Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ഫേസ്‌ബുക്കിലൂടെ മുസ്ലിംകൾക്ക്‌ നേരെ കൊലവിളി; സംഘപരിവാർ പ്രവർത്തകൻ ശരത്തിനെ അറസ്റ്റ്‌ ചെയ്തു

നീലേശ്വരം:(www.k-onenews.in)

സോഷ്യൽ മീഡിയയിലൂടെ കലാപാഹ്വാനം നടത്തി മുസ്ലിംകൾക്കെതിരെ കൊലവിളി നടത്തിയ സംഘപരിവാർ പ്രവർത്തകനെ അറസ്റ്റ്‌ ചെയ്തു.
നീലേശ്വരം മന്ദംപുറത്ത്‌ പോലീസ്‌ ക്വാർട്ടേഴ്‌സിനു സമീപം താമസിക്കുന്ന വിസി കുമാരന്റെ മകൻ ശരത്‌ കുമാർ(26)നെയാണു നീലേശ്വരം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

നിരവധി കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ജ്യോതിഷ്‌ എന്ന ആർഎസ്‌എസ്‌ പ്രവർത്തകനെ കോട്ടക്കണിയിൽ വെച്ച്‌ കാറിടിച്ച്‌ അപായപ്പെടുത്താൻ നീക്കമുണ്ടായി എന്നാരോപിച്ച്‌ സോഷ്യൽ മീഡിയയിലും മറ്റും ഒരു സമുദായത്തിനെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിലാണ് പ്രതികാരമായി “അഞ്ച്‌ മുസ്ലിംകളെയെങ്കിലും കൊലപ്പെടുത്തണമെന്ന്” ശരത്‌ ആഹ്വാനം ചെയ്തത്‌. ഈ വാർത്ത ആദ്യം പുറത്ത്‌ കൊണ്ടു വന്നത്‌ കെ-വൺ ന്യൂസായിരുന്നു. (www.k-onenews.in) വാർത്ത വന്നതോടെ നിയമനടപടി ഭയന്ന് ശരത്‌ കമന്റ്‌ ഡിലീറ്റ്‌ ചെയ്തെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ട്‌ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഭവം വിവാദമായിട്ടും ഇയാൾക്കെതിരെ പോലീസ്‌ അധികൃതർ നിയമനടപടിയൊന്നുമെടുക്കാതെ ഒളിച്ചു കളിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു.

ഇതേ തുടർന്ന് സാമൂഹ്യ പ്രവർത്തകനും
സോഷ്യൽ ഡമോക്രാറ്റിക്‌ ട്രേഡ്‌ യൂണിയൻ (എസ് ഡി ടി യു) ജില്ലാ പ്രസിഡന്റുമായ അഷ്‌റഫ് കോളിയടുക്കം ആഗസ്ത്‌ പതിനാലാം തീയതി വൈകിട്ടോടെ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിനും, സൈബര്‍ സെല്ലിനും പരാതി നല്‍കുകയായിരുന്നു. നീലേശ്വരം സിഐക്ക്‌ അന്വേഷണ ചുമതല ഏൽപിക്കുകയും ഒന്നര മാസത്തിനു ശേഷം അറസ്റ്റ്‌ രേഖപ്പെടുത്തുകയുമായിരുന്നു.

സാമുദായിക സൗഹാർദ്ദത്തെ തകർക്കുന്ന ഇത്തരം വിദ്വേഷ പ്രചാരണത്തിനു അറുതി വരുത്തണമെന്ന ലക്ഷ്യത്തോടെയാണു താൻ പോലീസ്‌ ചീഫിനു ‌പരാതി നൽകിയതെന്നും, ജില്ലയെ കലാപഭൂമിയാക്കാനുള്ള നിഗൂഢ ശക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടതുണ്ടെന്നും അഷ്‌റഫ്‌ കോളിയടുക്കം കെ-വൺ ന്യൂസിനോട്‌ പറഞ്ഞു.

ആറു മാസം മുതൽ രണ്ട്‌ വർഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ശരത്‌ ചെയ്തിരിക്കുന്നതെന്ന് നീലേശ്വരം പോലീസും വ്യക്തമാക്കി.
സംഘപരിവാർ പ്രവർത്തകനായ ഇയാൾ നീലേശ്വരം നഗരത്തിലുണ്ടായ സിപിഎം-ആർഎസ്‌എസ്‌ സംഘർഷത്തിലും മറ്റു അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.

Previous ArticleNext Article