പ്രവാസി

ഫാഷിസത്തിന്റെ വെടിയുണ്ടകൾ ഗൗരിലങ്കേഷിൽ അവസാനിക്കുന്നതല്ല: സോഷ്യൽ ഫോറം ടേബിൾ ടോക്ക്

ദമ്മാം: (www.k-onenews.in) രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നു തുടങ്ങിയ സംഘപരിവാർ ഫാഷിസത്തിന്റെ വെടിയുണ്ടകൾ ഗൗരി ലങ്കേഷിൽ അവസാനിക്കുന്നതല്ലെന്നും ഇതിനെ പ്രതിരോധിക്കാൻ മുസ്ലിംകളും ദലിതുകളും മതേതര കക്ഷികളും രംഗത്ത് വരണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. “അവരുടെ വെടിയുണ്ടകൾ ഗാന്ധിയിൽ തുടങ്ങി ഗൗരിയിൽ അവസാനിക്കുന്നില്ല ” എന്ന തലക്കെട്ടിൽ ദമ്മാം റോസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ദമ്മാമിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യയിലെ ഇപ്പോഴത്തെ അതിഭീകരമായ സാഹചര്യത്തിൽ ഉപാധികളില്ലാതെ എല്ലാവിഭാഗം ജനങ്ങളും സംഘപരിവാര ഫാഷിസത്തിനെതിരെ രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫാഷിസത്തിനു വിവിധ മുഖങ്ങളുണ്ട്. മൃതു ഹിന്ദുത്വം , തീവ്ര ഹിന്ദുത്വം മാത്രമല്ല കോമ്പ്രമൈസിന്റെ മുഖവും ഫാഷിസത്തിനുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് ചാനൽ ചർച്ചകളിൽ കടന്നു കയറി അവർ കൃത്യമായ ഇടം ഉറപ്പിക്കുന്നതും കാണാൻ സാധിക്കുന്നു.കേരളത്തിലങ്ങോളം വിഷലിപ്തമായ പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശശികല പരസ്യമായ ഭീഷണിയുടെ മുഖമാണ്. എന്നാൽ ചാനൽ ചർച്ചകളിൽ വന്നിരുന്നുകൊണ്ട് തേൻപുരട്ടുന്ന സംസാരം നടത്തുന്ന രാഹുൽ ഈശ്വർ ഫാഷിസത്തിന്റെ മറ്റൊരുമുഖമാണെന്ന് പരിപാടിയിൽ വിഷയം അവതരിപ്പിച്ച ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗം നാസർ കൊടുവള്ളി അഭിപ്രായപ്പെട്ടു. കർണാടകയിലെ മാധ്യമ പ്രവർത്തകയും, ഫാഷിസത്തിന്റെ നിരന്തര വിമർശകയുമായ ഗൗരി ലങ്കേഷിന്റെ വിയോഗത്തിൽ ഒരു മിനുറ്റ് മൗനം ആചരിച്ചു.

ഗൗരി ലങ്കേഷ് വെടിയേറ്റുവീണ തൊട്ടു നിമിഷം തന്നെ ആർ എസ് എസ്സിന്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന സംഘ്പരിവാരത്തെ വിമർശിച്ചതിരുന്നില്ലായിരുന്നെങ്കിൽ അവർക്ക് ഈ ഗതിവരില്ലായിരുന്നു എന്നായിരുന്നു. ഹിന്ദുത്വ ഫാഷിസം എന്നത് ഹിന്ദു മതധർമ്മവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ഇറ്റലിയിലെ ഫാഷിസവും ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസവും തമ്മിൽ അധികമൊന്നും വ്യത്യാസങ്ങൾ കാണാൻ കഴിയില്ല. ആർ എസ്‌ എസ് ഇറ്റലിയിലെ ഫാഷിസ്റ്റുകളുടെ ട്രൗസർ പോലും അതെ പടി പകർത്തുകയും ഫാഷിസത്തോടും ജർമ്മനിയിലെ നാസിസത്തോടും അത്ര മാത്രം കൂറ് പുലർത്തുകയും അത് ഇന്ത്യയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. സംഘ പരിവാരം മുന്നോട്ടു വെക്കുന്ന ആർഷ ഭാരത സംസ്കാരം തിരിച്ചു വന്നാൽ അത് മനുസ്മ്രിതിയിലേക്കാണ് ചെന്നെത്തുക. അതുകൊണ്ട് തന്നെ ഈ അപകടം തിരിച്ചറിഞ്ഞ് ഫാഷിസത്തിനെ എതിർക്കുന്ന എല്ലാവരെയും കൂടെക്കൂട്ടി സംഘപരിവാർ ഫാഷിസത്തെ പ്രധിരോധിക്കണമെന്ന് ഗൾഫ് തേജസ് ദമ്മാം ബ്യുറോ ചീഫ് അബ്ദുൽ അലി കളത്തിങ്കൽ അഭിപ്രായപ്പെട്ടു. ഹിന്ദു സമൂഹം അകറ്റി നിർത്തിയിരുന്ന സംഘ്പരിവാരത്തെ തോളിൽ കൈയ്യിട്ട് പൊതു സമൂഹത്തിൽ സ്വീകാര്യത നൽകിയതിൽ മുസ്ലിം സംഘടനകൾക്കും പങ്കുണ്ടെന്നു സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം നമീർ ചെറുവാടി പറഞ്ഞു. ഫാഷിസത്തെ പ്രതിരോധിക്കാൻ ഇരകളുടെ കൂട്ടായ്മകൾ ഉണ്ടാവുകയും നീതിയുടെ പക്ഷത്ത് നിൽക്കുകയും ചെയ്യണമെന്ന് ദർശന ടിവി റിപ്പോർട്ടർ അബ്ദുൽ റഹ്‌മാൻ ഹുദവി അഭിപ്രായപ്പെട്ടു. ഇടതു പക്ഷത്തിനു ഫാഷിസത്തിനെതിരെ നടപടികളെടുക്കാൻ പരിമിതികൾ ഉണ്ടെന്നും ആശയപരമായി ഫാഷിസത്തിനെതിരെ യോജിക്കണമെന്നും ഐ എം സി സി സി കിഴക്കൻ പ്രവിശ്യാ സെക്രട്ടേറിയറ്റ് അംഗം സിദ്ധീഖ് ചെറങ്ങായി പറഞ്ഞു.

മ്യാൻമറിൽ പട്ടാളവും ബുദ്ധ ഭീകരന്മാരും ചേർന്ന് റോഹിങ്ക്യൻ മുസ്ലിംങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമവും കൊലപാതകങ്ങളും നിർത്താൻ ഭരണഘൂടം അടിയന്തിരമായി ഇടപെടണമെന്ന പ്രമേയം സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി അംഗം സുബൈർ നാറാത്ത് അവതരിപ്പിച്ചു.
അൻസാർ ആദിക്കാട് (ഒ ഐ സി സി), മുഹ്‌സിൻ (പ്രവാസി), സിറാജുദ്ദീൻ ശാന്തിനഗർ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), ബാസിത്ത് വയനാട് ( സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ) സംസാരിച്ചു. അഹ്‌മദ്‌ യൂസുഫ് സ്വാഗതവും, മൻസൂർ ആലംകോട് നന്ദിയും പറഞ്ഞു . ഷംനാദ് കൊല്ലം, ബാബു ആലുവ, ഷെമീർ തിരൂർ നേതൃത്വം നൽകി.

Previous ArticleNext Article