Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ജനകീയമായി പ്രതിരോധിക്കാനൊരുങ്ങി പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:  (www.k-onenews.in) കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലടക്കം സജീവമായിരിക്കെ ജനകീയ പ്രതിരോധത്തിനൊരുങ്ങി പോപുലര്‍ ഫ്രണ്ട്. എന്‍ഐഎ റിപോര്‍ട്ടുകളെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികളും ദേശീയ പ്രാദേശിക മാധ്യമങ്ങളുമടക്കം പോപുലര്‍ ഫ്രണ്ട് നിരോധനമടക്കമുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുന്നതായി പറയുന്നത്.
അതേസമയം, യാതൊരു പിന്‍ബലവുമില്ലാതെ അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉയര്‍ത്തി ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നത്. ഇതിനെതിരേയാണ് സംഘടന രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 7ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മഹാ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളിലും പരിപാടികള്‍ നടത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് സംഘടനയുടെ നീക്കം. കേന്ദ്ര സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും നുണപ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ജനകീയ പ്രക്ഷോഭങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ കെ വൺ ന്യുസിനോട് പറഞ്ഞു.
യുഎപിഎ ചുമത്തപ്പെട്ട നാലു കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികളടക്കം റിപോര്‍ട്ട് ചെയ്യുന്നത്. അതിലൊന്ന് നാറാത്ത് ആയുധ പരിശീലനം നടത്തി എന്ന കേസാണ്. ഈ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ കേസില്‍ രാജ്യദ്രോഹകുറ്റവും മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന കുറ്റവും യുഎപിഎയും നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വിധി പറഞ്ഞിരുന്നു. സംഘടന എല്ലാവര്‍ഷവും നടത്താറുള്ള ആരോഗ്യ കാംപയിന്റെ ഭാഗമായി നടത്തിയ യോഗ പരിശീലന ക്യാംപ് അന്വേഷണ ഏജന്‍സികള്‍ പ്രത്യേക ലക്ഷ്യത്തോടെ ആയുധ പരിശീലന ക്യാംപായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നു. 2013ല്‍ നടന്ന സംഭവം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കേന്ദ്ര ഭരണകൂടത്തിന്റെ കൃത്യമായഅജണ്ടയുണ്ടെന്നുമാണ് നേതാക്കളുടെ പക്ഷം.
ഏഴുവര്‍ഷം മുമ്പ് മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദ നടത്തിയ അധ്യാപകന്റെ കൈവെട്ട് സംഭവവും കര്‍ണാടകയില്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷ് കൊല്ലപ്പെട്ടതും പോപുലര്‍ ഫ്രണ്ടിനെതിരായ ആരോപണങ്ങളില്‍ പെടുന്നു. ഇതുരണ്ടും പ്രാദേശിക വിഷയമാണെന്നും ഇത്തരം വിഷയങ്ങൡ നടപടി സ്വീകരിക്കുകയാണെങ്കില്‍ ആര്‍എസ്എസിനെതിരെയും സിപിഎമ്മിനെതിരേയുമാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നുമാണ് പോപുലര്‍ ഫ്രണ്ട് നിലപാട്. ഒരു ദശകത്തിനിടെ കേരളത്തില്‍ മാത്രം 7000ലധികം രാഷ്ട്രീയ അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതില്‍ ബഹുഭൂരിഭാഗവും പ്രതികള്‍ ആര്‍എസ്എസ്-സിപിഎം പ്രവര്‍ത്തകരാണ്. മൂന്നു ദശകത്തിനിടെ 300ലധികം കൊലപാതകങ്ങളില്‍ സിപിഎം-ബിജെപി കക്ഷികളാണ്. (www.k-onenews.in) ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കൈവെട്ട് കേസിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നതിന് പിന്നില്‍ ദുഷ്ടലാക്കാണെന്നാണ് ആരോപണം. ഐഎസ് ഉള്‍പ്പടെയുള്ള ദുരൂഹ സംഘങ്ങളുമായി പോപുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന ആരോപണമാണ് മറ്റൊന്ന്. ഇതിന് എന്‍ഐഎക്ക് തെളിവുകള്‍ ലഭിച്ചുവെന്ന രീതിയിലാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ നിന്ന് പിടികൂടിയവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും ഒരാള്‍ പോപുലര്‍ ഫ്രണ്ട് കാരനുമാണെന്നാണ് എന്‍ഐഎ പറയുന്നത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നയാളെ സംഘടന അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കുകയും ചെയ്തിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.
ഹിന്ദുത്വര്‍ക്കെതിരായ പോപുലര്‍ ഫ്രണ്ടിന്റെ കനത്ത ജാഗ്രതയും ചെറുത്തുനില്‍പും കേന്ദ്ര ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നുവെന്നതാണ് സംഘടനയ്‌ക്കെതിരായ നീക്കത്തിന്റെ ഭാഗമെന്ന് എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാനും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹിന്ദുത്വ ഭീഷണി നേരിടുന്നതിനും വിവിധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു

Previous ArticleNext Article