Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, രാഷ്ട്രീയം, ലേഖനം

സിനാൻ വധക്കേസ്‌ വിധി ; ചികിത്സിക്കേണ്ടത്‌ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികളെ- മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌ എഴുതുന്നു..

മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌

(www.k-one news.in)

കഴിഞ്ഞ ദിവസം പ്രമാദമായ സിനാൻ വധക്കേസിൽ‌ പ്രതികളെ വെറുതെ വിട്ടതായി വിധി വന്നതു മുതൽ കോടതിയെയും മറ്റും പഴിചാരി നിർവൃതിയടയുന്നതിനിടയിൽ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയെ കണ്ടെത്തി ചികിത്സിക്കാൻ ആരും മെനക്കെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിലെ പോലീസ്‌ സംവിധാനത്തിൽ സംഘപരിവാർ സ്വാധീനം വർദ്ധിക്കുന്നു എന്ന ആശങ്ക ഈ മോഡിക്കാലത്താണ് വ്യാപകമായതെങ്കിലും അതിനും വർഷങ്ങൾക്കു മുൻപേ കാസർഗോഡ്‌ പോലീസിൽ ശക്തമായ കാവിവൽക്കരണം നടന്നിട്ടുണ്ടെന്ന പരാതി ഉയർന്നിരുന്നു. കാസർഗോഡ്‌ ജില്ലയെ‌ എല്ലാ കാര്യങ്ങളിലും അവഗണിക്കുന്നത്‌ പോലെ തന്നെ ഇവിടെ പതിറ്റാണ്ടുകളായി നടമാടിക്കൊണ്ടിരിക്കുന്ന സംഘപരിവാർ ഭീകരതയും കേരളീയ പൊതുബോധം മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു. കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിന്റെ നൂറിലൊന്ന് പോലും കാസർഗോഡ്‌ മേഖലയിലെ അരക്ഷിതാവസ്ഥ ചർച്ച ചെയ്യപ്പെടുന്നില്ല.

ഓരോ കൊലപാതകങ്ങൾക്കുള്ള ആസൂത്രണം നടത്തുന്നത്‌‌ മുതൽ അത്‌ നടപ്പിലാക്കി കേസ്‌ ഫയൽ കോടതിയിൽ എത്തുന്നത്‌ വരെ കൃത്യമായ അജണ്ടകളോടെ ആർഎസ്‌എസിനു വേണ്ട എല്ലാ പഴുതുകളും ഉണ്ടാക്കി കൊടുക്കുന്നതിൽ ജില്ലയിലെ പോലീസ്‌ സേനയിലെ ചിലർക്ക്‌ വ്യക്തമായ പങ്കുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നിടത്താണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്‌.
നാളിതുവരെ കാസർഗോട്ട്‌ നടന്ന വർഗ്ഗീയ കൊലപാതകങ്ങളിൽ ഒന്നിൽ പോലും കുറ്റവാളികൾക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റിയില്ല എന്നത്‌‌ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്കു മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു.

വൈരുധ്യങ്ങൾ നിറഞ്ഞ എഫ്‌ഐആറുകളും ചാർജ്‌ ഷീറ്റും, അട്ടിമറിക്കപ്പെടുന്ന ശാസ്ത്രീയ തെളിവുകൾ, റെഡിമെയ്‌ഡ്‌ പ്രതികൾ, ദുർബലമായ പ്രോസിക്യൂഷനുമൊക്കെ ചേരുമ്പോൾ കൊലയാളികൾ വളരെ എളുപ്പത്തിൽ തന്നെ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നു. ഇങ്ങനെ രക്ഷപ്പെട്ടവർ തന്നെ വീണ്ടും കൊലക്കത്തിയുമായി ഇറങ്ങുകയും കൊലപാതകങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കാളികളാവുകയും ചെയ്യുന്ന ഭീകരാവസ്ഥയാണ് ജില്ലയിൽ കാണാൻ സാധിക്കുന്നത്‌. ഭീകരവാദികളെ സ്വൈര്യവിഹാരമൊരുക്കുന്നതിന് ഉത്തരവാദികൾ ആരാണ്?

