Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി: പ്രഫ പി കോയ

കോഴിക്കോട്: (www.k-onenews.in) ദേശീയ അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി മാറിയെന്ന് പോപുലര്‍ഫ്രണ്ട് ദേശീയ സമിതിയംഗം പ്രഫ പി കോയ. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നാഷനല്‍ ഇന്റിമിഡേഷന്‍ ഏജന്‍സിയായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് വേണ്ടി ഭയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഹിന്ദുത്വ വിഭാഗങ്ങള്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ രക്ഷിക്കുന്ന സമീപനമാണ് എന്‍ഐഎ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപ്രബോധനം, മൗലികാവകാശം അടിയറവ് വയ്ക്കില്ല സന്ദേശത്തില്‍ പോപുലര്‍ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റലിജന്‍സ് വിഭാഗങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസുമാണ് യഥാര്‍ഥത്തില്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ചാര സംഘങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന കള്ളക്കഥകള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഥകള്‍ മെനഞ്ഞ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചരിത്ര സൃഷ്ടിപ്പിനായുള്ള ദൗത്യം ഏറ്റെടുത്ത സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷ്യം നേടുന്നതിന് വേണ്ടി സംഘടന നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.
ചൈനയോ പാകിസ്താനോ അമേരിക്കയുടെ ഇടപെടലോ ഒന്നുമല്ല, അക്രമത്തിന്റെയും ഹിംസയുടെയും ഭാഷസംസാരിക്കുകയും അതിന് വേണ്ടി ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസമാണ് രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ ധീരയായ എഴുത്തുകായായിരുന്നു ഗൗരി ലങ്കേഷ്. ഇസ്രായേലി ചാര സംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ചവരെന്ന് സംശയം തോന്നുന്ന രീതിയിലുള്ള ആളുകളെ വെടിവച്ചു കൊല്ലുന്ന വിഭാഗം വളര്‍ന്നു വരുന്നുവെന്ന് പോപുലര്‍ ഫ്രണ്ടും എന്‍ഡിഎഫുമെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയ കാര്യങ്ങളാണ് ഇപ്പോള്‍ പുലര്‍ന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ റിപബ്ലിക്ക് ഉണ്ടായത് ഈ നാട്ടുകാരുടെ സൗജന്യം കൊണ്ടാണ്. എല്ലാതരം ജനങ്ങളും ഒന്നിച്ചുനിന്നൊതുകൊണ്ടാണ് രാജ്യം അംബേദ്കറുണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്നത്. ഇപ്പോള്‍ പൗരന്മാരെ പ്രജകളാക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രജകള്‍ക്ക് അവകാശങ്ങളുണ്ടാവില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ തങ്ങള്‍ ജനിച്ച മതത്തില്‍നിന്നും വ്യത്യസ്ഥമായി മറ്റു മതങ്ങളിലേക്കും മതനിരാസത്തിലേക്കും സഞ്ചരിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവുമില്ല. ഹിന്ദുമതത്തിന്റെ തത്വചിന്തയും ദര്‍ശനവും മുന്നില്‍വച്ചുകൊണ്ട് സംവാദം നടത്താണ് സംഘപരിവാരം തയാറാവേണ്ടത്. ബലപ്രയോഗത്തിലൂടെ ഒരു വിശ്വാസത്തെയും തടയാനാവില്ലെന്നതിന് നിരവധി ഉദാഹരണങ്ങള്‍ വര്‍ത്തമാന കാലത്തുണ്ട്. ഡോ.ഹാദിയതന്നെ അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അഷ്‌റഫ് കല്‍പറ്റ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം സി എ റഊഫ്, ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ സംസാരിച്ചു. പി അബ്ദുര്‍റഹ്‌മാൻ ദാരിമി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, സി എ ഹാരിസ്, എ പി അബ്ദുല്‍ നാസര്‍, പി നിസാര്‍ അഹമ്മദ് സംബന്ധിച്ചു.

