Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നൗഫൽ ഉളിയത്തടുക്കയെ പിഡിപിയിൽ നിന്നും പുറത്താക്കി; പാർട്ടിയുടെ പിന്തിരിപ്പൻ നിലപാടിൽ പ്രതിഷേധിച്ച്‌ രാജി വെച്ചതാണെന്ന് നൗഫൽ

കാസർഗോഡ്‌:(www.k-onenews.in)

പിഡിപി നേതാവും, വിദ്യാർത്ഥി വിഭാഗമായ ഐഎസ്‌എഫ്‌ സംസ്ഥാന കോഡിനേറ്ററുമായ നൗഫൽ ഉളിയത്തടുക്കയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കം ചെയ്തു. പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇക്കാര്യം അറിയിച്ചതായി ജില്ലാ പ്രസിഡണ്ട്‌ റഷീദ്‌ മുട്ടുന്തല, സെക്രട്ടറി യൂനുസ്‌ തളങ്കര എന്നിവർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ സംഘപരിവാർ ഭീകരത തുറന്നു കാട്ടുന്നതിൽ പിന്തിരിപ്പൻ നിലപാടുമായി മുന്നോട്ടു പോവുന്ന‌ പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമില്ലെന്നറിയിച്ച്‌ കഴിഞ്ഞ മാസം പതിനാറാം തീയതി തന്നെ പാർട്ടി ചെയർമാന് കത്തയച്ചതായി നൗഫൽ പറഞ്ഞു.
കാസർഗോഡ്‌ പഴയ ചൂരി ജുമാ മസ്ജിദിൽ വെച്ച്‌ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ റിയാസ്‌ മൗലവി വധക്കേസ്‌ പാർലമന്റ്‌ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ ജില്ലാ ജനകീയ നീതി വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കേരള യാത്രയുടെ ജാഥാ ക്യാപ്റ്റൻ നൗഫൽ ഉളിയത്തടുക്കയായിരുന്നു. യാത്രക്ക്‌ പിന്തുണ അഭ്യർത്ഥിച്ച്‌ ബിജെപി ഒഴികെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികൾക്ക്‌ തങ്ങൾ കത്ത്‌ സമർപ്പിച്ചിരുന്നു. വിവിധ കക്ഷികൾ പരോക്ഷ പിന്തുണയും നൽകിയിരുന്നതായും നൗഫൽ പറയുന്നു‌, എന്നാൽ ഫാസിസ്റ്റുകൾക്കെതിരെയുള്ള ഈ ജാഥയെ പിന്തുണക്കാതിരിക്കുക മാത്രമല്ല പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും പരസ്യമായി എതിർക്കുകയും ചെയ്തത്‌ താൻ നിലകൊള്ളുന്ന പിഡിപി എന്ന പാർട്ടി മാത്രമാണെന്നും നൗഫൽ ആരോപിക്കുന്നു.
പാർട്ടിയുടെ ഈ സമീപനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്ന് രാജി വെക്കാൻ നൗഫലും സംഘവും തീരുമാനിച്ചത്‌.
അതേസമയം, ജനകീയ നീതി വേദി യൂത്ത്‌ വിംഗ്‌ ജില്ലാ പ്രസിഡണ്ട്‌ സ്ഥാനത്തു നിന്നും നൗഫലിനെ പുറത്താക്കിയതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുണ്ട്‌., എന്നാൽ ഇത്‌ വാസ്തവ വിരുദ്ധമാണെന്നും സാമ്പത്തിക ക്രമക്കേട്‌ ഉൾപെടെയുള്ള അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നൗഫലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Previous ArticleNext Article