മണ്ഡലത്തിലെ എംഎൽഎക്ക്‌ പോലും ഇല്ലാത്ത സ്വാധീനമാണ് സ്റ്റേഷനകത്ത്‌ ആർഎസ്‌എസ്‌ കാര്യവാഹുകൾക്കെന്ന് പരസ്യമായ രഹസ്യമാണ്.
പത്തും ഇരുപതും വർഷങ്ങളായി ഇതേ പോലീസ്‌ സ്റ്റേഷനിൽ തന്നെ ജോലി ചെയ്യുന്ന ഒട്ടനവധി ഉദ്യോഗസ്ഥർക്ക്‌ ഇക്കാര്യങ്ങളിൽ വ്യക്തമായ പങ്കുണ്ടെന്ന് നേരത്തെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആക്ഷേപമുന്നയിച്ചിരുന്നു. മാറി വരുന്ന ഇടത് വലതു സർക്കാരുകൾ ഇക്കാര്യത്തിൽ കടുത്ത നിസംഗതയാണു വെച്ചുപുലർത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു.

“ഇടക്കിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴാണ് സ്റ്റേഷനിൽ ഒരു ആളനക്കമൊക്കെ ഉണ്ടാവുക, ആളനക്കമുണ്ടെങ്കിലേ നമ്മൾക്ക്‌ വല്ലതും തടയൂ”.. മുൻപൊരിക്കൽ ഒരു ഉദ്യോഗസ്ഥൻ തമാശ രൂപേണ പറഞ്ഞത്‌ ഓർമ്മ വരുന്നു., എന്നാൽ ഇത്‌ കേവലം സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും കർണ്ണാടക വഴി കേരളത്തിലേക്കുള്ള ആർഎസ്‌എസിന്റെ കടന്നു വരവിനായുള്ള മണ്ണൊരുക്കുന്നതിന്റെ ഭാഗമാണെന്നും ആർക്കാണറിയാത്തത്‌. സംഘപരിവാരിന്റെ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ഇക്കൂട്ടർ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്നതെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയാതെ പോകരുത്‌.
ജില്ലയിലെ രണ്ട്‌ മണ്ഡലങ്ങ്ൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന നേതാവ്‌ കാസർഗോട്ട്‌ താമസമാക്കിയതിനു പിന്നാലെയാണ് കൊലപാതകങ്ങളും ആക്രമണങ്ങളും വ്യാപകമായതെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവും.

ഏറ്റവുമൊടുവിൽ നടന്ന റിയാസ്‌ മൗലവി വധക്കേസിൽ പോലും ഈ കൈകടത്തൽ നടന്നിട്ടുണ്ട്‌. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും ‘മദ്യലഹരിയിൽ’ ചെയ്തു പോയ കുറ്റകൃത്യമായാണ് പോലീസ്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌, കേസിലെ വിചാരണ വേളയിൽ പ്രതികൾക്ക്‌ പിടിച്ചു തൂങ്ങാനുള്ള വള്ളിയായാണ് ഈ ഗൂഢാലോചനയില്ലാത്ത ‘മദ്യലഹരി’ സിദ്ധാന്തം അവതരിപ്പിച്ചതെന്ന് പല നിയമ വിദഗ്ധരും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ‘റിയാസ്‌ മൗലവി വധത്തിൽ ആർഎസ്‌എസിന്റെ ഉന്നത തലത്തിൽ നിന്നുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്’ ആധികാരികമായി നിയമസഭയിൽ വെച്ച്‌ പറഞ്ഞിരുന്നു. എന്നാൽ പോലീസ്‌ സമർപ്പിച്ച കുറ്റപത്രത്തിലെവിടെയും ഈ ‘ഗൂഢാലോചന’യോ ആസൂത്രകരോ ഇല്ലെന്നത്‌ എന്തിന്റെ സൂചനയാണ്?

