Hot, ദേശീയം, പുതിയ വാർത്തകൾ

പെട്രോള്‍-ഡീസല്‍ വില; ഭരണകൂടം ജനങ്ങളെ കൊള്ളയടിക്കുന്നത് ഇങ്ങനെ- കണക്കുകള്‍

* നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പകുതിയായി. എന്നാല്‍ അന്താരാഷ്ട്ര വിപണിക്കനുസൃതമായി വില പരിഷ്‌കരിക്കുമെന്ന പെട്രോളിയം കമ്പനികളുടെ വാഗ്ദാനം നടന്നില്ല. വിലകുറക്കാതെ ഉപഭോക്താവിനെ ചൂഷണം ചെയ്യാനാണ് കമ്പനികളും സര്‍ക്കാറും ശ്രമിച്ചത്.

* മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോള്‍ പെട്രോളിനും ഡീസലിനും. ബി.ജെ.പി-ശിവസേന അധികാരത്തിലിരിക്കുന്ന മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. സെപ്തംബര്‍ 12ന് ലിറ്റര്‍ ഒന്നിന് 79.48 രൂപ. ഇപ്പോള്‍ എണ്‍പത് രൂപ കടന്നു.

* രാജ്യത്ത് മിക്കയിടത്തും ഏകദേശം 75 രൂപയോ അതിനു മുകളിലോ ആണ് പെട്രോള്‍ വില. ഡീസല്‍ 60 രൂപയ്ക്ക് മുകളില്‍.

* ദിനംപ്രതി വില പുതുക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാന പ്രകാരം ജൂലൈ ഒന്നിനും സെപ്തംബര്‍ 12നും ഇടയില്‍ 5.18 രൂപയുടെ വര്‍ധനവാണ് ലിറ്ററിനുണ്ടായത്.

* 2014 ഏപ്രിലില്‍ മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് പെട്രോളിന്റെ നികുതി 34 ശതമാനവും ഡീസലിന്റേത് 21.5 ശതമാനവുമായിരുന്നു. ഇതിനെ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ജൂലൈയില്‍ പെട്രോളിന്റെ നികുതി 58 ശതമാനവും ഡീസലിന്റേത് 50 ശതമാനവുമാണ്.

* ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള രാജ്യവും ഇന്ത്യയാണ്. പാകിസ്താനില്‍ 71 രൂപ മാത്രമാണ് പെട്രോള്‍ വില. (പാക് രൂപയ്ക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്).

* പാക് സര്‍ക്കാര്‍ ചുമത്തുന്നിനേക്കാല്‍ ഇരട്ടി നികുതിയാണ് ഇന്ത്യാ ഗവണ്‍മെന്റ് പൗരനു മേല്‍ ചുമത്തുന്നത്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളിലും ഇത്രയും നികുതി ഭാരം പൗരനു മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല.

* 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഡീസലിന്റെ സെന്‍ട്രല്‍ എക്‌സൈസ് നികുതിയില്‍ 380 ശതമാനവും പെട്രോളില്‍ 120 ശതമാനവും നികുതി വര്‍ധനയാണ് ഉണ്ടായത്.

* മോദി അധികാരമേറ്റെടുക്കുന്നതിന്റെ തൊട്ടുമുമ്പ്, 2014 ഏപ്രില്‍ ഒന്നിന് ബ്രാന്‍ഡഡ് അല്ലാത്ത ഒരു ലിറ്റര്‍ ഡീസലിന് 3.56 രൂപയായിരുന്നു നികുതി. ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന് 9.48 രൂപയും. അതിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷം 11 തവണയാണ് നികുതി പുതുക്കിയത്.

* 3.56 രൂപയില്‍ നിന്ന് ഡീസലിന്റെ എക്‌സൈസ് നികുതി 17.33 രൂപയായും 9.48 രൂപയില്‍ നിന്ന് പെട്രോളിന്റെ എക്‌സൈസ് നികുതി 21.48 രൂപയായും വര്‍ധിച്ചു.

* കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, വാറ്റിലൂടെ സംസ്ഥാന സര്‍ക്കാറും ജനങ്ങളെ കൊള്ളയടിക്കുന്നു. 2014 ഏപ്രിലില്‍ 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് 20 ശതമാനത്തിനു മേല്‍ ഡീസലിന് വാറ്റ് നികുതിയുണ്ടായിരുന്നത്. 2017 ഓഗസ്റ്റില്‍ 15 സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിന് മുകളിലാണ് വാറ്റ് നികുതി.

* 2014 ഏപ്രിലില്‍ 25 ശതമാനത്തിന് മുകളില്‍ പെട്രോളിന് വാറ്റ് നികുതിയുണ്ടായിരുന്നത് 17 സംസ്ഥാനങ്ങളിലാണ്. 2017 ഓഗസ്റ്റില്‍ പെട്രോളിന് 25 ശതമാനത്തിന് മുകളില്‍ വാറ്റ് ചുമത്തുന്നത് 26 സംസ്ഥാനങ്ങളാണ്.

* കേരളത്തില്‍ പെട്രോളിന് 17.24 ശതമാനം നികുതിയും ഡീസലിന് 11.91 ശതമാനം നികുതിയുമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതിന് പുറമേ, വികസനപദ്ധതികളുടെ സ്രോതസ്സായി കിഫ്ബിയിലേക്ക് ലിറ്റര്‍ ഒന്നിന് ഒരു രൂപ സെസ്സുമുണ്ട്. ഓഗസ്റ്റില്‍ മാത്രം നികുതിയിനത്തില്‍ 525 കോടി രൂപയാണ് കേരളത്തിന്റെ വരുമാനം.

* കേന്ദ്ര സര്‍ക്കാറിന് എക്‌സൈസ് നികുതിയില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. 2013-14ല്‍ ഇതുവഴിയുള്ള വരുമാനം 77982 കോടി രൂപയായിരുന്നു. ഇത് 2016-17ല്‍ 242691 കോടി രൂപയായാണ് വര്‍ധിച്ചത്.


* വാറ്റ് നികുതി വഴി വര്‍ഷം പ്രതി പതിനായിരം കോടി രൂപ വരുമാനമുണ്ടാക്കുന്നത് ആറു സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്രയാണ് ഇതില്‍ മുമ്പില്‍. 2013-14ല്‍ 19000 കോടി രൂപയായിരുന്നു മഹാരാഷ്ട്രയുടെ വരുമാനമെങ്കില്‍ 2016-17ല്‍ ഇത് 23160 കോടി രൂപയായി. കേരളത്തിന് 2013-14ല്‍ 5173 കോടി രൂപയായിരുന്നു വരുമാനം. ഇത് 2016-17ല്‍ 6899 കോടി രൂപയായി.

കടപ്പാട്‌ factly.in

Previous ArticleNext Article