന്നു വരാറുണ്ട് ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവത് ട്രോളുകള്‍ക്കെതിരെ രംഗത്തെത്തിയത്.
പുതിയകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായ രൂപീകരണങ്ങള്‍ നടക്കുന്ന വേദിയായ സോഷ്യല്‍ മീഡിയയില്‍ അപ്രഖ്യാപിത വിലക്കുമായെത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ട്രോളുകള്‍ക്കെതിരായ പ്രസ്താവനയെന്ന് വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

Previous ArticleNext Article