Hot, ദേശീയം, പുതിയ വാർത്തകൾ

സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഭീകരം; നിയന്ത്രണം വേണമെന്ന് ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍

ന്യുഡൽഹി: (www.k-onenews.in) സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഭീകരമാണെന്നും അതിന് നിയന്ത്രണം വേണമെന്നും പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. കോടതി നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെറ്റായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് ഗൗരവമായി എടുക്കണമെന്നും സാല്‍വെ സുപ്രീംകോടതിയില്‍ അറിയിച്ചു.

ട്വിറ്റര്‍ അങ്ങേയറ്റം അസഭ്യമായി കൊണ്ടിരിക്കയാണ്. അധിക്ഷേപങ്ങള്‍ മാത്രമായപ്പോള്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് പൂര്‍ണമായും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. മര്യാദ കൈവിടുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനും കോടതിയില്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നടന്ന കൂട്ടമാനഭംഗകേസിന്റെ വിചാരണക്കിടെയാണ് അതിരുകടക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ അനുകൂല നിലപാടുണ്ടായിരുന്നെങ്കില്‍ ദിവസേന കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.

Previous ArticleNext Article