കൈയൂക്ക് കൊണ്ട് വിശ്വാസ സ്വാതന്ത്ര്യം തടയാനുള്ള സംഘപരിവാര ശ്രമം നടക്കില്ല: അഷ്‌റഫ് കല്‍പ്പറ്റ
കോഴിക്കോട്: (www.k-onenews.in) കൈയൂക്കും അധികാരവും ഉപയോഗിച്ച് വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള സംഘപരിവാര ശ്രമം വിജയിക്കില്ലെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അഷ്‌റഫ് കല്‍പ്പറ്റ. മതപ്രബോധനം, മൗലികാവകാശം അടിയറവ് വയ്ക്കില്ലെന്ന സന്ദേശത്തില്‍ പോപുലര്‍ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ആ അവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിയമം പോലെയുള്ളവ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത് ഈ ഭരണഘടനാ അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. പ്രബോധന വഴിയില്‍ നിന്ന് യാതൊരു കാരണവശാലും പോപുലര്‍ ഫ്രണ്ട് മാറി നില്‍ക്കില്ല. ആ അവകാശം നിലനിര്‍ത്താനുള്ള സമരപോരാട്ടം പൂര്‍ത്തിയാക്കാതെ സംഘടന പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മതപ്രബോധനത്തിനായി രംഗത്തുവന്ന പല സംഘടനകളും പാര്‍ട്ടികളും ഇപ്പോള്‍ ഭയപ്പെട്ടാണ് കഴിയുന്നത്. സമൂഹം പതറി നില്‍ക്കുന്നിടത്ത് വഴി കാണിക്കുകയാണ് പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. മതം മാറ്റത്തിനെതിരായ സംഘപരിവാര വിലക്കുകള്‍ പരസ്യമായി ലംഘിക്കുകയാണ് പോപുലര്‍ ഫ്രണ്ട്. പ്രബുദ്ധ കേരളത്തില്‍ പോലും ഇസ്ലാം സ്വീകരിച്ചവരെ വെട്ടിക്കൊലപ്പെടുത്തിയും തുറുങ്കിലടച്ചും സംഘപരിവാരം പീഡിപ്പിക്കുകയാണ്. ഏകദൈവ വിശ്വാസമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത്. ഭഗവത്ഗീത ഉള്‍പ്പെടെ വിവിധ വേദങ്ങള്‍ ഏകദൈവ സന്ദേശം ഉദ്‌ഘോഷിക്കുന്നുണ്ട്. അതിലേക്ക് ഘര്‍വാപസി നടത്തുകയാണ് സംഘപരിവാരം ചെയ്യേണ്ടത്. ദൈവവും മനുഷ്യരും മനുഷ്യരും മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിശ്വാസ സംഹിതയാണ് ഇസ്്‌ലാം. ഇസ്‌ലാമിന്റെ സുന്ദരവും മാധുര്യവും നിറഞ്ഞ ആശയം തിരിച്ചറിഞ്ഞാണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം മുസ്‌ലിംകളായത്. ദൈവവിശ്വാസത്തിലൂടെ മാത്രമെ മനുഷ്യ മനസ്സിന്റെ ഭയപ്പാടിനെ ഇല്ലാതാക്കാന്‍ കഴിയൂ. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നത് മതവിരുദ്ധമാണ്. ഇസ്‌ലാമിനെതിരേ വിമര്‍ശനങ്ങളുണ്ടായപ്പോഴെല്ലാം ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. സ്വയം പഠിക്കാനും ചിന്തിക്കാനും കഴിവുള്ള യുവാക്കളാണ് ഇഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ആ മതത്തിലില്ല. ലോകത്തെ ഒരു മതവും പ്രത്യയശാസ്ത്രവും ഇത്രയും സമത്വവും സാഹോദര്യം പറയുന്നില്ല. ഇന്ത്യയില്‍ കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ ഖലീഫ ഉമറിന്റെ ഭരണമാണ് നല്ലതെന്ന് ഗാന്ധിജി എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article