2014 ലെ എസ്‌ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ്‌ വധക്കേസിലെ നിർണ്ണായക തെളിവുകളായേക്കാവുന്ന സിസി ടിവി ദൃശ്യങ്ങൾ ഇല്ലാതെയായതും യാദൃശ്ചികമല്ല, അടിക്കടിയുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക്‌ തടയിടാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പോലീസ്‌ തന്നെ സ്ഥാപിച്ച സിസി ടിവി ക്യാമറകൾ ഈ കൊലപാതകം നടക്കുന്നതിനു രണ്ട്‌ ദിവസം മുൻപ്‌ ‘കേടായത്‌’ മൂലം വ്യക്തമായ തെളിവുകളാണ് നഷ്ടപ്പെട്ടത്‌. പ്രതികൾ ബൈക്കിലെത്തി പാർക്ക്‌ ചെയ്ത ട്രാഫിക്‌ സർക്കിൾ, കൊലനടത്തി ഓടിയ വഴികൾ ഇവിടങളിലൊക്കെയുണ്ടായ പോലീസ്‌ ക്യാമറകളാണ് അന്നേ ദിവസം ‘കേടായത്‌’. നഗരത്തിലെ മറ്റു ഇടങ്ങളിലെ ക്യാമറകൾക്ക്‌ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് മറ്റൊരു വസ്തുത.
ക്യാമറകൾ കേടായതാണോ അതോ കേടാക്കിയതാണോ എന്ന ചോദ്യം അന്ന് തന്നെ വിവിധ സാമൂഹിക സംഘടനകൾ ഉയർത്തിയിരുന്നു.

2009 ലെ മുസ്ലിം ലീഗ്‌ സമ്മേളനത്തിനെത്തിയ മുഹമ്മദ്‌ അസ്‌ഹറുദ്ധീനെ അതിക്രൂരമായി സംഘി ഭീകരർ വെട്ടിക്കൊന്നത്‌ ദേശീയപതയോരത്ത്‌ വെച്ചാണ്., ഈ കേസിലും പ്രതികളെ വെറുതെ വിട്ടു,

കറന്തക്കാട്‌ ഫയർസ്റ്റേഷനും ഹീറോഹോണ്ട ഷോറൂമിനും ഇടയിൽ വെച്ച്‌ നടന്ന കൊലപാതകത്തെ പോലീസ് സമർപ്പി‌ച്ച റിപ്പോർട്ടിൽ അത്‌ കറന്തക്കാട്‌ സർക്കിളിൽ വെച്ച്‌ നടന്നത്‌ എന്നാക്കി, ആരാണു ഈ എഫ്‌ഐആർ‌ ഇത്രയും വൈരുധ്യമുള്ളതാക്കിയത്‌. ആർക്ക്‌ വേണ്ടിയാണ് തിരുത്തലുകൾ, മനപ്പൂർവ്വമൊരുക്കുന്ന പഴുതുകൾ. തീർച്ചയായും ഇതിനു ഉത്തരവാദികൾ

പെരിയടുക്കയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ മുഹമ്മദ്‌ റഫീഖിന്റെ കൊലക്കേസിലും പ്രതികളെ വെറുതെ വിടാൻ കാരണങ്ങളിലൊന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഫോട്ടോസ്റ്റാറ്റാണ് കോടതിയിൽ സമർപ്പിച്ചതെന്നാണത്രെ.! ഒറിജിനൽ കോപ്പി എവിടെപ്പോയി? ചോദ്യങ്ങൾ ഉയർത്തേണ്ടവരും മൗനത്തിൽ.

ചുരുക്കത്തിൽ അക്രമിക്കപ്പെട്ടത്‌ ഏത്‌ പാർട്ടിക്കാരനായാലും ഏത്‌ വിശ്വാസിയായിരുന്നാലും പ്രതിഭാഗത്ത്‌ ആർഎസ്‌എസ്‌ സംഘപരിവാർ പ്രവർത്തകർ വന്നാൽ അവരെ സംരക്ഷിക്കാനും നിയമത്തിന്റെ പഴുതുകളിലൂടെ അവരെ രക്ഷിച്ചെടുക്കാനും ഒരു വിഭാഗം ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. അവരെ തിരിച്ചറിഞ്ഞ്‌ അവർക്കാണു ആദ്യം ചികിത്സയൊരുക്കേണ്ടത്‌. ജില്ലാ പോലീസിൽ ഒരു വൻ അഴിച്ചു പണിക്ക്‌ സർക്കാർ തയ്യാറാവണം. വർഷങ്ങളായി ഒരേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം. യഥാർത്ഥ കുറ്റക്കാർ ശിക്ഷിക്കപ്പെടാനും അക്രമങ്ങൾ അമർച്ച ചെയ്യാനും ഇതാണ് ആദ്യത്തെ ചികിത്സ.

Previous ArticleNext Article